” ഈ നാട്ടിലെ പത്രങ്ങൾക്കും, പാപ്പരാസികൾക്കും എഴുതിയറുമാദിക്കാൻ, സെലിബ്രേറ്റി സ്റ്റാറ്റസ് ആഗ്രഹിക്കുന്ന ഒരു യൂഷ്വൽ സൈക്കോപാത്ത് അല്ല ഞാൻ. എന്റെ കഥയും, എന്റെ പ്രതികാരവും, എന്റെ മാത്രം സ്വകാര്യതയാണ് “.
കേരളം ആഘോഷിച്ച സൈക്കോ, ഡോക്ടർ ബെഞ്ഞമിൻ ലൂയിസിന്റെ വാക്കുകളാണിത്.
എന്നാൽ എല്ലായ്പ്പോഴും, പ്രതികാരവും അതിന്റെ പിന്നിലെ കഥയും, പുസ്തകതാളിൽ ഒളുപ്പിച്ചുവെച്ച മയിൽപ്പീലി തുണ്ട് പോലെ ആരുടെയൊക്കെയോ സ്വകാര്യത മാത്രമായി ഒതുങ്ങി പോവേണ്ടതല്ലലോ. പ്രത്യേകിച്ച്, അത് തലമുറകൾക്ക് പ്രചോദനമാകേണ്ടതാണെങ്കിൽ.
2002 ലെ ഇന്ത്യ – ഇംഗ്ലണ്ട് 6 മത്സര ഏകദിന പരമ്പര. ഓപ്പണിങ്ങിലേക്ക് സ്ഥാനകയറ്റം ലഭിച്ച സേവാഗ്, സച്ചിനൊപ്പം ആടി തിമിർത്തപ്പോൾ, ഇന്ത്യ 3-1 ന് മുൻപിൽ. അനായാസം, പരമ്പര നേടും എന്ന് കരുതിയ ടീം ഇന്ത്യയ്ക്ക് കൂച്ചു വിലങ്ങിടാൻ 5 ആം ഏകദിനത്തിൽ ആഷ്ലി ജൈൽസ് എന്ന സ്പിൻ മാന്ത്രികൻ ഇംഗ്ലണ്ട് ടീമിലെത്തി. 5 വിക്കറ്റ് വീഴ്ത്തിയ ജൈൽസിന്റെ മികവിൽ, 2 റൺസിനു ഇന്ത്യയെ തോൽപ്പിച്ചു ഇംഗ്ലണ്ട് പരമ്പര 3-2 ആക്കുന്നു.
അവസാന ഏകദിനം മുംബൈ വാങ്കടയിൽ. ഇംഗ്ലണ്ട് ഉയർത്തിയ 255 എന്ന ലക്ഷ്യം, ഗാംഗുലിയുടെ ബാറ്റിങ് മികവിൽ ഇന്ത്യ അനായാസം മറികടയ്ക്കുമെന്ന് തോന്നിയ നിമിഷങ്ങൾ. കാഡിയ്ക്കും, ജൈൽസും, ഗഫുമൊക്ക, ദാദയുടെ ബാറ്റിൽ നിന്നും വാങ്കടയുടെ ഗാലറിയിൽ പറന്നിറങ്ങിയ നിമിഷങ്ങൾ.
പക്ഷെ ആ സന്തോഷങ്ങൾക്ക്, 37 ആം ഓവറിലെ അവസാന പന്തിൽ ജൈൽസ്, ദാദയുടെ സ്റ്റമ്പ് പിഴുന്നത് വരെയുള്ള ആയുസ്സേ ഉണ്ടായിരുന്നോള്ളൂ. 37 ഓവറിൽ 191/4 ൽ നിന്നും, 49 ഓവറിൽ 245/8 ലേക്കുള്ള പതനം പെട്ടന്നായിരുന്നു.
അവസാന ഓവറിൽ ജയിക്കാൻ 11 റൺസ്. പന്ത് എറിയുന്നത് ഫ്ലിന്റോഫ്. ആദ്യപന്ത് കവറിലൂടെ പായിച്ചു കൊണ്ട് 2 റൺസ് നേടുന്ന കുബ്ലെ. എന്നാൽ പിന്നിടുള്ള പന്തുകളിൽ സിങ്കിളുകൾ മാത്രം വഴങ്ങിയ ഫ്ലിന്റൊഫ് 4 ആം പന്തിൽ കുമ്പളയെ റൺഔട്ട് ആകുന്നു. ജയിക്കാൻ 2 പന്തിൽ 6 റൺസ്. ഒരുജനതയുടെ മുഴുവൻ ആശങ്കയും മുഖത്ത് പ്രദർശിപ്പിച്ചു കൊണ്ട് ബൗണ്ടറി ലൈന് തൊട്ടടുത്തു ഇരുപ്പുറപ്പിച്ച ദാദ. പതിനൊന്നാമനായി വമ്പൻ അടികൾക്ക് കെല്പുള്ള ശ്രീനാഥ് ക്രീസിലേക്ക്.
49.5: ഓഫ് സൈഡിലേക്ക് ഷഫിൾ ചെയ്ത ശ്രീനാഥിന് നേരെ മിഡിൽ സ്റ്റമ്പ് ലക്ഷ്യമാക്കി
ഫ്ലിന്റോഫിന്റെ പെർഫെക്ട് യോർക്കർ..ബാറ്റ് വെയ്ക്കാനുള്ള ശ്രീനാഥിന്റെ ശ്രമത്തെ വിഫലമാക്കി ആ പന്ത് മിഡിൽ സ്റ്റമ്പ് പിഴുന്ന ശബ്ദം ചങ്ക് പിളരുന്ന വേദനയോടെ ഞങ്ങൾ കേട്ടു. നിരാശനായി ദാദ, ബൗണ്ടറി ലൈനിൽ നിന്നും എഴുന്നേറ്റ് ഡ്രസിങ് റൂമിലേയ്ക്ക് മടങ്ങുമ്പോൾ, ഫ്ലിന്റൊഫ് ലോകം കീഴടക്കിയവനെ പോലെ, ജഴ്സിയൂരി തന്റെ അർദ്ധനഗ്ന ശരീരം കാണിച്ചുകൊണ്ട് വാങ്കടയിലെ മൈതാനത്തിലൂടെ മാരത്തോൺ നടത്തുകയായിരുന്നു.
Read more
“പക…. വീട്ടാനുള്ളതാണ്”
ആറ് മാസങ്ങൾക്കിപ്പുറം നാറ്റ്വെസ്റ്റ് ട്രോഫി ഫൈനൽ. ഇംഗ്ലണ്ടിലെ ലോർഡ്സ്. 326 എന്ന കൂറ്റൻ വിജലക്ഷ്യം പിന്തുടർന്ന്, 146/5 എന്ന നിലയിൽ തോൽവി മുന്നിൽ കണ്ട ഇന്ത്യക്കായി, മുഹമ്മദ് കൈഫ് വിജയ റൺ നേടുന്ന ആവിശ്യസനീയ കാഴ്ച കണ്ട് നമ്മൾ ഞെട്ടൽ മാറാതെ നിൽക്കുന്ന നിമിഷത്തിൽ, ” Gentle man’s Game ” ന്റെ മെക്കയായ ലോർഡ്സിലെ ബാൽക്കണിയിൽ നിന്ന് കൊണ്ട് ഒരു ജനതയുടെ മുഴുവൻ ആവേശവുമാവാഹിച്ചുകൊണ്ട്, തന്റെ വിരിമാറ് കാട്ടി അയാൾ ജഴ്സിയൂരി വീശി. അതെ, അയാളുടെ കഥയും പ്രതികാരവും, ആയാളുടെ സ്വകാര്യതയായിരുന്നില്ല. അത്, ക്രിക്കറ്റിനെ നെഞ്ചിലേറ്റിയ ഇന്ത്യൻ ജനതയുടെ ആത്മാഭിമാനത്തിനേറ്റ ക്ഷതത്തിന്, ചെകിടം നോക്കി കൊടുത്ത തിരിച്ചടിയായിരുന്നു.
അത്, സച്ചിൻ ഔട്ട് ആയപ്പോൾ ടീവി നിർത്തി ദേവദാസ് കാണാൻ പോയ മാതാപിതാക്കളോട്, “സ്വന്തം മക്കളുടെ കഴിവിൽ വിശ്വാസമർപ്പിക്കുക” എന്ന ആഹ്വാനമായിരുന്നു. അത്, ഇന്ത്യൻ ക്രിക്കറ്റിന്റെ ആ തലമുറയ്ക്കും, വരും തലമുറകൾക്കും, ആത്മവിശ്വാസത്തോടെ മുന്നോട്ട് കുതിക്കാൻ ഊർജം നൽകിയ ഉൽപ്രേരകമായിരുന്നു.