പന്ത് ഷാര്‍പ്പായി ടേണ്‍ ചെയ്യുന്ന പിച്ച് ഒരുക്കിയ ക്യൂറേട്ടര്‍മാര്‍, വസന്ത ഹൃദയങ്ങള്‍ നുകരാന്‍ ഇന്ത്യന്‍ ടീമിനെ മാടി വിളിക്കുകയായിരുന്നു!

ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തത് അനുസരിച്ച്, മൂന്നാം ടെസ്റ്റ് ഇന്ത്യ ജയിക്കുകയായിരുന്നെങ്കില്‍, WTC ഫൈനലിലേക്കുള്ള മുന്നൊരുക്കം എന്നോണം, നാലാം ടെസ്റ്റിനായി അഹമ്മദാബാധില്‍ പേസ് ബൗളിങ്ങിനെ തുണയ്ക്കുന്ന ഒരു ഗ്രീന്‍ ടോപ് സര്‍ഫസ് ഒരുക്കുകയെന്നതായിരുന്നു BCCI യുടെ പ്ലാന്‍.

അത് കൊണ്ട് തന്നെ മൂന്നാം ടെസ്റ്റില്‍ ജയമുറപ്പിക്കാന്‍ വേണ്ടി മിക്‌സഡ് സോയിലില്‍, ഫസ്റ്റ് സെഷന്‍ തൊട്ടെ പന്ത് ഷാര്‍പ്പായി ടേണ്‍ ചെയ്യുന്ന പിച്ച് ഒരുക്കിയ ക്യൂറേട്ടര്‍മാര്‍, ഗിരീഷ് പുത്തെഞ്ചേരി എഴുതിയത് പോലെ വസന്ത ഹൃദയങ്ങള്‍ നുകരാന്‍ ഇന്ത്യന്‍ ടീമിനെ മാടി വിളിക്കുകയായിരുന്നു.

‘കിളിപ്പാട്ടു വീണ്ടും നമുക്കേറ്റു പാടാം..
വയല്‍മണ്ണിന്‍ ഗന്ധം നമുക്കിന്നും ചൂടാം..’

എന്നാല്‍ ഈത്തവണ ഓസ്‌ട്രേലിയയുടെ നായകന്‍ വേറെ ആളായിരുന്നു. കില്ലര്‍ ഇന്‍സ്റ്റിക്ട് ഉള്ള, കാര്യങ്ങള്‍ നടക്കുവനായി വെയിറ്റ് ചെയ്യാതെ, സ്വയം കാര്യങ്ങള്‍ നടത്തുന്ന പ്രോആക്റ്റീവായ ആ വിന്റജ് ഓസ്‌ട്രേലിയയന്‍ മോള്‍ഡ് ക്യാപ്റ്റന്‍. സ്റ്റീവന്‍ സ്മിത്ത്.

ഓണ്‍സൈഡ് പാക്ക്ഡ് ആക്കി നിര്‍ത്തി പൂജാരയെ സ്ട്രാന്‍ണ്ട് ചെയ്യിച്ചത്, ഐയ്യറിനെ വീഴ്ത്താന്‍ സ്റ്റാര്‍ക്കിനെ തിരികെ കൊണ്ടുവന്നത്, എക്രോസ് ദി ലൈന്‍ കളിക്കാന്‍ പ്രേരിപ്പിക്കും വിധം മിഡ് വിക്കറ്റ് കാലിയാക്കി നിര്‍ത്തി കോഹ്ലിയെ കുന്നേമാന്റെ ബഡ്ഡിയാക്കിയത്. അങ്ങനെ കൃത്യമായ ഫീല്‍ഡ് പ്ലയിസ്മെന്റ്‌കൊണ്ടും, പ്ലാന്‍ഡ് & ടാര്‍ഗറ്റ്‌റെഡ് ബൗളിംഗ് ചേഞ്ചസ് കൊണ്ടും സ്മിത്ത് എന്ന ക്യാപ്റ്റന്‍ കാര്യങ്ങള്‍ സംഭവിപ്പിക്കുകയായിരുന്നു.

സ്വയം കുഴിച്ച കുഴിയില്‍ വീണ ഇന്ത്യന്‍ ടീമിനോടും, അതിന് ചുക്കാന്‍ പിടിച്ച കുറേറ്റര്‍മാരോടും സ്മിത്ത് ഗിരീഷിന്റെ തന്നെ വരികള്‍ കടേമെടുത്തു ചോദിക്കുന്നുണ്ടാവും, ‘മദമേകും മണം വിളമ്പി നാളെയും വിളിക്കുമോ??’