തോൽവിയുടെ പടുകുഴിയിൽ നിന്നും ജയിച്ച് കയറിയവർ

തോൽവിയുടെ പടുകുഴിയിൽ നിന്ന് ജയിച്ച് കയറിയവരുടെ ചരിത്രം നമ്മൾ വായിച്ചിട്ടുണ്ട്. അതുപോലെ തന്നെ  കായികരംഗത്ത് “comeback”(തിരിച്ചുവരവ്) എന്ന നാമം സ്ഥിരമായി ഉപയോഗിച്ച് കേട്ടിട്ടുണ്ട് . കാണുന്നവരുടെ മനസ്സിൽ ഓരോ നിമിഷവും ഹൃദയമിടിപ്പ് കൂടി വിജയിച്ച ആളുകൾ ആ സമയം അനുഭവിച്ച വികാരം നമുക്ക് ഒകെ ഊഹിക്കാവുന്നതിലും അപ്പുറമായിരിക്കും .

ക്രിക്കറ്റിൽ ഇത്തരത്തിൽ നമ്മൾ കണ്ടിട്ടുള്ള ചില മനോഹരമായ തിരിച്ചുവരവുകളിൽ ചിലത് നമുക്ക് പരിശോധിക്കാം

1) കടം കഥ പോലെ കപിലിന്റെ ഇന്നിംഗ്സ്

ഈ അടുത്തിറങ്ങിയ 83′ എന്ന സിനിമ കണ്ടവർക്കറിയാം. ആ ടീം അനുഭവിച്ച കഷ്ടപ്പാടുകളും കേട്ട കുത്തുവാക്കുകളും. എല്ലാവരും എഴുതി തള്ളിയ ടീം അപ്രതീക്ഷിത കുതിപ്പാണ് ലോകകപ്പിൽ നടത്തിയത്. താരതമ്യേന എളുപ്പമുള്ള എതിരാളികൾ ആയിരുന്നു ഇന്ത്യക്ക് സിംബാവേ. ഇന്ത്യ എളുപ്പത്തിൽ ജയിക്കുമെന്ന് എല്ലാവരും വിശ്വസിച്ച മത്സരം. എന്നാൽ ഇന്ത്യൻ ബാറ്റ്‌സ്മാൻമാർ ഓരോതരായി തങ്ങളുടെ ഉത്തരവാദിത്തം മറന്നപ്പോൾ ഇന്ത്യ 17 / 5 എന്ന നിലയിൽ പതറി. നിരാശയിൽ മുഖം താഴ്ത്തി നിന്ന ഇന്ത്യൻ ആരാധകരെ നോക്കി അയാൾ ക്രീസിലെത്തി. പിന്നീട് ലോക ക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച ഇന്നിങ്‌സിനാണ് സ്റ്റേഡിയം സാക്ഷിയായത്. തന്റെ കൂട്ടുകാർ പുറത്താക്കിയ എല്ലാവരെയും കപിൽ ശക്തമായി നേരിട്ടു. കപിലിന്റെ ബാറ്റിന്റെ ചൂടറിയാത്ത ഒരു സിംബാവേ ബൗളറും ഉണ്ടായിരുന്നില്ല. ഒടുവിൽ 266 റൺസ് എന്ന സ്‌കോറിൽ ഇന്ത്യ എത്തിയപ്പോൾ കപിൽ നേടിയത് 175 റൺസ്. ആ മത്സരത്തിന്റെ ഒരു വീഡിയോ പോലും ഇന്ന് ലഭ്യമല്ല ,എന്നത് മാത്രമാണ് സങ്കടകരമായ ഒരു കാര്യം.

2) രാജസ്ഥാൻ അത്ര ചെറുതല്ല

ആദ്യ സീസണിൽ രാജസ്ഥാന്റെ വിജയം പ്രവചിച്ച ആരും ഉണ്ടായിരുന്നില്ല. ദുർബലരായ ഒരു ടീമുമായി ഷെയിൻ വോൺ കാണിച്ച അത്ഭുതം ആർക്ക് മറക്കാൻ പറ്റും . സീസണിലെ ഒരു മത്സരത്തിൽ ഹൈദരാബാദുമായി റോയൽസ് ഏറ്റുമുട്ടുന്നു. ആൻഡ്രൂ സൈമണ്ട്സ് നേടിയ സെഞ്ച്വറി മികവിൽ ഹൈദെരാബാ നേടിയത് 214 റൺസ് . മറുപടി ബാറ്റിംഗിൽ മുൻനിര തകർന്ന രാജസ്ഥാൻ തോൽവി ഉറപ്പിച്ചു. ആ സമയത്താണ് യൂസഫ് പത്താൻ ക്രീസിലെത്തി അത്ഭുതം കാണിച്ചത്., 27 പന്തിൽ താരം നേടിയത് 61 റൺസ്.  ഒടുവിൽ അവസാന ഓവർ വരെ എത്തിയ ആവേശത്തിൽ രാജസ്ഥാന് ജയിക്കാൻ വേണ്ടത് 20 റൺസ്.  സൈമണ്ട്സ് എറിഞ്ഞ ഓവറിൽ ക്യാപ്റ്റൻ വോൺ ആ ലക്‌ഷ്യം മറികടന്നു.

3)ബെവൻ മാജിക്ക്

ലോകം കണ്ട ഏറ്റവും മികച്ച ഫിനിഷറുമാരിൽ ഒരാളാണ് മൈക്കിൾ ബെവൻ. അസാധ്യം എന്ന വാക്ക് നിഘണ്ടുവിൽ ഇല്ലാത്ത ബെവൻ പല തവണ കങ്കാരൂ പടയെ വലിയ വിജയങ്ങളിലേക്ക് നയിച്ചിട്ടുണ്ട്. 1996 ൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇൻഡീസ് ഓസ്‌ട്രേലിയൻ ബൗളറുമാർക്ക് മുന്നിൽ മുട്ടുമടക്കിയപ്പോൾ ടീം 172 റൺസിന് പുറത്ത്.  ഓസ്ട്രേലിയ എളുപ്പത്തിൽ ജയിക്കുമെന്ന് എല്ലാവരും വിധിയെഴുതി.  എന്നാൽ ലോകോത്തര ബൗളറുമാരായ വാൽഷ് ,ആംബ്രോസ് എന്നിവർ അതെ നാണയത്തിൽ തിരിച്ചടിച്ചപ്പോൾ ഓസ്ട്രേലിയ 74 / 7 എന്ന നിലയിൽ പതറി.  ബെവൻ ക്രീസിലെത്തിയതോടെ കാര്യങ്ങൾ മാറി മറിഞ്ഞു. ബൗളറുമാരെ എല്ലാം കണക്കറ്റ് പ്രഹരിച്ചു ബെവൻ ഒടുവിൽ അവസാന വിക്കറ്റായ മഗ്രാത്ത് സാക്ഷിനിൽക്കേ വിജയവര കടത്തി.

4)വെസ്റ്റ് ഇൻഡീസ് ഓസ്ട്രേലിയ 2003

കരീബിയൻ പടയുടെ സുവർണകാലം ഒകെ അവസാനിച്ചിരുന്നു. ബ്രയാൻ ലാറ എന്ന ഇതിഹസം മാത്രമായിരുന്നു ആകെ എടുത്ത് കാണിക്കാനുണ്ടായിരുന്നത്. അതിനാൽ തന്നെ ലോകോത്തര ടീമായ ഓസ്‌ട്രേലിയക്ക് എതിരെ നടന്ന മത്സരത്തിൽ ആരും ടീമിന് സാധ്യത കല്പിച്ചുരുന്നില്ല. അവസാന ഇന്നിങ്സിൽ ജയിക്കാൻ വെസ്റ്റ് ഇൻഡീസിന് ലക്ഷ്യം 418 റൺസ്. കൂനിന്മേൽ കുരു പോലെ ബ്രയാൻ ലാറ 60 റൺസെടുത്ത് റിട്ടയേർഡ് ഹട്ടായി. എളുപ്പം പണി തീർക്കണം  എന്നു വിചാരിച്ച ഓസ്‌ട്രേലിയെ കരീബിയൻ വാലറ്റം സമർഥമായി നേരിട്ടു.  ഒടുക്കം തങ്ങളുടെ പൂർവികരുടെ പണ്ട് കാണിച്ച പോരാട്ടവീര്യം പോലെ വാസ്ബെർട്ട് ഡ്രേക്ക്സ് -ഒമാരി ബാങ്ക്സ് സഖ്യം ടീമിനെ ചരിത്രവിജയത്തിലേക്ക് നയിച്ചു.