IND vs ENG: ഗില്ലിനെ കടിച്ചുകുടഞ്ഞ് വിമര്‍ശകര്‍, താരത്തിന് ആശ്വാസ വാക്കുകളുമായി ഇംഗ്ലണ്ട് താരം

ഓപ്പണര്‍ സ്ഥാനത്തുനിന്ന് മാറിയ ശേഷം ഇന്ത്യന്‍ യുവതാരം ശുഭ്മാന്‍ ഗില്ലിന് മികച്ച പ്രകടനം നടത്താന്‍ സാധിക്കുന്നില്ല. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിന്റെ ഒന്നാം ഇന്നിംഗ്സില്‍ നിരാശപ്പെടുത്തിയ താരം വീണ്ടും വിമര്‍ശനങ്ങളുടെ കൂരമ്പുകള്‍ ഏറ്റുവാങ്ങുകയാണ്. ഈ വേളയില്‍ ഗില്ലിനെ പിന്തുണച്ച് രംഗത്തുവന്നിരിക്കുകയാണ് ഇംഗ്ലണ്ട് മുന്‍ നായകന്‍ കെവിന്‍ പീറ്റേഴ്‌സണ്‍.

ഇപ്പോള്‍ ഇന്ത്യന്‍ നിരയില്‍ പ്രകടനം മെച്ചപ്പെടുത്തേണ്ട താരങ്ങളിലൊരാളാണ് ശുഭ്മാന്‍ ഗില്‍. ഇപ്പോള്‍ രാഹുല്‍ ദ്രാവിഡ് ഗില്ലിനോടൊപ്പം കൂടുതല്‍ സമയം ചിലവിടേണ്ടതാണ്. അവന്‍ പുറത്തായ രീതി വളരെ നിരാശയുണ്ടാക്കുന്നതാണ്.

പ്രതിഭയുണ്ടെങ്കിലും പല കാര്യത്തിലും അവന് ആ കഴിവിലേക്കെത്താനായിട്ടില്ല. അവന് ആക്രമണ ക്രിക്കറ്റ് കളിക്കാന്‍ കൂടുതല്‍ അടിസ്ഥാനപരമായ കാര്യങ്ങള്‍ മെച്ചപ്പെടുത്തേണ്ടതായുണ്ട്- പീറ്റേഴ്സണ്‍ പറഞ്ഞു.

ഇംഗ്ലണ്ടിനെതിരെ ഒന്നാം ഇന്നിംഗ്സില്‍ 66 പന്ത് നേരിട്ടെങ്കിലും 23 റണ്‍സാണ് താരത്തിന് നേടാനായത്. ചേതേശ്വര്‍ പുജാരയുടെ അഭാവത്തില്‍ മൂന്നാം നമ്പറില്‍ കളിക്കുന്ന താരത്തിന് ആ റോളില്‍ ഇതുവരെ കാര്യമായ പ്രകടനം കാഴ്ചവെക്കാനായിട്ടില്ല.