അവസാന ഇര താനായിരിക്കില്ല, ഇനിയും വേട്ടതുടരുമെന്ന മുന്നറിയിപ്പുമായി ഇംഗ്ലീഷ് പേസര്‍

ഇന്ത്യയുമായുള്ള ടെസ്റ്റ് പരമ്പരയില്‍ ഇംഗ്ലീഷ് പേസര്‍മാരില്‍ ജയിംസ് ആന്‍ഡേഴ്സണ്‍ മാത്രമേ ഇതുവരെ മൂര്‍ച്ചകാട്ടിയുള്ളു. പരിചയ സമ്പന്നനായ സ്റ്റ്യുവര്‍ട്ട് ബ്രോഡ് ആദ്യ ടെസ്റ്റില്‍ കളിച്ചെങ്കിലും പരിക്കേറ്റ് പിന്മാറി. ഈ പരമ്പരയില്‍ പരിക്കേല്‍ക്കുന്ന അവസാനത്തെ ഇംഗ്ലീഷ് താരം താന്‍ ആയിരിക്കില്ലെന്നും ബോളര്‍മാരെല്ലാം അപകട മുനമ്പിലാണെന്നും ബ്രോഡ് പറയുന്നു.

നിര്‍ഭാഗ്യവശാല്‍, ഈ പരമ്പരയില്‍ പരിക്കേല്‍ക്കുന്ന ഒടുവിലത്തെ ഇംഗ്ലീഷ് താരം ഞാനായിരിക്കില്ല. ഇംഗ്ലണ്ടിന്റെ ബോളര്‍മാരെല്ലാം റെഡ് സോണിലാണ്. വൈറ്റ്ബോള്‍ ക്രിക്കറ്റിന് മുന്‍തൂക്കം നല്‍കുന്ന 2021ലെ ഷെഡ്യൂളാണ് പ്രശ്നം. ഇതുമൂലം തുടര്‍ച്ചയായ ഓവറുകള്‍ എറിയാന്‍ ബൗളര്‍മാര്‍ സജ്ജരല്ലാതാകുന്നു. ഇംഗ്ലീഷ് ടീമിലെ പകരക്കാരന്‍ സാക്വിബ് മുഹമ്മദ് പത്ത് ആഴ്ചയായി റെഡ് ബോള്‍ ക്രിക്കറ്റ് കളിച്ചിട്ടില്ല. കുറച്ചൊക്കെ ജോലിഭാരം പേറാതെ ചതുര്‍, പഞ്ച ദിന മത്സരങ്ങള്‍ കളിക്കാനാവില്ല. അതിനാലാണ് കളിക്കാര്‍ പരിക്കില്‍ നിന്ന് മുക്തരായി ഉടന്‍ കളത്തിലിറങ്ങാത്തത്- ബ്രോഡ് പറഞ്ഞു.

Stuart Broad

Read more

ഇന്ത്യക്കെതിരായ പരമ്പരയ്ക്ക് മുന്നോടിയായി രണ്ടാം ഇലവന്‍ ചാമ്പ്യന്‍ഷിപ്പ് പോലും നടന്നിരുന്നില്ല. അതിനാല്‍ത്തന്നെ ട്രന്റ് ബ്രിഡ്ജിലെ ആദ്യ പന്ത് മുതല്‍ നമ്മുടെ ഓരോ ബോളര്‍മാരും അപകട മേഖലയിലായിരുന്നു. തുടര്‍ച്ചയായി അഞ്ച് പന്തുകള്‍ മാത്രം എറിഞ്ഞിട്ടുവന്ന സാം കറനോടാണ് 20-25 ഓവറുകള്‍ എറിയാന്‍ ആവശ്യപ്പെട്ടത്. ഇതേ പ്രശ്നം ടീമില്‍ തിരിച്ചെത്താന്‍ ശ്രമിക്കുന്ന ക്രിസ് വോക്സിനെയും പ്രതിസന്ധയിലാക്കുന്നു. പരമ്പരയില്‍ ഇംഗ്ലണ്ടിന്റെ സാധ്യതകള്‍ നിലനിര്‍ത്താന്‍ ജയിംസ് ആന്‍ഡേഴ്സണ്‍ ഫോം തുടരേണ്ടതുണ്ടെന്നും ബ്രോഡ് പറഞ്ഞു.