'ഇവിടെ എല്ലാം അവസാനിച്ചു'; വിരമിക്കല്‍ പ്രഖ്യാപിച്ച് വാര്‍ണര്‍

2024 ടി20 ലോകകപ്പിന് ശേഷം അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്നുള്ള തന്റെ വിരമിക്കല്‍ സ്ഥിരീകരിച്ച് ഡേവിഡ് വാര്‍ണര്‍. ജൂണ്‍ 01 മുതല്‍ വെസ്റ്റ് ഇന്‍ഡീസിലും യുഎസ്എയിലും നടക്കാനിരിക്കുന്ന ടി20 ലോകകപ്പിന് ശേഷം വിരമിക്കുമെന്ന് താരം പറഞ്ഞു. പെര്‍ത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ മൂന്നാം ടി20ക്ക് ശേഷമാണ് വിരമിക്കല്‍ താരം സ്ഥിരീകരിച്ചത്.

ന്യൂസിലന്‍ഡ് പരമ്പരയ്ക്ക് ശേഷം എനിക്ക് ഒരുപാട് അവധിയുണ്ട്. കരീബിയന്‍ ദ്വീപില്‍ ഒരു ലോകകപ്പ് തുടങ്ങുന്നതിന് മുമ്പ് ഐപിഎല്ലിലേക്ക് പോകും. എന്റെ ഓസ്‌ട്രേലിയന്‍ മണ്ണിലെ മത്സരങ്ങള്‍ അവസാനിച്ചു. ഇനി ചെറുപ്പക്കാര്‍ കടന്നുവന്ന് അവരുടെ കഴിവുകള്‍ കാണിക്കേണ്ട സമയമാണ്- വാര്‍ണര്‍ പറഞ്ഞു.

മൂന്നാം ടി20യില്‍ 49 പന്തില്‍ നിന്ന് 81 റണ്‍സ് നേടി വാര്‍ണര്‍ ഓസ്ട്രേലിയയുടെ ടോപ് സ്‌കോററായി. എന്നിരുന്നാലും, 221 റണ്‍സ് പിന്തുടരാന്‍ അദ്ദേഹത്തിന്റെ ടീമിനായില്ല. മൂന്ന് ഇന്നിംഗ്സുകളില്‍ നിന്ന് 173 റണ്‍സ് നേടിയ വാര്‍ണര്‍ പരമ്പരയിലെ താരമായി.

മറ്റ് ഫോര്‍മാറ്റുകളില്‍ നിന്ന് നേരത്തെ തന്നെ വാര്‍ണര്‍ വിരമിച്ചിരുന്നു. 2024 ജനുവരി 1ന് അദ്ദേഹം ഏകദിനത്തില്‍ നിന്നും 2024 ജനുവരി 6 ന് ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിച്ചിരുന്നു.