ഇരുവശത്ത് നിന്നും വെള്ളം കാറിലേക്ക് ഇരച്ചുകയറി, അന്ന് ഞാൻ എട്ട് മാസം ഗർഭിണിയായിരുന്നു: ബീന ആന്റണി

സിനിമ താരമായി കരിയർ തുടങ്ങി, ഇന്ന് ടെലിവിഷൻ സീരിയലുകളിൽ സജീവമായി അഭിനയ ജീവിതം മുന്നോട്ട് കൊണ്ടുപോവുന്ന താരമാണ് ബീന ആന്റണി. ഇപ്പോഴിതാ താൻ ഗർഭിണിയായിരുന്ന സമയത്തുണ്ടായിരുന്ന ഒരു വലിയ അപകടത്തെ കുറിച്ച് സംസാരിക്കുകയാണ് ബീന ആന്റണി.

എട്ട് മാസം ഗർഭിണിയായിരിക്കുന്ന സമയത്ത് ഒരു ഉദ്ഘാടനം കഴിഞ്ഞ് തിരിച്ചുവരുന്ന നേരം മഴപെയ്ത് റോഡിൽ മുഴുവൻ വെള്ളം കേറിയെന്നും, രണ്ടും കൽപ്പിച്ച് വണ്ടി മുന്നോട്ട് എടുത്തതും കാറിലേക്ക് വെള്ളം കയറിയെന്നും പിന്നീട് അതുവഴി വന്ന ലോറിക്കാരാണ് തങ്ങളെ രക്ഷിച്ചതെന്നും ബീന ആന്റണി പറയുന്നു.

“ഞാന്‍ എട്ട് മാസം ഗര്‍ഭിണിയായിരിക്കുന്ന സമയം. കോട്ടയം ഭാഗത്ത് എനിക്കൊരു ഉദ്ഘാടനം ഉണ്ടായിരുന്നു. ഞങ്ങള്‍ക്ക് അന്നൊരു മഞ്ഞ സെന്‍ കാര്‍ ആയിരുന്നു ഉണ്ടായിരുന്നത്. മോര് കാച്ചിയ വണ്ടി എന്നാണ് ഞങ്ങള്‍ പറയുക. മഴ സമയമായിരുന്നു. കുമരകം ഭാഗത്തു കൂടിായയിരുന്നു തിരികെ വന്നത്. ഒരിടത്ത് എത്തിയപ്പോള്‍ മുന്നില്‍ ഒന്നും കാണാന്‍ പറ്റാത്ത അവസ്ഥയായി. റോഡും പുഴയുമെല്ലാം ഒരുപോലെ. ഞങ്ങള്‍ക്ക് അങ്ങോട്ടും ഇങ്ങോട്ടും പോകാന്‍ പറ്റാത്ത അവസ്ഥ.

ഞാന്‍ പേടിച്ചു പ്രാര്‍ത്ഥിക്കാന്‍ തുടങ്ങി. കാല് സീറ്റില്‍ കയറ്റി വച്ചിരിക്കുകയാണ്. ഒരു വണ്ടിയും അതുവഴി വരുന്നുണ്ടായിരുന്നില്ല. മനുവിനോട് വണ്ടി നന്നായി റെയ്‌സ് ചെയ്ത് മുന്നോട്ട് തന്നെ എടുക്കാന്‍ പറഞ്ഞു. കുറേ കഴിഞ്ഞതും വണ്ടിയുടെ ഉള്ളിലേക്ക് വെള്ളം കയറാന്‍ തുടങ്ങി. സീറ്റ് വരെ വെള്ളം കയറി. എന്റെ ദൈവമേ! ഒന്നും മനസിലാകാത്ത അവസ്ഥ. ഞാന്‍ പ്രാര്‍ത്ഥിച്ചു കൊണ്ടേ അതിനകത്തിരുന്നു.

അവസാനം കുറേ നേരം കഴിഞ്ഞപ്പോള്‍ ഒരു ലോറി എവിടുന്നോ വന്നു. അതിലെ ആളുകള്‍ ഞങ്ങളെ എങ്ങനെയോ പുറത്തെടുക്കുകയായിരുന്നു. എനിക്ക് ഒന്നും ഓര്‍മ്മയില്ല. വണ്ടിയുടെ അകത്തൊക്കെ വെള്ളം കയറിയിരുന്നു. റോഡും പുഴയും മനസിലാകുന്നില്ല. വണ്ടി നീങ്ങാതായി. ലോറിയിലാണ് ഞങ്ങളെ അവിടെ നിന്നും രക്ഷപ്പെടുത്തിയത്. വണ്ടി കേടായിപ്പോയിരുന്നു. അത് പിന്നീട് വന്നാണ് ശരിയാക്കിയെടുത്തത്. ഈ സംഭവം ഞാന്‍ മുമ്പെവിടേയും പറഞ്ഞിട്ടില്ല.” എന്നാണ് ജിഞ്ചർ മീഡിയക്ക് നൽകിയ അഭിമുഖത്തിൽ ബീന ആന്റണി വെളിപ്പെടുത്തിയത്.