പ്രതിഭയുള്ള താരങ്ങളെ പുറത്തിരുത്തുന്ന ഈ ടീം എങ്ങനെ കപ്പടിക്കും; ഇന്ത്യയുടെ ലോക കപ്പ് സാദ്ധ്യതയെ കുറിച്ച് ഉത്തപ്പ

ഈ വര്‍ഷം ഇന്ത്യയില്‍ വെച്ച് നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പ് ടൂര്‍ണമെന്റിനായുള്ള തയ്യാറെടുപ്പിലാണ് ടീമുകള്‍. ടൂര്‍ണമെന്റിന് ആതിഥേയത്വം വഹിക്കുന്നതിനാല്‍ ഇന്ത്യന്‍ ടീം ഏറെ പ്രതീക്ഷയിലാണ്. ഇപ്പോഴിതാ ഇന്ത്യയുടെ ലോകകപ്പ് സാദ്ധ്യതകളെ കുറിച്ച് മനസ് തുറന്നിരിക്കുകയാണ് മുന്‍ താരം റോബിന്‍ ഉത്തപ്പ.

ഇത്തവണ ഇന്ത്യയിലാണ് ലോകകപ്പ്. എന്നാല്‍ ഇന്ത്യക്ക് നിരവധി കാര്യങ്ങളില്‍ ഇപ്പോഴും വ്യക്തത വരാനുണ്ട്. ഇന്ത്യന്‍ ടീം എവിടെ കളിക്കുന്നുവെന്നതില്‍ കാര്യമില്ല. എങ്ങനെ കളിക്കുന്നുവെന്നതിലാണ് കാര്യം. പ്രതിഭയുള്ള നിരവധി താരങ്ങള്‍ ഇന്ത്യന്‍ ടീമിനൊപ്പം അവസരം തേടുന്നുണ്ട്. എന്നാല്‍ ഇവരില്‍ പലര്‍ക്കും അവസരം ലഭിക്കുന്നില്ലെന്നതാണ് ദൗര്‍ഭാഗ്യകരമായ കാര്യം- ഉത്തപ്പ കൂട്ടിച്ചേര്‍ത്തു.

2013ന് ശേഷം ഒരു ഐസിസി ട്രോഫി പോലും ഇന്ത്യയുടെ അലമാരയിലില്ല. ഈ നാണക്കേട് ഇത്തവണത്തെ ലോകകപ്പ് നേട്ടത്തോടെ കഴുകിക്കളയാമെന്ന പ്രതീക്ഷയിലാണ് രോഹിത്തും സംഘവും. ഇതിനോടകം തന്നെ മികച്ച ടീം കരുത്ത് സൃഷ്ടിക്കാന്‍ ഇന്ത്യക്കായിട്ടുണ്ടെങ്കിലും ചില പ്രശ്നങ്ങള്‍ ഇപ്പോഴുമുണ്ട്.

ചില പൊസിഷനിലേക്ക് ആരൊക്കെ വേണമെന്നതാണ് പ്രധാനമായുള്ള ആശയക്കുഴപ്പം. പ്രതിഭയുള്ള താരങ്ങളാല്‍ ഇന്ത്യ സമ്പന്നമാണെങ്കിലും തിരഞ്ഞെടുപ്പിലെ പാളിച്ചകളാണ് ഇന്ത്യയെ പിന്നോട്ടടിക്കുന്നത്.