IND vs ENG: രണ്ടാം ടെസ്റ്റില്‍ ഇന്ത്യയുടെ എക്‌സ് ഫാക്ടറാകാന്‍ അവന് കഴിയും; വിലയിരുത്തലുമായി ഡിവില്ലിയേഴ്‌സ്

ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരം വെള്ളിയാഴ്ച വിശാഖപട്ടണത്ത് ആരംഭിക്കും. ആദ്യ മത്സരം തോറ്റ ഇന്ത്യ രണ്ടാം മത്സരത്തില്‍ വിജയിച്ച് പരമ്പരയില്‍ ഒപ്പമെത്താനാണ് ഇറങ്ങുന്നത്. വിരാട് കോഹ്‌ലിയുടെ അഭാവത്തിന് പുറമേ രവീന്ദ്ര ജഡേജയും കെ എല്‍ രാഹുലും പരിക്കിന്റെ പിടിയിലായത് ഇന്ത്യയ്ക്ക് പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്.

ഇപ്പോഴിതാ രണ്ടാം ടെസ്റ്റില്‍ രവീന്ദ്ര ജഡേജയുടെ അഭാവത്തില്‍ ഇന്ത്യയുടെ എക്സ് ഫാക്ടര്‍ താരം ആരാണെന്ന് പറഞ്ഞിരിക്കുകയാണ് ദക്ഷിണാഫ്രിക്കന്‍ മുന്‍ താരം എബി ഡിവില്ലിയേഴ്സ്. ജഡേജയുടെ അഭാവത്തില്‍ പന്തുകൊണ്ട് എക്സ് ഫാക്ടറാവാന്‍ കുല്‍ദീപ് യാദവിന് കഴിയുമെന്ന് ഡിവില്ലിയേഴ്‌സ് വിലയിരുത്തി.

രണ്ടാം ടെസ്റ്റില്‍ രവീന്ദ്ര ജഡേജയുടെ അഭാവം ഇന്ത്യക്ക് എത്രത്തോളം വലിയ തിരിച്ചടിയാണെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. ആദ്യ മത്സരത്തില്‍ അവന്‍ അല്‍പ്പം കൂടി മികച്ച പ്രകടനം നടത്തേണ്ടിയിരുന്നുവെന്ന് ഞാന്‍ കരുതുന്നു. വിക്കറ്റിന് ആക്രമിക്കുന്ന ബോളറാണവന്‍. ചില പന്തുകള്‍ ടേണ്‍ ചെയ്യും ചിലത് ചെയ്യുകയുമില്ല. സമ്മര്‍ദ്ദ ഘട്ടങ്ങളില്‍ പോലും അഞ്ച് വിക്കറ്റ് പ്രകടനങ്ങള്‍ നടത്താന്‍ അവന് സാധിച്ചിരുന്നു. അതുകൊണ്ടുതന്നെ ജഡേജയുടെ പകരക്കാരനെ കണ്ടെത്തുക എളുപ്പമല്ല.

ഫീല്‍ഡിംഗുകൊണ്ടും നായകന് വലിയ ആശ്വാസം നല്‍കുന്നവനാണ് ജഡേജ. എന്നാല്‍ ബാറ്റുകൊണ്ടുള്ള ജഡേജയുടെ അഭാവമാണ് ഇന്ത്യക്ക് വലിയ തിരിച്ചടി. ഇന്ത്യ കുല്‍ദീപ് യാദവിനെ കളിപ്പിച്ചേക്കും. ബാറ്റുകൊണ്ട് കാര്യമായി കുല്‍ദീപില്‍ നിന്ന് പ്രതീക്ഷിക്കാനാവില്ല. എന്നാല്‍ പന്തുകൊണ്ട് എക്സ് ഫാക്ടറാവാന്‍ അവന് കഴിവുണ്ട്. ഇന്ത്യയുടെ ബോളിംഗ് നിരയില്‍ വ്യത്യസ്തത കൊണ്ടുവരാന്‍ അവന് കഴിവുണ്ട്- ഡിവില്ലിയേഴ്‌സ് പറഞ്ഞു.