'ഇത് എന്റെ ടീമാണ്'; സഞ്ജുവിനെ കളിപ്പിക്കാത്തതില്‍ വിശദീകരണവുമായി ഹാര്‍ദ്ദിക്

ന്യൂസീലന്‍ഡിനെതിരായി അവസാനിച്ച ടി20 പരമ്പരയില്‍ സഞ്ജു സാംസണ് അവസരം നല്‍കാത്തതില്‍ വിശദീകരണവുമായി ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ. സഞ്ജുവിനെ കളിപ്പിക്കണമെന്ന് ഉണ്ടായിരുന്നെന്നും എന്നാല്‍ പല കാരണങ്ങള്‍ കൊണ്ട് അതിനു സാധിച്ചില്ലെന്നും ഹാര്‍ദിക് പറഞ്ഞു.

ഇത് എന്റെ ടീമാണ്. കോച്ച് ലക്ഷ്മണും ഞാനും കൂടി ആലോചിച്ചാണ് ടീമിനെ തിരഞ്ഞെടുക്കുന്നത്. ടീമിന് ആവശ്യമെന്നും തോന്നുന്ന സമയത്ത് ആളുകളെ മാറ്റി പരീക്ഷിച്ചിട്ടുണ്ട്. ആറാമത് ഒരു ബോളറെ ആവശ്യമാണെന്നു തോന്നിയപ്പോള്‍ ദീപക് ഹൂഡയ്ക്ക് അവസരം നല്‍കിയത്.

സഞ്ജുവിന്റെ കാര്യമെടുക്കുകയാണെങ്കില്‍ അത് ദൗര്‍ഭാഗ്യകരമെന്നു തന്നെ പറയാം. അദ്ദേഹത്തെ കളിപ്പിക്കണമെന്ന് ഉണ്ടായിരുന്നു. എന്നാല്‍ പല കാര്യങ്ങള്‍ കൊണ്ട് അതിനു സാധിച്ചില്ല. എന്നാല്‍ അവരുടെ വിഷമം എനിക്ക് മനസിലാകും. ഇന്ത്യന്‍ ടീമില്‍ നിങ്ങള്‍ക്ക് അവസരം ലഭിച്ചിട്ടും പ്ലേയിംഗ് ഇലവനില്‍ ഉള്‍പ്പെട്ടില്ല ഇത് വളരെ ബുദ്ധിമുട്ടുള്ള അവസ്ഥ തന്നെയാണ്.

എല്ലാ താരങ്ങളുമായി എനിക്ക് ഒരേ സമവാക്യമാണ്, അതുകൊണ്ടുതന്നെ ഒരു കളിക്കാരനെ തിരഞ്ഞെടുക്കാന്‍ കഴിഞ്ഞില്ലെങ്കിലും അത് വ്യക്തിപരമല്ലെന്ന് അവര്‍ക്ക് അറിയാം. അത് സാഹചര്യമനുസരിച്ച് ചെയ്യാനുള്ളതാണ്. ഞാന്‍ അവരുടെ ആളാണ്. ആര്‍ക്കെങ്കിലും എന്തെങ്കിലും എന്നോട് പറയാനുണ്ടെങ്കില്‍ എപ്പോള്‍ വേണമെങ്കിലും എന്റെ അടുത്ത് വരാം, എന്തും പങ്കുവയ്ക്കാം.

ഇത് ചെറിയ പരമ്പരയായതുകൊണ്ട് അധികം കളിക്കാര്‍ക്ക് അവസരം ലഭിച്ചില്ല. അവസരം ലഭിച്ചവര്‍ നല്ല രീതിയില്‍ കളിക്കുമ്പോള്‍ അവര്‍ക്ക് തുടര്‍ന്നും സാധ്യതയുണ്ടാകുന്നു. വലിയ പരമ്പരയായിരുന്നെങ്കില്‍ കൂടുതല്‍ പേര്‍ക്ക് അവസരം ലഭിക്കുമായിരുന്നു. എല്ലാവര്‍ക്കും വേണ്ട അവസരം ലഭിക്കും- ഹാര്‍ദ്ദിക് പറഞ്ഞു.

Read more

പരമ്പര ഇന്ത്യ 1-0ന് സ്വന്തമാക്കിയിരുന്നു. ഒന്നും മൂന്നും മത്സരങ്ങള്‍ മഴമൂലം ഉപേക്ഷിച്ചപ്പോള്‍ രണ്ടാമത്തെ മത്സരം ഇന്ത്യ 65 റണ്‍സിന് വിജയിച്ചിരുന്നു.