ഞാൻ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് കളിക്കില്ല, ടെസ്റ്റിലേക്കുള്ള മടങ്ങിവരവ് ആ കാര്യം ഉറപ്പായാൽ മാത്രം; തുറന്നടിച്ച് ഇന്ത്യൻ താരം

ഇന്ത്യയുടെ സാധ്യമായ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ടീമിൽ താൻ ഇടം നേടുന്നത് ധാർമ്മികമായി ശരിയല്ലെന്ന് ഇന്ത്യൻ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ പറഞ്ഞു. ടെസ്റ്റ് കരിയറിലെ കാര്യങ്ങൾ നോക്കിയാൽ ഹാർദിക് പാണ്ഡ്യ 2018 സെപ്തംബർ മുതൽ ഇന്ത്യക്കായി ടെസ്റ്റ് ക്രിക്കറ്റ് കളിച്ചിട്ടില്ല, നിരന്തരമായ പരിക്കുകൾ കാരണം വൈറ്റ്-ബോൾ ക്രിക്കറ്റ് കളിക്കുന്നതിൽ മാത്രമായി ഒതുങ്ങി.

എന്നിരുന്നാലും, ഇന്ത്യ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന് യോഗ്യത നേടിയതോടെ, ഓസ്‌ട്രേലിയയ്‌ക്കെതിരായ ആദ്യ ഏകദിനത്തിന് മുന്നോടിയായുള്ള മത്സരത്തിന് മുമ്പുള്ള പത്രസമ്മേളനത്തിൽ, ഓവലിൽ നടക്കുന്ന ലോക ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനൽ കളിക്കുമോ എന്ന് ചോദിച്ചപ്പോൾ ആയിരുന്നു താരം പ്രതികരിച്ചത്.

പാണ്ഡ്യയുടെ സാന്നിദ്ധ്യം ഇന്ത്യയ്ക്ക് ലോക ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലിൽ മുൻതൂക്കം നൽകുമെന്നാണ് വിദഗ്ധർ കണക്കുകൂട്ടിയിരുന്നത്. പ്രത്യേകിച്ച് പന്തിന്റെ അഭാവത്തിൽ താരം വേണമെന്ന ആവശ്യം പറഞ്ഞപ്പോൾ ആയിരുന്നു ഹാർദിക്‌ താൻ ഉണ്ടാകില്ല എന്ന അഭിപ്രായം പറഞ്ഞത്.

തിരിച്ചുവരാൻ പ്രലോഭിപ്പിക്കപ്പെടുമോ എന്ന് ചോദിച്ചപ്പോൾ, പാണ്ഡ്യ പറഞ്ഞു: “സത്യം പറഞ്ഞാൽ, ഇല്ല. ഞാൻ എന്റെ ജീവിതത്തിൽ ധാർമ്മികമായി വളരെ ശക്തനാണ്. അവിടെ(ടെസ്റ്റ് ടീമിൽ) എത്താൻ ഞാൻ 10% ചെയ്തിട്ടില്ല. അതിനാൽ തന്നെ ഞാൻ ഒരു താരത്തിന്റെ അവസരം കളയുന്നത് ശരിയല്ല.”

“എനിക്ക് ടെസ്റ്റ് ക്രിക്കറ്റ് കളിക്കാൻ താൽപ്പര്യമുണ്ടെങ്കിൽ, ഞാൻ അതിനായി അവസരം കാത്തിരിക്കുകയാണ്. അതിനുശേഷം ഞാൻ മടങ്ങിവരും. അതിനാൽ, വളരെ സത്യസന്ധമായി പറഞ്ഞാൽ, ഞാൻ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ കളിക്കില്ല. ഞാൻ എന്റെ സ്ഥാനം നേടിയെന്ന് എനിക്ക് തോന്നുന്നത് വരെ ഭാവി ടെസ്റ്റ് മത്സരങ്ങൾ കളിക്കില്ല.”