പരിക്കേറ്റ വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്ത് നാലാം ടെസ്റ്റിന്റെ അഞ്ചാം ദിവസം ബാറ്റ് ചെയ്യുമെന്ന് ഇന്ത്യൻ ബാറ്റിംഗ് പരിശീലകൻ സിതാൻഷു കൊട്ടക് സ്ഥിരീകരിച്ചു. രണ്ടാം ദിവസം, വലതുകാലിന് ഒടിവുണ്ടായിട്ടും പന്ത് ബാറ്റ് ചെയ്യാൻ ഇറങ്ങി അർദ്ധസെഞ്ച്വറി നേടി. ആദ്യ ദിവസം പരിക്കേറ്റതിനാൽ, പന്ത് കീപ്പർ സ്ഥാനത്ത് തുടരില്ലെന്നും എന്നാൽ ടീം ആവശ്യപ്പെട്ടാൽ ബാറ്റ് ചെയ്യുമെന്നും വ്യക്തമാക്കിയിരുന്നു. “ഋഷഭ് നാളെ ബാറ്റ് ചെയ്യും,” നാലാം ദിവസത്തെ മത്സരത്തിന് ശേഷം കൊട്ടക് പറഞ്ഞു.
ശനിയാഴ്ച കെ.എൽ. രാഹുലും ശുഭ്മാൻ ഗില്ലും ചേർന്ന് 174 റൺസിന്റെ മികച്ച കൂട്ടുകെട്ട് സൃഷ്ടിച്ചിട്ടും ഇന്ത്യ ഇംഗ്ലണ്ടിനേക്കാൾ 137 റൺസ് പിന്നിലാണ്. നാലാം ദിവസം അവസാനിക്കുമ്പോൾ ഇന്ത്യ രണ്ട് വിക്കറ്റിന് 174 റൺസ് എന്ന നിലയിലാണ്. കെഎല്‍ രാഹുല്‍, ശുഭ്മാന്‍ ഗില്‍ എന്നിവരുടെ ബാറ്റിംഗ് പ്രകടനത്തെ കോട്ടക് പ്രശംസിച്ചു.
“അഞ്ചു ദിവസത്തെ വിക്കറ്റില്‍ തേയ്മാനം സംഭവിക്കാറുണ്ട്. പക്ഷെ ഇവിടെ ബോള്‍ മാറുന്നതൊഴിച്ചാല്‍ വിക്കറ്റില്‍ മാറ്റമൊന്നുമുണ്ടായിട്ടില്ല. കെഎല്‍ രാഹുലും ശുഭ്മന്‍ ഗില്ലും വളരെയധികം വിശ്വാസത്തോടെയും ദൃഢനിശ്ചയത്തോടെയുമാണ് ബാറ്റ് ചെയ്തത്. തുടക്കത്തിൽ രണ്ട് വിക്കറ്റുകൾ നഷ്ടപ്പെടുമ്പോൾ അത് ബുദ്ധിമുട്ടാണ്.
“പക്ഷെ ലഞ്ച് ടൈമിലും രാഹുലും ഗില്ലും വിശ്വാസം കൈവിട്ടില്ല. ആദ്യത്തെ 10-15 ഓവറുകള്‍ കടന്നുകിട്ടിയാല്‍ ഇന്നിങ്‌സ് മുന്നോട്ടു കൊണ്ടുപോവാമെന്നു അവര്‍ക്കു അറിയാമായിരുന്നു. വളരെ ഗംഭീരമായിട്ടു തന്നെയാണ് ഇരുവരും ബാറ്റ് ചെയ്തതെന്നും കോട്ടക് പറഞ്ഞു.”
Read more
ഗില്ലിന്റെ മനോഭാവത്തിലെ മാറ്റത്തിന്റെ നേട്ടങ്ങൾ കൊയ്യുന്നുണ്ടെന്ന് കൊട്ടക് പറഞ്ഞു. “ഓസ്ട്രേലിയൻ പരമ്പര മുതൽ ഈ പരമ്പര വരെ, അദ്ദേഹത്തിന്റെ ചിന്താ പ്രക്രിയയും അദ്ദേഹം ബാറ്റ് ചെയ്ത രീതിയും ഞാൻ കണ്ടിട്ടുണ്ട്. ഓസ്ട്രേലിയയിൽ അദ്ദേഹം ചെയ്തതിൽ നിന്ന് ഇത് വളരെ വ്യത്യസ്തമാണ്. ചില ഷോട്ടുകൾ അദ്ദേഹം വിജയകരമായി കളിച്ചു, ചില ഷോട്ടുകൾ ഒഴിവാക്കി” എന്ന് കൊട്ടക് പറഞ്ഞു.
        







