ഗ്ലാഡിയേറ്ററെ പോലെ വന്നു, ഒന്നും ചെയ്യാതെ മടക്കം; കോഹ്‌ലിയെ വിമര്‍ശിച്ച് ഇംഗ്ലീഷ് മുന്‍ താരം

ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ജയിംസ് ആന്‍ഡേഴ്സനു മുന്നില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി നിശ്ചലനായെന്ന് ഇംഗ്ലീഷ് മുന്‍ താരവും കമന്റേറ്ററുമായ ഡേവിഡ് ലോയ്ഡ്. കോഹ് ലിയെ ആന്‍ഡേഴ്സണ്‍ പുറത്താക്കിയ നിമിഷം നാടകീയമായിരുന്നെന്നും ലോയ്ഡ് പറഞ്ഞു.

‘ആദ്യ പന്തില്‍ തന്നെ കോഹ്ലിയെ ആന്‍ഡേഴ്സന്‍ പുറത്താക്കിയ നിമിഷം നാടകീയത നിറഞ്ഞതായിരുന്നു. ഗ്ലാഡിയേറ്ററെ പോലെയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ ക്രീസിലെത്തിയത്. എന്നാല്‍ പഴയ പടക്കുതിര മത്സരത്തിലെ ഏറ്റവും മികച്ച ബോളിന് പിറവി കൊടുത്തു. ഒരുവശത്ത് ആന്‍ഡേഴ്സന്റെ ആവേശവും വികാരപ്രകടനവും മറുവശത്ത് കോഹ്ലിയുടെ നിരാശയും കണ്ടു. പുറത്തായതിന്റെ അമ്പരപ്പില്‍ കോഹ്ലി നിശ്ചലനായി നിന്നു. ടെസ്റ്റ് ക്രിക്കറ്റിന്റെ മഹത്തായൊരു അംശവും ഒരാള്‍ നഷ്ടപ്പെടുത്തി കൂടാത്ത നിമിഷവുമായിരുന്നു അത്’ ലോയ്ഡ് പറഞ്ഞു.

England vs India: David Lloyd unhappy with players' influence on umpire's decision

ട്രെന്റ് ബ്രിഡ്ജില്‍ ചേതേശ്വര്‍ പുജാര പുറത്തായതിനു പിന്നാലെ ക്രീസിലെത്തിയ കോഹ്ലിക്ക് ഇന്ത്യക്ക് ഒരു റണ്‍സ് പോലും സംഭാവന ചെയ്യാനായിരുന്നില്ല. സ്റ്റമ്പിന് അകത്തേക്കു കയറിയ ആന്‍ഡേഴ്സന്റെ പന്തില്‍ ബാറ്റുവെച്ച വിരാട് വിക്കറ്റ് കീപ്പര്‍ ജോസ് ബട്ട്ലറിന് പിടി നല്‍കി മടങ്ങി. കോഹ്ലിക്കുമേല്‍ ആന്‍ഡേഴ്സന് മാനസികാധിപത്യം നല്‍കുന്നതായി ആ വിക്കറ്റ്. പ്രത്യേകിച്ചും, കോഹ്ലി- ആന്‍ഡേഴ്സണ്‍ പോരാട്ടം പരമ്പരയുടെ വിധി നിര്‍ണയിക്കുമെന്ന വിലയിരുത്തലുള്ളപ്പോള്‍.