സ്ത്രീയുടെ നഗ്നചിത്രത്തിൽ ജന്മദിനാശംസ, ജെഫ്രി എപ്സ്റ്റീന് ട്രംപ് അയച്ച പഴയ കത്ത് പുറത്ത്; വാൾസ്ട്രീറ്റ് ജേണലിനെതിരെ 1000 കോടിയുടെ മാനഷ്ട കേസ് നൽകി അമേരിക്കൻ പ്രസിഡന്റ്

യുഎസ് ജയിലിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച കുപ്രസിദ്ധ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീന് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് 2003ൽ എഴുതിയതെന്ന് ആരോപിക്കപ്പെടുന്ന അശ്ലീല ഉള്ളടക്കമുള്ള കത്തിൽ വിവാദം പുകയുന്നു. കത്ത് പുറത്തുവിട്ട മാധ്യമ സ്ഥാപനമായ വാൾസ്ട്രീറ്റ് ജേണലിനെതിരേ ട്രംപ് മാനനഷ്ടത്തിന് കേസ് ഫയൽ ചെയ്തു. 10 ബില്യൻ ഡോളർ (1000 കോടി) നഷ്ടപരിഹാരമായി ആവശ്യപ്പെട്ടാണ് കേസ്.

കുപ്രസിദ്ധ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീന് ജന്മദിനാശംസ നേർന്ന് ട്രംപ് അയച്ച കത്തിൽ, ഒരു സ്ത്രീയുടെ നഗ്നചിത്രം വരച്ചിരുന്നതായാണ് വാൾസ്ട്രീറ്റ് ജേണലിലെ ലേഖനത്തിൽ പറയുന്നത്. കറുത്ത മാർക്കർ കൊണ്ട് നഗ്നയായ ഒരു സ്ത്രീയുടെ രൂപരേഖ വരച്ച് അതിനകത്ത് ജന്മദിനാശംസ നേർന്നുകൊണ്ട് വരികൾ കുറിച്ചിടുകയായിരുന്നു. ട്രംപും എപ്സ്റ്റീനും തമ്മിലുള്ള സംഭാഷണ ശകലമാണ് വരികൾ. സ്ത്രീയുടെ സ്വകാര്യ ഭാഗങ്ങളെ സൂചിപ്പിക്കുന്ന വിധത്തിലാണ് കത്തിലെ വരികൾ. സ്വകാര്യഭാഗത്തെ അനുകരിക്കുന്ന വിധത്തിൽ ‘ഡൊണാൾഡ്’ എന്ന് കുത്തിവരച്ചുകൊണ്ടുള്ള ഒരു ഒപ്പും കത്തിലുണ്ട്. ‘ജന്മദിനാശംസകൾ, ഓരോ ദിവസവും മറ്റൊരു അദ്ഭുതമായിരിക്കട്ടെ’ എന്ന വരിയോടുകൂടിയാണ് കത്ത് അവസാനിക്കുന്നത്.

കത്ത് പുറത്തുവിട്ട വാൾസ്ട്രീറ്റ് ജേണലിന്റെ ഉടമ റുപ്പർട്ട് മർഡോക്കിനും രണ്ട് റിപ്പോർട്ടർമാർക്കുമെതിരേയാണ് ട്രംപ് മാനനഷ്ടത്തിന് കേസ് ഫയൽ ചെയ്തത്. വ്യാഴാഴ്‌ചയാണ് ഈ ലേഖനം വാൾസ്ട്രീറ്റ് ജേണലിൽ പ്രസിദ്ധീകരിച്ചത്. പിന്നാലെ ട്രംപിനുനേരെ വലിയ അധിക്ഷേപങ്ങളുയർന്നു. ലേഖനം വ്യാജമാണെന്നും പ്രസിദ്ധീകരിക്കരുതെന്നും ട്രംപ് മർഡോക്കിനെ താക്കീത് ചെയ്തതിരുന്നതായി റിപ്പോർട്ടുകളുണ്ട്. എന്നാൽ, സ്ഥാപനം അത് അവഗണിച്ച് പ്രസിദ്ധീകരിക്കുകയായിരുന്നു.

അതേസമയം ഈ വാചകം എഴുതിയതിലോ അശ്ലീല ചിത്രം വരച്ചതിലോ തനിക്ക് യാതൊരു പങ്കും ഇല്ലെന്നാണ് ട്രംപ് വാദിക്കുന്നത്. ഇതു താനെഴുതിയ കത്തല്ലെന്നും വാൾസ്ട്രീറ്റ് ജേണലിന്റേത് തട്ടിപ്പ് കഥയാണെന്നും ട്രംപ് പറഞ്ഞു. കത്തിൽ കാണുന്നത് തന്റെ ഭാഷയല്ല. സ്ത്രീകളുടെ ചിത്രം വരയ്ക്കാറില്ലെന്നും ട്രംപ് പറഞ്ഞു. ലേഖനം വ്യാജവും ദുരുദ്ദേശ്യപരവും അപകീർത്തികരവുമാണെന്നാണ് ട്രംപ് ഫയൽ ചെയ്തത മാനനഷ്‌ടക്കേസിൽ പറയുന്നത്. രാഷ്ട്രീയപ്രേരിതമായ ആക്രമണമാണിതെന്ന് ട്രംപിൻ്റെ നിയമസംഘവും വ്യക്തമാക്കുന്നു. ജേണലിന് എങ്ങനെയാണ് ഇത്തരത്തിലൊരു കത്ത് ലഭിച്ചതെന്ന് അന്വേഷിക്കണമെന്നും കേസിൽ പറയുന്നു.

1997 ൽ ജെഫ്രി എപ്സ്റ്റീനോടൊപ്പം പ്രസിഡന്റ് ട്രംപ്

ആരാണ് ജെഫ്രി എപ്സ്റ്റീൻ

സെലിബ്രിറ്റികളുടെയും ഉന്നത രാഷ്ട്രീയക്കാരുടെയും ബിസിനസുകാരുടെയും ലൈംഗിക ആവശ്യങ്ങൾക്കായി പ്രായപൂർത്തിയാകാത്തവരെ കടത്തിയെന്ന കുറ്റം ചുമത്തപ്പെട്ട ശതകോടീശ്വരനാണ് ജെഫ്രി എപ്സിറ്റീൻ. കരീബിയൻ ദ്വീപിലും ന്യൂയോർക്ക്, ഫ്ലോറിഡ, ന്യൂ മെക്സിക്കോ എന്നിവിടങ്ങളിലെ വീടുകളിലും എപ്സ്റ്റീനും അയാളുടെ ഉന്നത ബന്ധങ്ങളുള്ള അതിഥികളും ലൈം​ഗികമായി ഉപയോ​ഗിച്ചിരുന്നു എന്ന് ആരോപിച്ച് നിരവധി സ്ത്രീകൾ രം​ഗത്ത് വന്നിരുന്നു. ട്രംപ്, മുൻ യുഎസ് പ്രസിഡന്റ് ബിൽ ക്ലിൻ്റൺ, ബ്രിട്ടനിലെ ആൻഡ്രൂ രാജകുമാരൻ തുടങ്ങി ഒട്ടേറെ പ്രമുഖരുമായി എപ്സ്റ്റീന് ബന്ധമുണ്ടായിരുന്നു.

2005ൽ, 14കാരിയെ ലൈംഗികമായി പീഡിപ്പിച്ചതായുള്ള പരാതിയെ തുട‍ർന്നാണ് ജെഫ്രി എപ്സ്റ്റീനെതിരെ അന്വേഷണം ആരംഭിക്കുന്നത്. അന്വേഷണത്തിൽ എപ്സ്റ്റീൻ 36 പെൺകുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുകയും ആക്രമിക്കുകയും ചെയ്തതായി കണ്ടെത്തി. രണ്ട് കേസുകളിൽ ഇയാൾ കുറ്റം സമ്മതിക്കുകയും 2008ൽ ശിക്ഷിക്കപ്പെടുകയും ചെയ്തു. എന്നാൽ 13 മാസം മാത്രമാണ് എപ്സ്റ്റീന് ജയിലിൽ കഴിയേണ്ടി വന്നത്. പിന്നീട് 2019 ജൂലൈയിൽ പ്രായപൂർത്തിയാകാത്തവരെ ലൈംഗിക ആവശ്യങ്ങൾക്കായി കടത്തിയെന്ന കുറ്റത്തിന് ജെഫ്രി എപ്സ്റ്റീൻ വീണ്ടും അറസ്റ്റിലായി. ബാലലൈം​ഗികപീഡന പരമ്പരയുമായി ബന്ധപ്പെട്ട വിചാരണക്കിടെ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീൻ ജയിലിൽ ആത്മഹത്യ ചെയ്തു.

കേസിൽ വിചാരണ കാത്ത് ന്യൂയോർക്കിലെ ജയിലിൽ കഴിയവെ 2019 ഓഗസ്റ്റിളാണ് മരണം. ആത്മഹത്യയാണെന്നാണ് പറയപ്പെടുന്നതെങ്കിലും ഇപ്പോഴും ദുരൂഹത തുടരുന്നു. പിന്നാലെ ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളിൽ പങ്കാളികളായവർക്കെതിരായ നിയമ നടപടികൾ നിർത്തി വെയ്ക്കുകയായിരുന്നു. അന്നുമുതൽ പലപ്പോഴും യുഎസിൽ ഈ മരണം പലതരത്തിലുള്ള വിവാദങ്ങൾക്ക് കാരണമാവാറുണ്ട്. കേസിൽ കൂടുതൽ പേരുകൾ പുറത്തുപറയാതിരിക്കാൻ അദ്ദേഹത്തെ കൊലപ്പെടുത്തിയതാണെന്നാണ് ചില ഡെമോക്രാറ്റുകൾ വിശ്വസിക്കുന്നത്. എപ്സ്റ്റീൻ ഒരു വൻ പീഡോഫൈൽ ശൃംഖലയുടെ ഭാഗമായിരുന്നുവെന്ന് ട്രംപിന്റെ അനുയായികളും വിശ്വസിക്കുന്നു.

Read more

യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, പോപ്പ് ഐക്കൺ മൈക്കൽ ജാക്‌സൺ, നടൻ അലക് ബാൾഡ്‌വിൻ, ചലച്ചിത്ര നിർമ്മാതാവ് ഹാർവി വെയ്ൻ‌സ്റ്റൈൻ എന്നിവർ ജെഫ്രി എപ്‌സ്റ്റീന്റെ കോൺടാക്റ്റ് ലിസ്റ്റിലുണ്ടായിരുന്ന എണ്ണമറ്റ സെലിബ്രിറ്റികളിൽ ഉൾപ്പെടുന്നുവെന്ന് 2025 ഫെബ്രുവരിയിൽ അമേരിക്കൻ നീതിന്യായ വകുപ്പിന്റെ ഒരു രേഖയിൽ വെളിപ്പെടുത്തിയിരുന്നു. എന്നാൽ കേസിൽ ഇവരുടെ പങ്കാളിത്തത്തെക്കുറിച്ച് അന്വേഷണത്തിൽ വെളിപ്പെടുത്തിയ കാര്യങ്ങൾ ഇപ്പോഴും പൊതുജനങ്ങൾക്ക് ലഭ്യമായ നിലയിൽ പരസ്യപ്പെടുത്തിയിട്ടില്ല.