ലോക കപ്പില്‍ ഇംഗ്ലണ്ട് വിയര്‍ക്കും; ഒരു താരത്തിന്റെ അഭാവം വിനയാകുമെന്ന് നാസര്‍ ഹുസൈന്‍

ട്വന്റി20 ക്രിക്കറ്റ് ലോക കപ്പില്‍ ഇംഗ്ലണ്ടിന്റെ നില സുരക്ഷിതമല്ലെന്ന് മുന്‍ ക്യാപ്റ്റന്‍ നാസര്‍ ഹുസൈന്‍. സൂപ്പര്‍ പേസര്‍ ജോഫ്ര ആര്‍ച്ചറുടെ അഭാവം അവസാന ഓവറുകളില്‍ ഇംഗ്ലണ്ടിന് തിരിച്ചടിയാകുമെന്നും ഹുസൈന്‍ പറഞ്ഞു.

ക്രിക്കറ്റിലെ എല്ലാ ഫോര്‍മാറ്റിലും ആര്‍ച്ചറില്ലാതെ മുന്നോട്ടുപോകാന്‍ ഇംഗ്ലണ്ട് പഠിക്കണം. ന്യൂബോളിലും ഡെത്ത് ഓവറുകളിലും വിക്കറ്റ് എടുക്കുന്ന കാര്യത്തിലും ഇക്കോണമിയിലും ലോകത്തെ ഏറ്റവും മികച്ച ബോളറാണ് ആര്‍ച്ചര്‍. അതിനാല്‍ ട്വന്റി20 ലോക കപ്പില്‍ ആര്‍ച്ചറുടെ അഭാവം ഇംഗ്ലണ്ടിനെ ബാധിക്കും- ഹുസൈന്‍ പറഞ്ഞു.

തൈമല്‍ മില്‍സ് ആര്‍ച്ചറിന് യോജിച്ച പകരക്കാരനായിരിക്കും. ഫ്രാഞ്ചൈസി ക്രിക്കറ്റിലെ ലോകത്തെ ഏറ്റവും മികച്ച ഡെത്ത് ഓവര്‍ ബോളര്‍മാരിലൊരാളാണ് മില്‍സ്. അതയാളെ ടീമിലെ നിര്‍ണായക ഘടകമാക്കുന്നു. പ്രത്യേകിച്ച് ക്രിസ് ജോര്‍ഡാനെപോലൊരു പരിചയസമ്പന്നനായ ബോളര്‍ അടുത്ത കാലത്ത് തിളങ്ങാത്ത സാഹചര്യത്തില്‍- ഹുസൈന്‍ കൂട്ടിച്ചേര്‍ത്തു.