നിലവില്‍ ലോകത്തെ ഏറ്റവും മികച്ച വൈറ്റ് ബോളര്‍ അവനാണ്; പ്രശംസിച്ച് ദിനേശ് കാര്‍ത്തിക്

നിലവില്‍ ലോകത്തെ ഏറ്റവും മികച്ച വൈറ്റ് ബോളര്‍ ഓസീസിന്റെ മിച്ചല്‍ സ്റ്റാര്‍ക്കാണെന്ന് ഇന്ത്യന്‍ താരം ദിനേശ് കാര്‍ത്തിക്. ഇന്ത്യയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ താരത്തിന്‍രെ മിന്നും പ്രകടനത്തിന്റെ പശ്ചാത്തലത്തിലാണ് കാര്‍ത്തികിന്റെ നിരീക്ഷണം. സ്റ്റാര്‍ക്കിനെപ്പോലെ നിലവാരമുള്ള ഇടംകൈയ്യന്‍ സീമറെ ഉള്‍ക്കൊള്ളാന്‍ ലോകത്തിലെ ഏതൊരു ബാറ്ററും പാടുപെടുമെന്ന് കാര്‍ത്തിക് പറഞ്ഞു.

ഇപ്പോള്‍ ലോകത്തിലെ ഏറ്റവും മികച്ച വൈറ്റ് ബോള്‍ ബോളറാണ് അദ്ദേഹം. ക്രീസിലേക്ക് വരുന്ന ഉടനെ തന്നെ ഇത്തരം പന്തുകള്‍ നേരിടുക ബാറ്ററെ സംബന്ധിച്ച് ബുദ്ധിമുട്ടാണ്. നിങ്ങള്‍ ആരെ അവിടെയിട്ടാലും പലപ്പോഴും അവര്‍ ആദ്യ പന്തില്‍ തന്നെ പുറത്താകും. നിലവാരമുള്ള ഇടംകൈയന്‍ പേസര്‍മാരെ നേരിടാന്‍ ബാറ്റര്‍മാര്‍ക്ക് കുറച്ച് സാവകാശം ആവശ്യമാണ്- കാര്‍ത്തിക് പറഞ്ഞു.

ഞായറാഴ്ച വിശാഖപട്ടണത്ത് നടന്ന രണ്ടാം ഏകദിനത്തില്‍ ഓസ്‌ട്രേലിയന്‍ ഇടംകൈയന്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്ക് തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവെച്ചത്. ഇന്ത്യന്‍ ബാറ്റിംഗ് യൂണിറ്റിന് സ്റ്റാര്‍ക്കിന് മുമ്പില്‍ പിടിച്ചുനില്‍ക്കാനായില്ല എന്നതാണ് സത്യം. ഓസീസ് 10 വിക്കറ്റ് വിജയം നേടിയ മത്സരത്തില്‍ 53 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റ് നേടിയ് സ്റ്റാര്‍ക്ക് കളിയിലെ താരമായി.

ഈ പ്രകടനത്തോടെ ഏകദിന ക്രിക്കറ്റില്‍ കൂടുതല്‍ തവണ 5 വിക്കറ്റ് നേട്ടം സ്വന്തമാക്കുന്നവരുടെ പട്ടികയില്‍ ബ്രെറ്റ് ലീയ്ക്കും ശാഹിദ് അഫ്രീദിക്കുമൊപ്പം സ്റ്റാര്‍ക്ക് മൂന്നാം സ്ഥാനത്തെത്തി. 9 തവണയാണ് ഇവര്‍ 5 വിക്കറ്റ് നേട്ടം സ്വന്തമാക്കിയത്. വഖാര്‍ യൂനിസ് (13 തവണ), മുത്തയ്യ മുരളീധരന്‍ (10) എന്നിവരാണ് ആദ്യ രണ്ട് സ്ഥാനത്ത്.