IND vs ENG: ഋഷഭ് പന്തിന്റെ പരിക്കിനെക്കുറിച്ച് ദുഃഖകരമായ അപ്‌ഡേറ്റ് നൽകി സായ് സുദർശൻ

ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്തിന്റെ പരിക്കിനെക്കുറിച്ച് ദുഃഖകരമായ അപ്‌ഡേറ്റ് നൽകി സഹതാരം സായ് സുദർശൻ. പന്തിനെ സ്കാനിംഗിന് വിധേയമാക്കുമെന്ന് സുദർശൻ വെളിപ്പെടുത്തി. ഇന്ത്യൻ വൈസ് ക്യാപ്റ്റൻ ഉടൻ സുഖം പ്രാപിക്കുമെന്ന് യുവതാരം പ്രതീക്ഷ പ്രകടിപ്പിച്ചെങ്കിലും, ടെസ്റ്റ് മത്സരത്തിന്റെ ശേഷിക്കുന്ന സമയത്ത് പന്ത് കളത്തിലിറങ്ങുന്നില്ലെങ്കിൽ മറ്റ് ബാറ്റർമാർ അധിക ഉത്തരവാദിത്തം ഏറ്റെടുക്കാൻ തയ്യാറാണെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു.

“തീർച്ചയായും അദ്ദേഹത്തിന് വളരെയധികം വേദന അനുഭവപ്പെട്ടു. അവർ സ്കാനിംഗിന് പോയിട്ടുണ്ട്. രാത്രിയിൽ നമുക്ക് അത് അറിയാൻ കഴിയും. നാളെ വിവരങ്ങൾ ലഭിക്കാൻ സാധ്യതയുണ്ട്. തീർച്ചയായും അദ്ദേഹം ഒരു വലിയ മിസ്സ് ആയിരിക്കും. കാരണം അദ്ദേഹം ഇന്നും നന്നായി ബാറ്റ് ചെയ്തു.

അദ്ദേഹം വീണ്ടും തിരിച്ചുവന്നില്ലെങ്കിൽ തീർച്ചയായും അതിന്റെ അനന്തരഫലങ്ങൾ ഉണ്ടാകും. എന്നാൽ അതേ സമയം, ഇപ്പോൾ ബാറ്റ് ചെയ്യുന്ന ബാറ്റർമാരും അകത്ത് കുറച്ച് ഓൾറൗണ്ടർമാരുമുണ്ട്. ആ വിടവ് നന്നായി പരിഹരിക്കാൻ ഞങ്ങൾ പരമാവധി ശ്രമിക്കും, ദീർഘനേരം ബാറ്റ് ചെയ്യും,” കളിയുടെ അവസാനം നടന്ന പത്രസമ്മേളനത്തിൽ സുദർശൻ പറഞ്ഞു.

ഇംഗ്ലണ്ട് ബോളർ ക്രിസ് വോക്‌സിന്റെ ബോള‍്‍ കാലില്‍ കൊണ്ടാണ് പന്തിന് പരിക്കേറ്റത്. ഇംഗ്ലണ്ട് എൽ.ബി.ഡബ്ല്യുവിന് റിവ്യു നൽകിയെങ്കിലും നോട്ടൗട്ടായിരുന്നു. എന്നാൽ വേദന കൊണ്ട് പുളഞ്ഞ പന്ത് ഗ്രൗണ്ടിൽ വീഴുകയും, റിട്ടയർഡ് ഹർട്ടായി ക്രീസ് വിടുകയും ചെയ്തു.

48 പന്തിൽ 37 റൺസുമായി മികച്ച രീതിയിൽ നീങ്ങുമ്പോഴായിരുന്നു പന്തിന് പരിക്കറ്റത്. നേരെ നിൽക്കാൻ പോലും പറ്റാതിരുന്ന പന്തിനെ ഗോൾഫ് കാർട്ട് വണ്ടിയിൽ കയറ്റി കൊണ്ടുപോകുകയായിരുന്നു. താരത്തിന്റെ കാലിൽ നിന്ന് ചോര പൊടിയുന്നുണ്ടായിരുന്നു, കൂടാതെ നീരും വെച്ചിരുന്നു. അതിനാൽ തന്നെ ശേഷിക്കുന്ന ഇന്നിങ്സിൽ താരം കളിക്കുമോ ഇല്ലയോ എന്ന കാര്യത്തിൽ നിശ്ചയമില്ല. പന്തിനു പകരം ദ്രുവ് ജുറൽ പകരക്കാരായി ഇറങ്ങിയേക്കും.