ഒറ്റ മത്സരം, കെ എൽ രാഹുൽ സ്വന്തമാക്കിയത് ധോണി പോലും നേടാത്ത ചരിത്ര നേട്ടം; സംഭവം ഇങ്ങനെ

മുൻ ഇന്ത്യൻ താരം എം എസ് ധോണിക്ക് പോലുമില്ലാത്ത ചരിത്ര നേട്ടം സ്വന്തമാക്കി ഇന്ത്യൻ വിക്കറ്റ് കീപ്പർ കെ എൽ രാഹുൽ. ന്യൂസിലന്‍ഡിനെതിരെ നേടിയ അപരാജിത സെഞ്ച്വറിയിലൂടെ ഏകദിന ക്രിക്കറ്റില്‍ കീവികൾക്കെതിരെ സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യൻ വിക്കറ്റ് കീപ്പറെന്ന നേട്ടമാണ് രാഹുല്‍ സ്വന്തമാക്കിയത്. സാക്ഷാല്‍ എം എസ് ധോണിക്ക് പോലും കരിയറില്‍ സ്വന്തമാക്കാന്‍ കഴിയാതിരുന്ന നേട്ടമാണ് രാഹുല്‍ സ്വന്തമാക്കിയത്.

ന്യുസിലാൻഡിനെതിരെ നടന്ന രണ്ടാം ഏകദിനത്തിൽ ഇന്ത്യ 7 വിക്കറ്റിനാണ് തോൽവി ഏറ്റുവാങ്ങിയത്. ഇതോടെ പരമ്പര 1-1 എന്ന നിലയിലാണ് ഇരു ടീമുകളും നിൽക്കുന്നത്. ആദ്യം ബാറ്റ് ചെയ്ത് ഇന്ത്യ ഉയർത്തിയ 285 റണ്‍സിന്റെ വിജയ ലക്ഷ്യം കിവികൾ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 15 പന്തുകൾ ബാക്കിനിൽക്കെ മറികടന്നു. ന്യുസിലാൻഡിന് വേണ്ടി ഡാരിൽ മിച്ചൽ സെഞ്ചുറിയും, വിൽ യങ് അർദ്ധ സെഞ്ചുറിയും നേടി.

Read more

ഇന്ത്യക്ക് വേണ്ടി ബാറ്റിംഗിൽ വിക്കറ്റ് കീപ്പർ കെ എൽ രാഹുൽ സെഞ്ചുറി നേടി തിളങ്ങി. 92 പന്തിൽ ഒരു സിക്‌സും 11 ഫോറും അടക്കം 112* റൺസാണ് താരം നേടിയത്. കൂടാതെ ക്യാപ്റ്റൻ ശുഭ്മൻ ഗിൽ 56 റൺസും നേടി. ബാക്കി വന്ന താരങ്ങൾ ആരും തന്നെ തിളങ്ങിയില്ല. ബോളിങ്ങിൽ ഹർഷിത് റാണ, പ്രസിദ്ധ് കൃഷ്ണ, കുൽദീപ് യാദവ് എന്നിവർ ഓരോ വിക്കറ്റുകൾ വീതവും നേടി.