'കപില്‍ദേവൊക്കെ അങ്ങ് ക്രിക്കറ്റില്‍, ഇവിടെ അദ്ദേഹം നിയമലംഘനം നടത്തിയിരിക്കുന്നു'; പൊലീസ് ഉദ്യോഗസ്ഥനോട് കയര്‍ത്ത് ഇതിഹാസത്തിന്‍റെ മകള്‍

ഇന്ത്യയുടെ മുന്‍ ക്രിക്കറ്റ് നായകന്‍ കപില്‍ദേവ് ഒരിക്കല്‍ മകള്‍ അമിയ ദേവിനൊപ്പം മുംബൈയിലെ മറീന ബീച്ച് റോഡു വഴി സീറ്റ് ബെല്‍റ്റിടാതെ കാറോടിച്ചതിന് പൊലീസുകാര്‍ തടഞ്ഞു നിര്‍ത്തി. വാഹനത്തില്‍ കപില്‍ദേവാണെന്ന് കണ്ട പൊലീസുദ്യോഗസ്ഥന്‍ അദ്ദേഹത്തോട് മാപ്പുപറഞ്ഞ് വാഹനം മുന്നോട്ടുപോകാന്‍ അനുവദിച്ചു.

എന്നാല്‍ 27കാരിയായ മകള്‍ അമിയ ഡോര്‍ തുറന്നു പുറത്തിറങ്ങി പിതാവായ കപില്‍ദേവിന് ഫൈന്‍ ചുമത്താത്തതിന് പോലീസ് ഉദ്യോഗസ്ഥനോട് കയര്‍ത്തു. ‘കപില്‍ദേവൊക്കെ അങ്ങ് ക്രിക്കറ്റില്‍, ഇവിടെ അദ്ദേഹം നിയമലംഘനം നടത്തിയിരിക്കുന്നു. അതിന് ഫൈന്‍ ചുമത്തണം. ഇതെല്ലാവര്‍ക്കും മാതൃകയാകട്ടെ.’

അമിയയുടെ വാക്കുകള്‍ക്കുമുന്നില്‍ വിനീതനായി പൊലീസുകാരന്‍ ‘ ബേബി … ബേബി.. Doesn’t matter ‘ എന്നൊക്കെ പറഞ്ഞു നോക്കിയെങ്കിലും രക്ഷയില്ല. ഒടുവില്‍ കപില്‍ ഇടപെട്ട് ഫൈന്‍ തുക നല്‍കി രസീത് വാങ്ങിയതോടെയാണ് മകള്‍ കാറില്‍ കയറിയത്. വണ്ടി മുന്നോട്ട് എടുക്കുന്നതിന് മുമ്പ് മകളെ അഭിനന്ദിക്കാന്‍ കപിലും പൊലീസുകാരനും മറന്നില്ല.

പിന്നീട് ഒരിക്കല്‍ കപില്‍ദേവ് ഇന്നത്തെ യുവതലമുറയുടെ ജാഗരൂകതയെ പറ്റിയുള്ള ഉദാഹരണമായി ഈ സംഭവം പരസ്യമായി പറഞ്ഞതോടെയാണ് ഇക്കാര്യം പുറംലോകം അറിഞ്ഞത്.

എഴുത്ത്: മധു ചിറ്റൂര്‍

Read more

കടപ്പാട്: കേരള ക്രിക്കറ്റ് ഫാന്‍സ്