ടെസ്റ്റില്‍ അവന് എന്‍റെ ബാറ്റിംഗ് രീതി, പക്ഷേ മറ്റൊരു ഞാനല്ല; പോരായ്മ ചൂണ്ടിക്കാട്ടി സെവാഗ്

ഇന്ത്യന്‍ ടീമില്‍ തന്നെപ്പോലെ ബാറ്റ് ചെയ്യുന്ന ഒരു കളിക്കാരനും ഇല്ലെന്ന് മുന്‍ വെടിക്കെട്ട് ഓപ്പണര്‍ വീരേന്ദര്‍ സെവാഗ്. എന്നിരുന്നാലും പൃഥ്വി ഷായും ഋഷഭ് പന്തും ഏറെക്കുറെ തന്റെ ബാറ്റിംഗിന് അടുത്തുവരുമെന്ന് സെവാഗ് പറഞ്ഞു. അതില്‍ തന്നെ പന്തിനെയാണ് സെവാഗ് കൂടുതല്‍ തനിക്ക് സമനായി കാണുന്നത്. എന്നാല്‍ പന്ത് 90-ലും 100-ലും തൃപ്തനാണെന്നും എന്നാല്‍ ഇരട്ട സെഞ്ച്വറികളും ട്രിപ്പിള്‍ സെഞ്ച്വറികളുമാണ് തന്നെ തൃപ്തനാക്കുന്നതെന്നും സെവാഗ് പറഞ്ഞു.

എന്നെപ്പോലെ ബാറ്റ് ചെയ്യുന്ന ഒരു കളിക്കാരനും ഇന്ത്യന്‍ ടീമില്‍ ഉണ്ടെന്ന് ഞാന്‍ കരുതുന്നില്ല. എന്നിരുന്നാലും എന്റെ മനസ്സില്‍ ഓടിയെത്തുന്ന രണ്ട് കളിക്കാര്‍ പൃഥ്വി ഷായും ഋഷഭ് പന്തുമാണ്. ഋഷഭ് പന്ത് എന്റെ ബാറ്റിംഗ് രീതിയോട് അല്‍പ്പം കൂടി അടുപ്പത്തിലാണെന്ന് ഞാന്‍ കരുതുന്നു.

ഞാന്‍ ടെസ്റ്റ് ക്രിക്കറ്റില്‍ ബാറ്റ് ചെയ്യുന്ന പോലെയാണ് അവനും ബാറ്റ് ചെയ്യുന്നത്. പക്ഷേ അവന്‍ 90-100 കൊണ്ട് തൃപ്തനാണ്, പക്ഷേ ഞാന്‍ 200, 250, 300 എന്നിവയിലായിരുന്നു തൃപ്തന്‍. പന്ത് തന്റെ കളി ആ നിലയിലേക്ക് കൊണ്ടുപോയാല്‍, അദ്ദേഹത്തിന് ആരാധകരെ കൂടുതല്‍ രസിപ്പിക്കാന്‍ കഴിയുമെന്ന് ഞാന്‍ കരുതുന്നു- സെവാഗ് പറഞ്ഞു.

സെവാഗിന്റെ ആക്രമണാത്മക ഹിറ്റിംഗ് കഴിവുകള്‍ക്ക്, പ്രത്യേകിച്ച് ടെസ്റ്റ് ക്രിക്കറ്റില്‍, പന്തിനെ പലപ്പോഴും സെവാഗുമായി താരതമ്യം ചെയ്യാറുണ്ട്. 33 ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് 43.67 ശരാശരിയില്‍ അഞ്ച് സെഞ്ച്വറികളും 11 അര്‍ദ്ധസെഞ്ച്വറികളും സഹിതം 2271 റണ്‍സ് 25കാരനായ പന്ത് നേടിയിട്ടുണ്ട്. നിലവില്‍ കാര്‍ അപകടത്തില്‍ പരിക്കേറ്റ് താരം ടീമിന് പുറത്താണ്. പൃഥ്വി ഷായെ ടീമിലേക്ക് പരിഗണിക്കുന്നു പോലുമില്ല.