ദക്ഷിണാഫ്രിക്ക ഓള്‍ഔട്ടായപ്പോള്‍ ഞാന്‍ വിമാനത്തില്‍ കയറിയതാണ്, വീട്ടിലെത്തി ടിവി നോക്കുമ്പോള്‍ അവര്‍ക്ക് മൂന്ന് വിക്കറ്റുകള്‍ പോയിരിക്കുന്നു.., കളി പിടികിട്ടാതെ ഇതിഹാസം

ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള രണ്ടാം ടെസ്റ്റിന്റെ ഒന്നാം ദിനം 23 വിക്കറ്റുകള്‍ വീണപ്പോള്‍ താന്‍ ഞെട്ടിപ്പോയെന്ന് ഇന്ത്യന്‍ മുന്‍ ക്രിക്കറ്ററും ഇതിഹാസ താരവുമായ സച്ചിന്‍ ടെണ്ടുല്‍ക്കര്‍. ആദ്യ ഇന്നിംഗ്സില്‍ പ്രോട്ടീന്‍സ് 55 റണ്‍സിന് പുറത്തായപ്പോഴാണ് താന്‍ വിമാനത്തില്‍ കയറിയതെന്നും തിരിച്ചെത്തിയപ്പോള്‍ ദക്ഷിണാഫ്രിക്കയുടെ രണ്ടാം ഇന്നിംഗ്‌സ് ആരംഭിച്ചിരുന്നെന്നും സച്ചിന്‍ പറഞ്ഞു.

24ല്‍ ക്രിക്കറ്റ് തുടങ്ങിയിരിക്കുന്നത് ആദ്യ ദിനം തന്നെ 23 വിക്കറ്റുകള്‍ വീണാണ്. ഇത് യാഥാര്‍ത്ഥ്യമാണോ. ദക്ഷിണാഫ്രിക്ക ഓള്‍ഔട്ടായപ്പോള്‍ ഞാന്‍ വിമാനത്തില്‍ കയറിയതാണ്. വീട്ടിലെത്തി ടിവി നോക്കുമ്പോള്‍ ദക്ഷിണാഫ്രിക്കയ്ക്ക് മൂന്ന് വിക്കറ്റുകള്‍ പോയിരിക്കുന്നു. എന്താണ് എനിക്ക് നഷ്ടമായത്?- സച്ചിന്‍ എക്സില്‍ കുറിച്ചു.

ബോളര്‍മാരുടെ സര്‍വാധിപത്യമാണ് മത്സരത്തില്‍ കണ്ടത്. ദക്ഷിണാഫ്രിക്കയെ 55 റണ്‍സിന് ഓള്‍ഔട്ടാക്കി ഒന്നാം ഇന്നിംഗ്‌സില്‍ ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 153 റണ്‍സിന് പുറത്തായിരുന്നു.

വിരാട് കോഹ്‌ലിയുടെ 46 റണ്‍സും രോഹിത് ശര്‍മയുടെ 39 റണ്‍സും ശുഭ്മാന്‍ ഗില്ലിന്റെ 36 റണ്‍സുമാണ് ഇന്ത്യയെ വന്‍ നാണക്കേടില്‍ നിന്ന് രക്ഷിച്ചത്. അല്ലായിരുന്നെങ്കില്‍ ഇന്ത്യ 100നുള്ളില്‍ ഒതുങ്ങുമായിരുന്നു. ഒരു റണ്‍സ് പോലും സ്‌കോര്‍ ബോര്‍ഡില്‍ ചേര്‍ക്കാനാകാതെയാണ് ഇന്ത്യയുടെ അവസാന ആറ് വിക്കറ്റ് വീണത്.