'ഗംഭീർ രഞ്ജി ട്രോഫി ടീമിനെ പരിശീലിപ്പിച്ച് കഴിവ് തെളിയിച്ചിട്ട് ഇന്ത്യൻ ടീമിലേക്ക് വന്നാൽ നന്നാകും'; ഉപദേശവുമായി ഇംഗ്ലണ്ട് മുൻ താരം

നിലവിലുള്ള ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ പ്രകടനത്തിൽ വൻ വിമർശനങ്ങളാണ് ഉയർന്നു വരുന്നത്. പരിശീലകനായ ഗൗതം ഗംഭീർ ചുമതലയേറ്റതോടെ ഇന്ത്യയുടെ വിജയ ശതമാനം വൻ തോതിൽ കുറഞ്ഞു. വിദേശ മത്സരങ്ങൾ ഹോം മത്സരം പോലെ വിജയിച്ചിരുന്നു ഇന്ത്യ ഇപ്പോൾ സ്വന്തം മണ്ണിൽ പോലും വിജയം കണ്ടെത്താൻ പ്രയാസപ്പെടുകയാണ്.

ഇപ്പോഴിതാ ഇന്ത്യന്‍ പരിശീലകന്‍ ഗൗതം ഗംഭീർ രഞ്ജി ട്രോഫി ടീമിനെ പരിശീലിപ്പിക്കണമെന്ന് പറഞ്ഞിരിക്കുകയാണ് ഇംഗ്ലണ്ടിന്റെ മുന്‍ താരം മോണ്ടി പനേസര്‍. വൈറ്റ് ബോള്‍ ഫോര്‍മാറ്റില്‍ മികച്ച പ്രകടനം നടത്തുമ്പോഴും ടെസ്റ്റില്‍ ഇന്ത്യന്‍ ടീം ദയനീയ പ്രകടനം തുടരുന്ന പശ്ചാത്തലത്തിലാണ് പനേസറിന്റെ പ്രതികരണം.

‘വൈറ്റ് ബോൾ ക്രിക്കറ്റിൽ ഗൗതം ഗംഭീർ ഒരു നല്ല പരിശീലകനാണ്. കാരണം അദ്ദേഹം വിജയം നേടുകയും ചെയ്തി‌ട്ടുണ്ട്. എന്നാൽ രഞ്ജി ട്രോഫിയിൽ പരിശീലകനാകുന്നത് അദ്ദേഹത്തിന് ഉപകാരമാകും. റെഡ് ബോൾ ക്രിക്കറ്റിൽ ഒരു ടീമിനെ എങ്ങനെ ഒരുക്കണം എന്നതിനെക്കുറിച്ച് രഞ്ജി ട്രോഫിയിൽ പരിശീലനം നൽകിയവരുമായി ​ഗംഭീർ സംസാരിക്കുന്നത് നന്നായിരിക്കും’, പനേസർ എഎൻഐയോട് പ്രതികരിച്ചു.

Read more

‘നിലവിൽ ഇന്ത്യൻ ടീം ടെസ്റ്റ് ക്രിക്കറ്റിൽ ദുർബലരാണ്. ഇതാണ് യാഥാർഥ്യം. മൂന്ന് വലിയ താരങ്ങള്‍ വിരമിക്കുമ്പോൾ, ബാക്കിയുള്ള കളിക്കാരെ തയ്യാറാക്കി നിർത്താൻ ഗംഭീറിന് ബുദ്ധിമുട്ടാകും’, പനേസർ കൂട്ടിച്ചേർത്തു.