97 ല്‍ നില്‍ക്കെ സിക്സറിലൂടെ സെഞ്ച്വറി നേടാമെന്ന് ചിന്തിച്ചു, പിന്മാറിയത് ഒറ്റ കാരണത്താല്‍; വെളിപ്പെടുത്തി സഞ്ജു സാംസണ്‍

ദക്ഷിണാഫ്രിക്കന്‍ പര്യടനം സഞ്ജു സാംസണിന്‍രെ കരിയര്‍ ഗ്രാഫ് ഉയര്‍ത്തിയിരിക്കുകയാണ്. കാരണം അന്താരാഷ്ട്ര ക്രിക്കറ്റില്‍ അദ്ദേഹത്തിന്റെ കന്നി സെഞ്ച്വറി പിറന്നത് ദക്ഷിണാഫ്രിക്കയിലായിരുന്നു. പാളില്‍ നടന്ന നിര്‍ണായകമായ മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തില്‍ മൂന്നാം നമ്പറില്‍ ഇറങ്ങിയ സഞ്ജു 108 റണ്‍സുമായി മത്സരത്തില്‍ ഇന്ത്യയുടെ ഹീറോയായി. ഇപ്പോഴിതാ ഈ മത്സരവുമായി ബന്ധപ്പെട്ട് ഒരു വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് സഞ്ജു.

മത്സരത്തില്‍ വ്യക്തിഗത സ്‌കോര്‍ 97ല്‍ നില്‍ക്കവെ സിക്സറടിച്ച് സെഞ്ച്വറി പൂര്‍ത്തിയാക്കാന്‍ ആലോചിച്ചിരുന്നതായും പിന്നീട് അതു വേണ്ടെന്നു വയ്ക്കുകയായിരുന്നെന്നും സഞ്ജു വെളിപ്പെടുത്തി. തനിക്കു കുറച്ചു ബോളുകളില്‍ സ്ട്രൈക്ക് ലഭിക്കാതെ വന്നപ്പോഴാണ് ഇങ്ങനെ ചിന്തിച്ചതേന്നും കോഴിക്കോട്ടു നടന്ന ഒരു സ്വകാര്യ ചടങ്ങില്‍ സംസാരിക്കവേ സഞ്ജു പറഞ്ഞു.

അന്നത്തെ മല്‍സരത്തില്‍ 97 റണ്‍സിലെത്തിയതിനു ശേഷം എനിക്കു രണ്ടോവറുകള്‍ സ്ട്രൈക്ക് ലഭിച്ചില്ല. നോണ്‍ സ്ട്രൈക്കറുടെ എന്‍ഡില്‍ നില്‍ക്കവെ സിക്സറടിച്ചാലോയെന്നു ഞാന്‍ അപ്പോള്‍ ആലോചിക്കുകയും ചെയ്തു. പക്ഷെ എന്റെ കുടുംബത്തിന്റെയും ഭാര്യയുടെയുമെല്ലാം പ്രാര്‍ഥന മനസ്സില്‍ കേള്‍ക്കാന്‍ കഴിഞ്ഞു.

ഇതേ തുടര്‍ന്നാണ് അതു വേണ്ടെന്നു വന്നത്. സെഞ്ച്വറി നേടിയ ശേഷം ഞാന്‍ ഇന്ത്യയില്‍ തിരിച്ചെത്തിയപ്പോള്‍ നിങ്ങള്‍ 90കളിലെത്തിയ ശേഷം തങ്ങളും പ്രാര്‍ഥിച്ചിരുന്നതായി ഒരുപാട് ആളുകള്‍ എന്നോടു പറഞ്ഞിരുന്നു- സഞ്ജു വെളിപ്പെടുത്തി.