ടി20യിൽ ലോക ഒന്നാം നമ്പർ ബാറ്റർ അഭിഷേക് ശർമ്മ ടെസ്റ്റ് ക്രിക്കറ്റ് കളിക്കാൻ ആഗ്രഹിക്കുന്നുവെന്ന് വെളിപ്പെടുത്തി വെസ്റ്റ് ഇൻഡീസ് ഇതിഹാസം ബ്രയാൻ ലാറ. ഏറ്റവും ചെറിയ ഫോർമാറ്റിൽ മികച്ച പ്രകടനം കാഴ്ചവച്ച അഭിഷേക്, അടുത്തിടെ സമാപിച്ച 2025 ഏഷ്യ കപ്പിൽ 300 ൽ അധികം റൺസ് നേടിയിരുന്നു.
രോഹിത് ശർമ്മയുടെ പ്രായവും വിരമിക്കലിനുള്ള സാധ്യതയും കണക്കിലെടുത്ത് ഏകദിന മത്സരങ്ങൾക്കായി അഭിഷേകിനെ പരിഗണിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ കളി വൈറ്റ്-ബോൾ ഫോർമാറ്റുകൾക്ക് അനുയോജ്യമാണെങ്കിലും യുവ ബാറ്റ്സ്മാൻ റെഡ്-ബോൾ ക്രിക്കറ്റിൽ അതീവ തൽപരനാണെന്ന് ലാറ പറഞ്ഞു.
“SRH കാലഘട്ടം മുതൽ അഭിഷേകിനെ എനിക്കറിയാം. അദ്ദേഹം അത്ഭുതകരവും പ്രത്യേകവുമായ കളിക്കാരനാണ്. യുവരാജിന് അദ്ദേഹത്തിൽ വലിയ സ്വാധീനമുണ്ടെന്ന് ഞാൻ കരുതുന്നു. അദ്ദേഹത്തിന്റെ ബാറ്റ് വേഗതയും അദ്ദേഹം ഷോട്ടുകൾ കളിക്കുന്ന രീതിയും മികച്ചതാണ്,” ലാറ പറഞ്ഞു.
Read more
“ടെസ്റ്റ് ക്രിക്കറ്റിനെക്കുറിച്ചും ഈ ഫോർമാറ്റ് എങ്ങനെ കളിക്കാമെന്നതിനെക്കുറിച്ചും അദ്ദേഹം എന്നോട് സംസാരിക്കുമായിരുന്നു. അഞ്ച് ദിവസത്തെ ഫോർമാറ്റിനോട് അദ്ദേഹത്തിന് താൽപ്പര്യമുണ്ട്, അത് അദ്ദേഹത്തെപ്പോലുള്ള ഒരാൾക്ക് വളരെ നല്ലതാണ്. കുറച്ച് വർഷങ്ങൾക്കുള്ളിൽ അദ്ദേഹം കാണിച്ച പുരോഗതി കാണുന്നത് വളരെ സന്തോഷകരമാണ്. എല്ലാ ഫോർമാറ്റുകളും കളിക്കാൻ അദ്ദേഹത്തിന് അതിയായ ആഗ്രഹമുണ്ട്,” അദ്ദേഹം കൂട്ടിച്ചേർത്തു.







