'പ്രശ്‌നം മൊട്ടേരയിലെ പിച്ചിനല്ല'; പിഴവ് ചൂണ്ടിക്കാട്ടി കോഹ്‌ലി

മെട്ടേര പിച്ചിനെതിരെ ക്രിക്കറ്റ് ലോകത്ത് നിന്ന് വലിയ വിമര്‍ശനമുയരുമ്പോള്‍ വ്യത്യസ്ത അഭിപ്രായവുമായി വിരാട് കോഹ്‌ലി. പ്രശ്‌നം മൊട്ടേരയിലെ പിച്ചിനല്ലെന്നും ഇരുടീമിന്റെയും ബാറ്റിംഗ് നിലവാരത്തിലേക്ക് ഉയരാത്തതാണ് കളി ഇത്തരത്തില്‍ സമാപിക്കാന്‍ കാരണമായതെന്നും കോഹ്‌ലി പറഞ്ഞു.

“ഇരു ടീമിന്റെയും ബാറ്റിംഗ് നിലവാരത്തിനൊത്ത് ഉയര്‍ന്നില്ല. ആദ്യ ദിനത്തേക്കാള്‍ രണ്ടാം ദിനം പന്ത് ടേണ്‍ ചെയ്തു. ഇരു ടീമിന്റെയും ബാറ്റിംഗ് ശരാശരിക്കും താഴെയാണ്. 30 വിക്കറ്റുകളില്‍ 21 എണ്ണവും നേരെ എത്തിയ പന്തുകളില്‍ നിന്നാണെന്നത് വിചിത്രമായ കാര്യമാണ്. ഇത് അശ്രദ്ധകൊണ്ട് സംഭവിച്ചതാണ്. ബാറ്റ്സ്മാന്‍ സ്വയം നിലവാരത്തിലേക്ക് ഉയരേണ്ടത്തതിന്റെ ഉത്തമ ഉദാഹരണമാണിത്” കോഹ്‌ലി പറഞ്ഞു.

WATCH VIDEO:36 All Out Won

ഇംഗ്ലണ്ട് മുന്‍ നായകന്‍ കെവിന്‍ പീറ്റേഴ്‌സണും ഇതു തന്നെയാണ് ചൂണ്ടിക്കാണിച്ചത്. “രണ്ട് ടീമിന്റേയും ബാറ്റിംഗ് മോശമായിരുന്നു. അവരവരോട് തന്നെ സത്യസന്ധത പുലര്‍ത്തുന്നവരാണെങ്കില്‍, തങ്ങള്‍ മോശമായാണ് ബാറ്റ് ചെയ്തത് എന്ന് അവര്‍ തന്നെ സമ്മതിക്കും. 30 വിക്കറ്റില്‍ 21 വിക്കറ്റും സ്‌ട്രെയ്റ്റ് ഡെലിവറിയിലാണ്. വിക്കറ്റില്‍ അപകടകരമായ വിധത്തില്‍ ഒന്നുമുണ്ടായില്ല. ഭേദപ്പെട്ട ബാറ്റിംഗാണ് അവിടെ വേണ്ടിയിരുന്നത്. ഭേദപ്പെട്ട ബാറ്റിംഗിലൂടെ കളി മൂന്നാം ദിനത്തിലേക്കും നാലാം ദിനത്തിലേക്കും നീണ്ടേനെ” പീറ്റേഴ്‌സണ്‍ പറഞ്ഞു.

3rd Test: Virat Kohli calls shortest Test ever played on Indian soil `bizarre experience`

ഇംഗ്ലണ്ട് ഉയര്‍ത്തിയ 49 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ, 7.4 ഓവറില്‍ വിക്കറ്റ് നഷ്ടം കൂടാതെ ലക്ഷ്യത്തിലെത്തി. ഇന്ത്യയ്ക്ക് 33 റണ്‍സ് മാത്രം ഒന്നാം ഇന്നിംഗ്‌സ് ലീഡ് സമ്മാനിച്ച് രണ്ടാം ഇന്നിംഗ്‌സ് ആരംഭിച്ച ഇംഗ്ലണ്ട്, 30.4 ഓവറില്‍ 81 റണ്‍സിന് എല്ലാവരും പുറത്തായതോടെയാണ് ഇന്ത്യയ്ക്ക് മുന്നില്‍ 49 റണ്‍സ് വിജയലക്ഷ്യമുയര്‍ന്നത്.