ഫെബ്രുവരി മാസം മുതൽ നടക്കാൻ പോകുന്ന ടി 20 ലോകകപ്പിനായുള്ള ഇന്ത്യൻ സ്‌ക്വാഡിനെ പ്രഖ്യാപിച്ച് ബിസിസിഐ. ആരാധകർക്ക് ആവേശമായി മലയാളി താരം സഞ്ജു സാംസൺ ആദ്യ വിക്കറ്റ് കീപ്പറായി ടീമിൽ ഇടം നേടി. സൂര്യകുമാർ യാദവ് നയിക്കുന്ന ടീമിൽ അക്‌സർ പട്ടേലാണ് വൈസ് ക്യാപ്റ്റൻ.
ഇപ്പോഴിതാ ടി 20 ലോകകപ്പ് ടീമിൽ നിന്ന് ഏകദിന, ടെസ്റ്റ് ക്യാപ്റ്റൻ ശുഭ്മൻ ഗില്ലിനെ ഒഴിവാക്കിയതിൽ പ്രതികരണവുമായി മുൻ ഓസീസ് ഇതിഹാസം റിക്കി പോണ്ടിങ് സംസാരിച്ചു. ഗില്ലിനെ പുറത്താക്കിയത് വിശ്വസിക്കാനായില്ലെന്ന് പറഞ്ഞ പോണ്ടിങ് ഇത് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ കരുത്തിനെയാണ് കാണിക്കുന്നതെന്നും കൂട്ടിച്ചേർത്തു.
“എനിക്ക് അത് വിശ്വസിക്കാനായില്ല. അദ്ദേഹത്തിന്റെ സമീപകാല ഫോം, വൈറ്റ്-ബോൾ ക്രിക്കറ്റിൽ മികച്ചതായിരുന്നില്ലെന്ന് എനിക്കറിയാം. ഞാൻ അദ്ദേഹം അവസാനമായി കളിക്കുന്നത് കണ്ടത് യുകെയിൽ ഇംഗ്ലണ്ടിനെതിരെ നടന്ന ടെസ്റ്റ് പരമ്പരയിലാണ്. അവിടെ അദ്ദേഹം കളിച്ചത്ര മികച്ച രീതിയിൽ ഞാൻ ആരെയും ബാറ്റ് ചെയ്യുന്നത് കണ്ടിട്ടില്ല”
Read more
“ഒന്ന്, ഞാൻ അത്ഭുതപ്പെടുന്നു. രണ്ട്, അത് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ആഴം കാണിക്കുന്നു. ശുഭ്മാൻ ഗില്ലിനെ പോലെയുള്ള ഒരാൾക്ക് ലോകകപ്പ് ടീമിൽ ഇടംകിട്ടുന്നില്ലെങ്കിൽ, അവർക്ക് എത്ര നല്ല കളിക്കാർ ഉണ്ടെന്നാണ് അത് കാണിക്കുന്നത്”, പോണ്ടിങ് കൂട്ടിച്ചേർത്തു.







