ഇത് പുതിയ ഗെയിം പ്ലാനൊന്നുമല്ല, ഞാന്‍ 13 വര്‍ഷമായി ഇത് ചെയ്യുന്നു; വെളിപ്പെടുത്തി മിച്ചല്‍ സ്റ്റാര്‍ക്ക്

ഞായറാഴ്ച വിശാഖപട്ടണത്ത് നടന്ന രണ്ടാം ഏകദിനത്തില്‍ ഓസ്ട്രേലിയന്‍ ഇടംകൈയന്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്ക് തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവെച്ചത്. ഇന്ത്യന്‍ ബാറ്റിംഗ് യൂണിറ്റിന് സ്റ്റാര്‍ക്കിന് മുമ്പില്‍ പിടിച്ചുനില്‍ക്കാനായില്ല എന്നതാണ് സത്യം. ഓസീസ് 10 വിക്കറ്റ് വിജയം നേടിയ മത്സരത്തില്‍ 53 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റ് നേടിയ് സ്റ്റാര്‍ക്ക് കളിയിലെ താരമായി.

13 വര്‍ഷമായി എന്റെ പ്ലാന്‍ മാറിയിട്ടില്ല- ഫുള്‍ ബോള്‍, ഹിറ്റ് ദ സ്റ്റമ്പ്സ്, സ്വിംഗ്. പവര്‍പ്ലേയില്‍ വിക്കറ്റ് വീഴ്ത്തുക എന്നത് വളരെക്കാലമായി എന്റെ റോളാണ്. അതേസമയം ചില സമയങ്ങളില്‍ ഞാന്‍ അധികം റണ്‍സു വഴങ്ങാറുമുണ്ട്. പക്ഷേ പുറത്താക്കാന്‍ എല്ലാ രീതികളിലൂടെയും ഞാന്‍ ശ്രമിക്കാറുണ്ട്. അതിനാല്‍ തന്നെ ഇതൊരു പുതിയ ഗെയിം പ്ലാനൊന്നുമല്ല- മത്സര ശേഷം സ്റ്റാര്‍ക്ക് പറഞ്ഞു.

പാറ്റ് കമ്മിന്‍സിന്റെയും ജോഷ് ഹേസില്‍വുഡിന്റെയും അഭാവത്തില്‍ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഓസ്ട്രേലിയന്‍ ബൗളിംഗ് യൂണിറ്റിനെ സ്റ്റാര്‍ക്കാണ് നയിക്കുന്നത്. വാങ്കഡെയില്‍ നടന്ന പരമ്പരയുടെ ഉദ്ഘാടന മത്സരത്തിലും തുടക്കത്തിലെ മൂന്ന് വിക്കറ്റുകള്‍ പിഴുത് സ്റ്റാര്‍ക്ക് ഇന്ത്യയെ വിറപ്പിച്ചിരുന്നു.

ബാറ്റിംഗിലും ബോളിംഗിലും ഇന്ത്യയെ നാണംകെടുത്തിയ ഓസ്‌ട്രേലിയയ്ക്ക് 10 വിക്കറ്റിന്റെ അനായാസ ജയം തേടി പരമ്പരയില്‍ ഒപ്പമെത്തി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയെ 117 റണ്‍സില്‍ ഓള്‍ഔട്ടാക്കിയ ഓസ്‌ട്രേലിയ 118 റണ്‍സിന്റെ വിജയലക്ഷ്യം വെറും 11 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ മറികടന്നു. പരമ്പര ജേതാക്കളെ നിശ്ചയിക്കുന്ന അവസാന ഏകദിനം ബുധനാഴ്ച ചെന്നൈയില്‍ നടക്കും.