ഫയറായി നായകന്‍, ടീമിനെ 400 കടത്തി; ഒന്നാം ഇന്നിംഗ്‌സില്‍ ഇന്ത്യ ഓള്‍ഔട്ട്

ഇംഗ്ലണ്ടിനെതിരായ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റില്‍ ഒന്നാം ഇന്നിംഗ്‌സില്‍ ഇന്ത്യ 416 റണ്‍സിന് ഓള്‍ഔട്ട്. രണ്ടാം ദിനം 7 വിക്കറ്റ് നഷ്ടത്തില്‍ 338 റണ്‍സ് എന്ന നിലയില്‍ ബാറ്റിംഗ് പുനഃരാരംഭിച്ച ഇന്ത്യയ്ക്കായി രവീന്ദ്ര ജഡേജ സെഞ്ച്വറി തികച്ചു. 194 ബോള്‍ നേരിട്ട ജഡേജ 13 ഫോറിന്റെ അകമ്പടിയില്‍ 104 റണ്‍സെടുത്തു.

മുഹമ്മദ് ഷമി (16), മുഹമ്മദ് സിറാജ് (2), ജഡേജ എന്നിവരുടെ വിക്കറ്റുകളാണ് രണ്ടാം ദിനം ഇന്ത്യയ്ക്ക് നഷ്ടമായത്. ബുംറ 16 ബോളില്‍ നാല് ഫോറിന്‍റെയും  രണ്ട് സിക്സിന്‍റെയും അകമ്പടിയില്‍ 31 റണ്‍സെടുത്ത് പുറത്താകാതെ നിന്നു.

സ്റ്റുവര്‍ട്ട് ബ്രോഡ് എറിഞ്ഞ ഓരോവറില്‍ 35 റണ്‍സാണ് ബുംറ ക്രീസില്‍ നില്‍ക്കെ ഇന്ത്യ സ്‌കോര്‍ ചെയ്തത്. ഇംഗ്ലണ്ടിനായി ജയിംസ് ആന്‍ഡേഴ്‌സണ്‍ അഞ്ച് വിക്കറ്റ് വീഴ്ത്തി. മാത്യു പോട്ട്‌സ് രണ്ടും ബ്രോഡ്, സ്‌റ്റോക്‌സ്, റൂട്ട് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

ആദ്യ ദിനം വെറും 89 പന്തില്‍ ടെസ്റ്റിലെ തന്റെ അഞ്ചാം സെഞ്ച്വറി കുറിച്ച പന്ത് 111 പന്തില്‍ 146 റണ്‍സെടുത്തു. 19 ഫോറും നാല് സിക്‌സും ഉള്‍പ്പെടുന്നതായിരുന്നു പന്തിന്റെ പ്രകടനം. ജഡേജയും പന്തും ചേര്‍ന്ന് 6ാം വിക്കറ്റില്‍ 222 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്.

ശുഭ്മന്‍ ഗില്‍ (24 പന്തില്‍ 17), ചേതേശ്വര്‍ പൂജാര (46 പന്തില്‍ 13), ഹനുമ വിഹാരി (53 പന്തില്‍ 20), വിരാട് കോഹ്ലി (19 ബോളില്‍ 11), ശ്രേയസ് അയ്യര്‍ (11 ബോളില്‍ 15), ശര്‍ദുല്‍ താക്കൂര്‍ (12 പന്തില്‍ 1) എന്നിവരുടെ വിക്കറ്റുകളാണ് ഒന്നാം ദിനം ഇന്ത്യയ്ക്ക് നഷ്ടമായത്.

ടോസ് നേടിയ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സ് ഇന്ത്യയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. മഴ മൂലം 73 ഓവറാണ് ഇന്നലെ കളിക്കാനായത്.