ചാപ്പല്‍ വേറെ പണിക്ക് പോകാന്‍ പറഞ്ഞ് തള്ളിക്കളഞ്ഞ താരം; ഇന്ന് അവൻ ടീമിലേക്ക് മടങ്ങി വരുന്നതും കാത്ത് ആരാധകർ ഇരിക്കുന്നു

ക്രിക്കറ്റല്ലാതെ വേറെ പണി നോക്കാന്‍ ഓസ്‌ട്രേലിയയുടെ മുന്‍ താരവും ഇന്ത്യന്‍ പരിശീലകനുമായിരുന്ന ഗ്രെഗ് ചാപ്പല്‍ ഉപദേശിച്ച വ്യക്തിയാണ് ദീപക് ചഹാറെന്ന് ഇന്ത്യയുടെ മുന്‍ പേസ് ബോളര്‍ വെങ്കടേഷ് പ്രസാദ്.  രാജസ്ഥാന്‍ ക്രിക്കറ്റ് അസോസിയേഷനില്‍വെച്ചായിരുന്നു ചാപ്പല്‍ ദീപക്കിനോട് ഇക്കാര്യം പറഞ്ഞത്.

“ഉയരത്തിന്റെ പേരും പറഞ്ഞ് രാജസ്ഥാന്‍ ക്രിക്കറ്റ് അസോസിയേഷനില്‍വെച്ച് ഗ്രെഗ് ചാപ്പല്‍ തള്ളിക്കളഞ്ഞ താരമാണ് ദീപക് ചാഹര്‍. വേറെ ജോലി നോക്കാനും അദ്ദേഹം അന്ന് ചാഹറിനെ ഉപദേശിച്ചിരുന്നു. ബോളറായിട്ടു പോലും  ബാറ്റിംഗിലെ തകര്‍പ്പന്‍ പ്രകടനത്തിലൂടെ ദീപക് ചാഹര്‍ ഇന്ത്യയെ വിജയത്തിലെത്തിച്ചിരിന്നത് വലിയ വാർത്ത ആയിരുന്നു .”

“ഇതില്‍ നിന്ന് നാം പഠിക്കേണ്ടത് ഇതാണ്. സ്വന്തം കഴിവില്‍ വിശ്വസിക്കുക, വിദേശ പരിശീലകരെ അമിതമായി ആശ്രയിക്കാതിരിക്കുക. ഇക്കാര്യത്തില്‍ വ്യത്യസ്തായ ചിലരുണ്ടാകാം. പക്ഷേ, ഇന്ത്യയില്‍ ഇത്രയേറെ പ്രതിഭാധനരായ ആളുകള്‍ ഉള്ളപ്പോള്‍ ഇന്ത്യയിലെ ടീമുകളും പരമാവധി ഇന്ത്യക്കാരായ പരിശീലകരെയും മെന്റര്‍മാരെയും നിയമിക്കുന്നതാണ് നല്ലത്” പ്രസാദ് പറഞ്ഞു.

ശ്രീലങ്കയ്ക്കെതിരായ രണ്ടാം ഏകദിനത്തില്‍ പരാജയത്തിന്റെ വക്കില്‍ നിന്ന് ദീപക് ചഹാറിന്‍റെ മിന്നും ഇന്നിംഗ്സിന്‍റെ തോളിലേറിയാണ് ഇന്ത്യ വിജയതീരമണഞ്ഞത്. ലങ്ക മുന്നില്‍വച്ച 276 എന്ന ലക്ഷ്യം തേടിയ ഇന്ത്യ ഏഴ് വിക്കറ്റിന് 193 എന്ന നിലയില്‍ തകര്‍ന്നതാണ്. എന്നാല്‍ ദീപക് ചഹാറിന്റെ വീരോചിത ബാറ്റിംഗ് നീലപ്പടയ്ക്ക് അപ്രതീക്ഷിത വിജയം ഒരുക്കിക്കൊടുത്തു.