'ഞാന്‍ പരിശീലകനോ ഉപദേശകനോ ആണെങ്കില്‍ അവനെ ഒരിക്കലും പ്ലേയിംഗ് ഇലവനില്‍ തിരഞ്ഞെടുക്കില്ല'; ഇന്ത്യന്‍ താരത്തിനെതിരെ ആഞ്ഞടിച്ച് സെവാഗ്

ടി20 ക്രിക്കറ്റില്‍ വിക്കറ്റുകളുടെ പ്രാധാന്യത്തെക്കുറിച്ചുള്ള പ്രസ്താവനയ്ക്ക് ഇതിഹാസ ഇന്ത്യന്‍ സ്പിന്നര്‍ ആര്‍ അശ്വിനെതിരെ ആഞ്ഞടിച്ചു വീരേന്ദര്‍ സെവാഗ്. ടി20 ക്രിക്കറ്റില്‍ വിക്കറ്റ് വീഴ്ത്തുന്നത് അപ്രധാനമാണെന്ന അശ്വിന്റെ പ്രസ്താവനയാണ് സെവാഗിനെ ചൊടിപ്പിച്ചത്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2024 ല്‍ രാജസ്ഥാന്‍ റോയല്‍സിനായി 8 മത്സരങ്ങളില്‍നിന്ന് 2 വിക്കറ്റ് മാത്രമാണ് അശ്വിന്‍ നേടിയത്.

ചില കളികളില്‍ അശ്വിന്‍ വിലയേറിയ താരമാണ്. അധികം അറിയപ്പെടാത്ത താരങ്ങള്‍ അടിക്കുമെന്ന് ഭയന്ന് അശ്വിന് വിക്കറ്റ് വീഴ്ത്താന്‍ താല്‍പ്പര്യപ്പെടുന്നില്ല. നിങ്ങള്‍ക്ക് അടികിട്ടിയാലും വിക്കറ്റുകള്‍ വീഴ്ത്താന്‍ നോക്കണം.

ഞാന്‍ ഫ്രാഞ്ചൈസിയുടെ പരിശീലകനോ ഉപദേശകനോ ആണെങ്കില്‍, ഞാന്‍ ഒരിക്കലും അശ്വിനെ പ്ലെയിംഗ് ഇലവനില്‍ എടുക്കില്ല. ഐപിഎല്‍ 2024ല്‍ കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയില്ലെങ്കില്‍ അടുത്ത ലേലത്തില്‍ അശ്വിന്‍ വില്‍ക്കപ്പെടാതെ പോകും- സെവാഗ് കൂട്ടിച്ചേര്‍ത്തു.

ഐപിഎലില്‍ വിക്കറ്റ് ഫോമിലേക്ക് മടങ്ങാന്‍ ആര്‍ അശ്വിന്‍ രണ്ടോ മൂന്നോ മത്സരങ്ങള്‍ വിശ്രമിക്കണമെന്ന് മനോജ് തിവാരി നിര്‍ദ്ദേശിച്ചു. 2017ലെ ചാമ്പ്യന്‍സ് ട്രോഫിക്ക് ശേഷം മധ്യ ഓവറുകളില്‍ വിക്കറ്റ് വീഴാത്തതിനാല്‍ അശ്വിനെ ടീം ഇന്ത്യയില്‍നിന്ന് പുറത്താക്കിയിരുന്നു. നിലവില്‍ റെഡ് ബോള്‍ ക്രിക്കറ്റില്‍ മാത്രമാണ് ഇന്ത്യയ്ക്കായി അശ്വിന്‍ കളിക്കുന്നത്.