ഓസീസിനെ പിടിച്ചുലച്ച് ബാന്‍ക്രോഫ്റ്റിന്റെ വെളിപ്പെടുത്തല്‍; പന്ത് ചുരണ്ടിപ്പിച്ചവരും പെടും

പന്തില്‍ കൃത്രിമം കാണിക്കല്‍ വിവാദത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകളുമായി മുന്‍ ഓപ്പണര്‍ കാമറോണ്‍ ബാന്‍ക്രോഫ്റ്റ് രംഗത്ത് വന്നതിന് പിന്നാലെ കരുക്ക് മുറുക്കാന്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയ. പന്ത് ചുരണ്ടല്‍ സംബന്ധിച്ച് പുതിയ വിവരങ്ങള്‍ ആരുടെയെങ്കിലും കൈവശമുണ്ടെങ്കില്‍ ഉടന്‍ അവര്‍ അത് അവതരിപ്പിക്കണമെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ ആവശ്യപ്പെട്ടു.

“2018 ലെ കേപ്ടൗണ്‍ ടെസ്റ്റുമായി ബന്ധപ്പെട്ട് ആരെങ്കിലും പുതിയ വിവരങ്ങള്‍ കൈവശം വച്ചിട്ടുണ്ടെങ്കില്‍ അവര്‍ മുന്നോട്ട് വന്ന് അത് അവതരിപ്പിക്കണം. അന്ന്് നടത്തിയ അന്വേഷണം വിശദവും സമഗ്രവുമായിരുന്നു. അതിനുശേഷം, അന്വേഷണത്തിന്റെ കണ്ടെത്തലുകളില്‍ സംശയം ജനിപ്പിക്കുന്ന പുതിയ വിവരങ്ങള്‍ ആരും ഞങ്ങള്‍ക്ക് സമര്‍പ്പിച്ചിട്ടില്ല” ക്രിക്കറ്റ് ഓസ്‌ട്രേലിയ അറിയിച്ചു.

പന്ത് ചുരണ്ടലിനെക്കുറിച്ച് ഓസീസ് ബോളര്‍മാരുള്‍പ്പെടെ പലര്‍ക്കും അന്നു അറിയാമായിരുന്നുവെന്നാണ് ബാന്‍ക്രോഫ്റ്റിന്റെ പുതിയ വെളിപ്പെടുത്തല്‍. പക്ഷെ ആരുടെയും പേര് പരാമര്‍ശിക്കാന്‍ താരം തയ്യാറായില്ല. “ഞാന്‍ ബോളില്‍ കൃത്രിമം കാണിച്ചത് ബൗളര്‍മാര്‍ക്കു മുന്‍തൂക്കം ലഭിക്കുന്നതിനു വേണ്ടിയായിരുന്നു. അതുകൊണ്ടു തന്നെ അവര്‍ക്കു ഇതേക്കുറിച്ച് അറിയാമായിരുന്നു”ബാന്‍ക്രോഫ്റ്റ് പറഞ്ഞു.

മിച്ചെല്‍ സ്റ്റാര്‍ക്ക്, ജോഷ് ഹേസല്‍വുഡ്, പാറ്റ് കമ്മിന്‍സ്, നതാന്‍ ലിയോണ്‍, മിച്ചെല്‍ മാര്‍ഷ് എന്നിവരായിരുന്നു അന്നു ഓസീസ് ടീമിലെ ബോളര്‍മാര്‍. സംഭവത്തില്‍ അന്നു ടീമിന്റെ ക്യാപ്റ്റനായിരുന്ന സ്റ്റീവ് സ്മിത്ത്, വൈസ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍, ബാന്‍ക്രോഫ്റ്റ എന്നിവരാണ് ശിക്ഷിക്കപ്പെട്ടത.