'അന്ന് ഞാൻ വിരമിക്കാൻ തീരുമാനിച്ചു, ആ ഒരു തോൽവി എനിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു': രോഹിത് ശർമ്മ

ഇന്ത്യൻ ആരാധകർക്ക് ഒരിക്കലും മറക്കാനാവാത്ത ദിവസമായിരുന്നു നവംബർ 19, 2023 . ഇന്ത്യ തങ്ങളുടെ മൂന്നാം ലോകകപ്പിൽ മുത്തമിടുന്നത് കാണാൻ ആഗ്രഹിച്ച ആരാധകർക്ക് ഒടുവിൽ നിരാശയായിരുന്നു ഫലം. തുടർച്ചയായ ഒൻപത് മത്സരങ്ങൾ തോൽവിയറിയാതെ ഫൈനലിൽ എത്തിയ ഇന്ത്യക്ക് ഓസീസിനോട് അടിയറവ് പറയേണ്ടി വന്നു. അന്നത്തെ തോൽവി നായകനായ രോഹിത് ശർമ്മയെ എത്രത്തോളം ബാധിച്ചു എന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് താരം.

” 2023ലെ ലോകകപ്പ് ഫൈനലിന് ശേഷം എനിക്ക് മുന്നില്‍ ഒന്നും ബാക്കിയില്ലെന്നാണ് തോന്നിയത്. പൂര്‍ണമായും നിരാശനായിരുന്നു. എന്നെ കൊണ്ട് എളുപ്പത്തില്‍ ഉപേക്ഷിക്കാനാവുന്ന ഒന്നല്ല ക്രിക്കറ്റെന്ന് അറിയാന്‍ സമയമെടുത്തൂ. ഓസീസിനെതിരെ ഫൈനലില്‍ തോറ്റെന്ന് വിശ്വസിക്കാന്‍ പോലുമായില്ല. 2022ല്‍ ഇന്ത്യൻ ക്യാപ്റ്റന്‍സി ഏറ്റെടുത്തശേഷമുള്ള ഏറ്റവും വലിയ ലക്ഷ്യമായിരുന്നു ലോകകപ്പ് നേടുകയെന്നത്. ടി20 ലോകകപ്പായാലും 2023ലെ ലോകകപ്പായാലും വിജയിക്കുക എന്നത് മാത്രമായിരുന്നു ലക്ഷ്യം. അത് സംഭവിക്കാതെ പോയപ്പോള്‍ തകര്‍ന്നു പോയി. എന്നെ തന്നെ വീണ്ടെടുക്കാന്‍ രണ്ട് മാസമെടുക്കുകയും ചെയ്തു”

Read more

“ഒരു കാര്യത്തിനായി അത്രയും ആഗ്രഹിച്ച ശേഷം അത് കിട്ടാതെ വരുമ്പോള്‍ നിരാശയുണ്ടാകും. പക്ഷേ ജീവിതം അവിടെ അവസാനിക്കുന്നില്ല. പുതുതായി തുടങ്ങാനാകും. അതെനിക്ക് വലിയ പാഠമായിരുന്നു. ടി20 ലോകകപ്പിന് വേണ്ടി മുഴുവന്‍ ശ്രദ്ധയും നല്‍കി. ഇപ്പോള്‍ അത് പറയുന്നത് എളുപ്പമാണ്. എന്നാല്‍ ആ സമയത്ത് അത് വളരെ ബുദ്ധിമുട്ടായിരുന്നു” രോഹിത് ശർമ്മ പറഞ്ഞു.