ഇംഗ്ലണ്ട് തോറ്റത് എവിടെയെന്ന് പറഞ്ഞ് മുന്‍ ക്യാപ്റ്റന്‍

ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റിന്റെ ഏതു ഘട്ടത്തിലാണ് ഇംഗ്ലണ്ട് തോല്‍വിയിലേക്ക് നീങ്ങിയതെന്ന് പറഞ്ഞ് മുന്‍ ഇംഗ്ലീഷ് ക്യാപ്റ്റന്‍ ഡേവിഡ് ഗവര്‍. ഇന്ത്യയുടെ പ്രകടനം ഉശിരനായിരുന്നെന്നും ഗവര്‍ വിലയിരുത്തി.

അവസാന ദിനം ഇന്ത്യയുടെ പ്രകടനം ഗംഭീരമായിരുന്നു. അക്ഷരാര്‍ത്ഥത്തില്‍ ഉജ്ജ്വലം. രാവിലത്തെ സെഷനിലെ അവസാന ഒന്നര മണിക്കൂറാണ് മത്സരത്തിന്റെ വിധിയെഴുതിയത്. ഒരു മോശം സെഷന്‍ ടെസ്റ്റിലെ തോല്‍വിക്ക് കാരണമാകാറുണ്ടെന്ന് എന്റെ സുഹൃത്തും മുന്‍ സഹപ്രവര്‍ത്തകനുമായ മൈക്കല്‍ ആതേര്‍ട്ടണ്‍ ഇടയ്ക്കിടെ ഓര്‍മ്മിപ്പിക്കാറുണ്ട്. ലോര്‍ഡ്‌സിലെ ആ ഒരു മണിക്കൂര്‍ ഇംഗ്ലണ്ടിനെ സംബന്ധിച്ച് മോശമായിരുന്നു- ഗവര്‍ പറഞ്ഞു.

അതൊരു മഹത്തായ മത്സരമായിരുന്നു. പാരമ്പര്യവാദികളായ നമ്മള്‍ ഇഷ്ടപ്പെടുന്നത് അതാണ്. അഞ്ച് ദിവസവും വീറു ചോരാത്ത ടെസ്റ്റ്. ലോര്‍ഡ്‌സിലെ കളിയില്‍ വഴിത്തിരിവുകള്‍ ഏറെയുണ്ടായി. അതുകൊണ്ടാണ് ടെസ്റ്റ് ക്രിക്കറ്റിനെ നാം സ്‌നേഹിക്കുന്നതെന്നും ഗവര്‍ പറഞ്ഞു.