ഐ.പി.എല്ലില്‍ അവസരമില്ല; ഇംഗ്ലണ്ടിന് വിമാനം കയറി ഇന്ത്യന്‍ താരം

ഐ.പി.എല്‍ സീസണില്‍ ഒരു ടീമും സ്വന്തമാക്കാത്ത ഇന്ത്യന്‍ താരം ഹനുമ വിഹാരി ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റില്‍ കളിക്കും. ഇംഗ്ലീഷ് കൗണ്ടി ടീമായ വാര്‍വിക്ക്‌ഷെയറുമായി താരം കരാറിലെത്തി. നിലവില്‍ ഇംഗ്ലണ്ടിലെത്തിയ വിഹാരി കൗണ്ടി സീസണിലേക്കുള്ള മുന്നൊരുക്കങ്ങള്‍ ആരംഭിച്ചു കഴിഞ്ഞതായാണ് വിവരം.

ബി.സി.സി.ഐയിലെ ഉന്നത ഉദ്യോഗസ്ഥരിലൊരാളാണ് ഹനുമ വിഹാരി കൗണ്ടി ക്രിക്കറ്റ് കളിക്കാനൊരുങ്ങുന്ന കാര്യം വ്യക്തമാക്കിയത്. ഇംഗ്ലണ്ടിന്റെ സാഹചര്യങ്ങളുമായി താരം പൊരുത്തപ്പെടുന്നത് ജൂണില്‍ ന്യൂസിലന്‍ഡിനെതിരെ നടക്കാനിരിക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ ഇന്ത്യക്ക് ഗുണം ചെയ്യുമെന്നാണ് ബി.സി.സി.ഐ കരുതുന്നത്.

Century of a different type: Hanuma Vihari

നിലവില്‍ ഇന്ത്യന്‍ ടെസ്റ്റ് ടീമിലെ പ്രധാന താരങ്ങളിലൊരാളാണ് വിഹാരി. 2018 ല്‍ ഇംഗ്ലണ്ടിനെതിരെ കളിച്ചാണ് വിഹാരി അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ചത്. ഇതു വരെ 12 ടെസ്റ്റ് മത്സരങ്ങള്‍ കളിച്ചിട്ടുള്ള വിഹാരി 32.84 ബാറ്റിംഗ് ശരാശരിയില്‍ 624 റണ്‍സ് നേടിയിട്ടുണ്ട്.

നേരത്തെ ഇന്ത്യയുടെ മധ്യനിര ബാറ്റ്സ്മാന്‍ ശ്രേയസ് അയ്യര്‍ ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റില്‍ കളിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ പരിക്കിന്റെ പിടിയിലായ താരത്തിന് ഇത്തവണ അതിന് കഴിയില്ലെന്നാണ് വിവരം. റോയല്‍ ലണ്ടന്‍ കപ്പില്‍ ലങ്കാഷെയറിനു വേണ്ടിയായിരുന്നു ശ്രേയസ് കളിക്കേണ്ടിരിരുന്നത്.