ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡുമായി നിലനിൽക്കുന്ന തർക്കത്തെത്തുടർന്ന് തമീം ഇഖ്ബാലിനെ അടുത്ത മാസം നടക്കാനിരിക്കുന്ന 50 ഓവർ ലോകകപ്പിൽ നിന്ന് ഒഴിവാക്കിയ വാർത്ത ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചിരുന്നു. ടീമിന് ആവശ്യമുള്ളതിനാൽ നേരത്തെ വിരമിച്ച താരം പ്രധാനമന്ത്രി ഉൾപ്പടെ ഉള്ളവരുടെ പ്രത്യേക താത്പര്യ പ്രകാരമാണ് തിരിച്ചുവന്നത്. എന്നാൽ ഫിറ്റ്നസ് പ്രശ്നങ്ങൾ അലട്ടിയതിനാൽ താരത്തെ ലോകകപ്പ് ടീമിൽ നിന്ന് പുറത്താക്കുക ആയിരുന്നു. തനിക്ക് നേരിട്ട അവഗണയോട് പ്രതികരിച്ച താരം ഈ വൃത്തികെട്ട കളി കളിക്കാൻ താൻ ഇല്ലെന്നും തമീം ഇക്ബാൽ പറഞ്ഞു.
“ക്രിക്കറ്റുമായി വളരെയധികം ഇടപെടുന്ന ബോർഡിന്റെ ഉയർന്ന തലത്തിൽ നിന്ന് ആരോ എന്നെ വിളിച്ചു. നിങ്ങൾ ലോകകപ്പിന് പോകുമ്പോൾ പരിക്കിനോട് പോരാടി വേണം ഓരോ മത്സരങ്ങൾക്കും ഇറങ്ങാൻ എന്ന അഭിപ്രായം പറഞ്ഞു. അതിനാൽ, നിങ്ങൾ ഒരു കാര്യം ചെയ്യുന്നതാണ് നല്ലത്, അഫ്ഗാനിസ്ഥാനെതിരെ (ഒക്ടോബർ 7 ന്) ആദ്യ മത്സരം കളിക്കരുത്, ”എന്ന് തന്നോട് പറഞ്ഞതായി തമീം തന്റെ ഔദ്യോഗിക ഫേസ്ബുക്ക് അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ പറഞ്ഞു.
“അഫ്ഗാനിസ്ഥാൻ മത്സരം ഇനിയും 12/13 ദിവസങ്ങൾ ബാക്കിയാണെന്ന് ഞാൻ മറുപടി നൽകി. 12/13 ദിവസത്തിനുള്ളിൽ ഞാൻ മെച്ചപ്പെട്ട നിലയിലാകും. എന്തുകൊണ്ട് എനിക്ക് ആദ്യ മത്സരം കളിക്കാൻ പാടില്ല? ചോദ്യത്തിന് മറുപടിയായി അദ്ദേഹം നൽകിയ മറുപടി ഇങ്ങനെ ആയിരുന്നു – കളിച്ചാൽ ഓപ്പണിങ് ഇറങ്ങാതെ ബാറ്റിംഗിൽ ലോവർ ഡൌൺ ബാറ്റ് ചെയ്യേണ്ടി വരുമെന്ന് പറഞ്ഞു.
“ഇത് കേട്ടതിന് ശേഷം ഞാൻ ഞെട്ടിപ്പോയി, കാരണം എന്റെ 17 വർഷത്തെ കരിയറിൽ ഞാൻ ഒരിക്കലും ഓർഡറിന് താഴേക്ക് ബാറ്റ് ചെയ്തിട്ടില്ല. പലതും ചെയ്യാൻ ഞാൻ നിർബന്ധിതനാകുന്നത് പോലെ എനിക്ക് തോന്നുന്നു. ഞാൻ പറഞ്ഞു, ‘നോക്കൂ, നിങ്ങൾക്ക് അത്തരം ചിന്തകളുണ്ടെങ്കിൽ എന്നെ അയയ്ക്കരുത്. കുഴപ്പത്തിലാകാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഈ വൃത്തികെട്ട ഗെയിമിന്റെ ഭാഗമാകാൻ ഞാൻ ആഗ്രഹിക്കുന്നില്ല. എല്ലാ ദിവസവും നിങ്ങൾ എനിക്ക് പുതിയ പുതിയ പ്രശ്നങ്ങൾ ഉണ്ടാക്കുന്നു. എനിക്ക് ഇവിടെ നിൽക്കാൻ ആഗ്രഹമില്ല.” തമീം പറഞ്ഞു.
സെപ്തംബർ 23ന് ന്യൂസിലൻഡിനെതിരായ രണ്ടാം ഏകദിനത്തിൽ തമീം 44 റൺസെടുത്തു, ജൂലൈയിൽ വിരമിക്കാനുള്ള തീരുമാനം മാറ്റിയതിന് ശേഷമുള്ള അന്താരാഷ്ട്ര ക്രിക്കറ്റിലെ തന്റെ ആദ്യ ഇന്നിംഗ്സ് ആയിരുന്നു അത്. പരിക്കിനെ തുടർന്ന് ഈ വർഷത്തെ ഏഷ്യാ കപ്പും താരത്തിന് നഷ്ടമായിരുന്നു.
നീണ്ട നാളത്തെ പരുക്ക് കണക്കിലെടുത്ത് ലോകകപ്പിൽ അഞ്ച് മത്സരങ്ങൾ മാത്രമേ കളിക്കൂവെന്ന് തമീം സെലക്ടർമാരോട് പറഞ്ഞതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. പകുതി മാത്രം ഫിറ്റ്നസ് ഉള്ള ഒരു കളിക്കാരനെ ടീമിൽ ഉൾപ്പെടുത്താൻ ആഗ്രഹിക്കുന്നില്ലെന്ന് ടീം മാനേജ്‌മെന്റ് പ്രതികരിച്ചതായിട്ടും റിപ്പോർട്ടുകൾ പറഞ്ഞു.
എന്നാൽ ഈ വാർത്തകൾ തമീം നിഷേധിച്ചു. അദ്ദേഹം പറഞ്ഞു: “ഒക്ടോബർ 2 ന് എനിക്ക് വിശ്രമം നൽകുകയും രണ്ടാം സന്നാഹ മത്സരം (ഇംഗ്ലണ്ടിനെതിരെ) കളിക്കുകയും ചെയ്താൽ, ആദ്യ ലോകകപ്പ് മത്സരത്തിന് മുമ്പ് എനിക്ക് വേണ്ടത്ര സമയം (തയ്യാറാകാൻ) ലഭിക്കുമെന്ന് എനിക്ക് ഉറപ്പായിരുന്നു.” താരം പറഞ്ഞു
Read more
എന്തായാലും വലിയ പരിചയസമ്പത്തുള്ള തമീമിനെ പോലെ ഒരു താരത്തിന്റെ അഭാവം ബംഗ്ലാദേശിന് വലിയ തിരിച്ചടിയുണ്ടാക്കുമെന്ന കാര്യത്തിൽ യാതൊരു തർക്കവും ഇല്ല.