ബിജെപി പ്രവര്‍ത്തകന്റെ വീട്ടില്‍ നിന്നും തുണിത്തരങ്ങള്‍ പിടിച്ചെടുത്തു; കെ സുരേന്ദ്രന് വേണ്ടി എത്തിച്ചതെന്ന് എല്‍ഡിഎഫ്

ലോക്‌സഭ തിരഞ്ഞെടുപ്പിന് തലേദിവസം ബിജെപി പ്രവര്‍ത്തകന്റെ വീട്ടില്‍ നിന്ന് തുണിത്തരങ്ങള്‍ കണ്ടെത്തിയ സംഭവത്തില്‍ കേസെടുത്ത് പൊലീസ്. തിരുവമ്പാടി പൊന്നാങ്കയം സ്വദേശി രഘുലാലിനെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. വയനാട് മണ്ഡലത്തിന്റെ ഭാഗമായ തിരുവമ്പാടിയില്‍ കെ സുരേന്ദ്രനാണ് ബിജെപി സ്ഥാനാര്‍ത്ഥി.

മണ്ഡലത്തിലെ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ വസ്ത്രങ്ങള്‍ എത്തിച്ചെന്നാണ് കേസ്. ഫ്‌ളയിംഗ് സ്‌ക്വാഡും പൊലീസും നടത്തിയ പരിശോധനയിലാണ് രഘുലാലിന്റെ വീട്ടില്‍ നിന്ന് വസ്ത്രങ്ങള്‍ കണ്ടെടുത്തത്. മണ്ഡലത്തിലെ വോട്ടര്‍മാര്‍ക്ക് വിതരണം ചെയ്യാനാണ് വസ്ത്രങ്ങള്‍ എത്തിച്ചതെന്നാണ് എല്‍ഡിഎഫ് ആരോപണം.

അതേസമയം ബിജെപി പ്രവര്‍ത്തകനായ ലാല്‍ എന്നയാളാണ് വസ്ത്രങ്ങള്‍ കൊണ്ടുവച്ചതെന്നും തനിക്ക് ഇതുമായി ഒരു ബന്ധവുമില്ലെന്നും രഘുലാല്‍ പൊലീസിനോട് പറഞ്ഞു. എല്‍ഡിഎഫ് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് പരിശോധന നടത്തിയത്. ബുധനാഴ്ച രാത്രി മണ്ഡലത്തില്‍ നിന്ന് ഭക്ഷ്യകിറ്റുകളും പൊലീസ് പിടിച്ചെടുത്തിരുന്നു. ഇതിന് പിന്നിലും ബിജെപിയാണെന്നാണ് എല്‍ഡിഎഫ് ആരോപണം.