ബെര്‍മിങ്ങാം ടെസ്റ്റില്‍ മൂന്നാം ദിനം ഇന്ത്യയ്ക്കെതിരെ ബാറ്റിംഗ് പുനഃരാരംഭിച്ച ഇംഗ്ലണ്ടിന് വമ്പൻ തകർച്ച. മൂന്നാം ദിനം മൂന്നിന് 77 എന്ന നിലയിൽ ബാറ്റിംഗ് പുനഃരാരംഭിച്ച ആതിഥേയർക്ക് സ്കോർ ബോർഡിൽ 7 റൺസ് മാത്രം കൂട്ടിച്ചേർക്കുന്നതിനിടെ രണ്ട് വിക്കറ്റ് കൂടി നഷ്ടമായി. സൂപ്പർ ബാറ്റർമാരായ ജോ റൂട്ട് (22), നായകൻ ബെൻ സ്റ്റോക്സ് (0) എന്നീ വിലപ്പെട്ട വിക്കറ്റുകളാണ് അവർക്ക് നഷ്ടമായത്.
രണ്ടു പേരെയും വിക്കറ്റ് കീപ്പർ ഋഷഭ് പന്തിന്റെ കൈകളിലെത്തിച്ചത് മുഹമ്മദ് സിറാജാണ്. അടുത്തടുത്ത ബോളുകളിലായിരുന്നു സിറാജിന്റെ ഈ ഇരട്ട പ്രഹരം. ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഇംഗ്ലണ്ട് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 111 റൺസെന്ന നിലയിലാണ്. ഹാരി ബ്രൂക്കും (42), ജാമി സ്മിത്തുമാണ് (16) ക്രീസിൽ.
അതേസമയം ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിന്റെ കന്നി ഇരട്ട സെഞ്ച്വറിക്കരുത്തില്‍ ബെര്‍മിങ്ങാം ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യ ഒന്നാം ഇന്നിങ്സില്‍ 587 റണ്‍സ് നേടി. 269 റണ്‍സാണ് ഗില്‍ അടിച്ചെടുത്തത്. ക്യാപ്റ്റനുപുറമെ മറ്റുബാറ്റര്‍മാരും മിന്നി. ആദ്യദിനം 87 റണ്‍സെടുത്ത് പുറത്തായ യശസ്വി ജയ്സ്വാള്‍ മികച്ച തുടക്കം നല്‍കി.
Read more
ആറാം വിക്കറ്റില്‍ ഗില്ലിനൊപ്പം ചേര്‍ന്ന് 89 റണ്‍സുമായി ജഡേജയും നിറഞ്ഞാടി. ഇരുവരും ചേര്‍ന്ന് അടിച്ചുകൂട്ടിയത് 203 റണ്‍സ്. എട്ടാമനായി ക്രീസിലെത്തിയ വാഷിങ്ടണ്‍ സുന്ദര്‍ 42 റണ്‍സെടുത്തു. ഇംഗ്ലണ്ടിനായി ഷുഹൈബ് ബഷീര്‍ മൂന്നും ക്രിസ് വോക്സ് രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി.