IND vs ENG: മൂന്നാം സ്പിന്നറായി അക്‌സര്‍ വേണ്ട, പകരക്കാരനെ ചൂണ്ടിക്കാട്ടി ഹര്‍ഭജന്‍ സിംഗ്

ഇംഗ്ലണ്ടിനെതിരായി വരാനിരിക്കുന്ന അഞ്ച് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യ മൂന്നാം സ്പിന്നറായി ആരെ കളിപ്പിക്കണമെന്ന് അഭിപ്രായപ്പെട്ട് മുന്‍ താരം ഹര്‍ഭജന്‍ സിംഗ്. അശ്വിനും ജഡേജക്കുമൊപ്പം അക്ഷര്‍ പട്ടേല്‍ വേണ്ടന്നും പകരം കുല്‍ദീപ് യാദവിനെ കളിപ്പിക്കണമെന്നും ഹര്‍ഭജന്‍ അഭിപ്രായപ്പെട്ടു.

ഇന്ത്യയുടെ പ്ലേയിംഗ് ഇലവനില്‍ അശ്വിനും ജഡേജക്കും സ്ഥാനം ഉറപ്പാണ്. മൂന്നാം സ്പിന്നര്‍ ആരെന്നതാണ് ചോദ്യം. സ്പെഷ്യലിസ്റ്റ് സ്പിന്നറായി കുല്‍ദീപ് യാദവിനെ കളിപ്പിക്കണം. കാരണം കുല്‍ദീപിന്റെ കൈക്കുഴ സ്പിന്‍ ഇന്ത്യയുടെ ബോളിംഗ് നിരയില്‍ വ്യത്യസ്തത കൊണ്ടുവരും.

അക്ഷറിനെ ഇന്ത്യ ടീമിലേക്ക് പരിഗണിച്ചത് അവന്റെ ബാറ്റിംഗ് മികവ് വിലയിരുത്തിയാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. എട്ടാം നമ്പറിലോ ഒമ്പതാം നമ്പറിലോ ബാറ്റ് ചെയ്ത് റണ്‍സ് നേടാന്‍ അക്ഷറിനാവും.

കുല്‍ദീപിനെക്കാള്‍ മികച്ച ബാറ്ററാണ് അക്ഷര്‍. എന്നാല്‍ 9ാം നമ്പര്‍വരെ ബാറ്റര്‍ വേണമെന്നതിന്റെ യുക്തി എനിക്ക് മനസിലാകുന്നില്ല. ഇന്ത്യ ബോളിംഗില്‍ വ്യത്യസ്തത കൊണ്ടുവരാന്‍ ശ്രമിക്കണം. അതുകൊണ്ടുതന്നെ കുല്‍ദീപ് കളിക്കണമെന്നാണ് എന്റെ അഭിപ്രായം- ഹര്‍ഭജന്‍ പറഞ്ഞു.