അസാധാരണ നേട്ടവുമായി ഇംഗ്‌ളണ്ട് നായകന്‍ ജോ റൂട്ട് ; വിരാട്‌ കോഹ്ലിയുടെ റെക്കോഡ് എപ്പോള്‍ വേണമെങ്കിലും വീഴാം

വെസ്റ്റിന്‍ഡീസിനെതിരേയുള്ള ക്രിക്കറ്റ് പരമ്പരയില്‍ അസാധാരണമായ ഒരു നേട്ടവുമായി ഇംഗ്‌ളണ്ട് ക്യാപ്റ്റന്‍ ജോറൂട്ട്. പരമ്പരയിലെ ബ്രിഡ്ജ് ടൗണില്‍ നടന്ന രണ്ടാം ടെസ്റ്റിലെ ആദ്യ ഇന്നിംഗ്‌സില്‍ മികച്ച പ്രകടനം നടത്തിയ താരം 150 റണ്‍സ് കൂടുതല്‍ തവണ അടിച്ച നായകന്മാരുടെ പട്ടികയില്‍ മൂന്നാമനായി. വെസ്റ്റിന്‍ഡീസിനെതിരേ ഇംഗ്‌ളണ്ട് കുറിച്ച 570 റണ്‍സില്‍ 316 പന്തുകളില്‍ 153 റണ്‍സ് എടുത്താണ് റൂട്ട് പുതിയ റെക്കോഡിന് ഉടമയായത്. 150 റണ്‍സിന് മുകളില്‍ റൂട്ട് ഒരു കളിയില്‍ നേടുന്നത് 12 ാം തവണയായിരുന്നു.

നായകനായിരിക്കെ 150 റണ്‍സിന് മുകളില്‍ ടെസ്റ്റില്‍ സ്‌കോര്‍ ചെയ്യുന്നവരുടെ പട്ടികയില്‍ കോഹ്ലിയ്ക്ക് തൊട്ടുപിന്നിലെത്തി റൂട്ട്. നായകനായിരിക്കെ ഒമ്പത് തവണയാണ് വിരാട്‌കോഹ്ലി 150 ന് മുകളില്‍ ടെസ്റ്റില്‍ സ്‌കോര്‍ ചെയ്തത്. നിലവില്‍ കളിക്കുന്നവരില്‍ ഇത്രയൂം തവണ 150 റണ്‍സ് സ്‌കോര്‍ ചെയ്തവരും ഇവര്‍ ഇരുവരുമാണ്. നിലവില്‍ കോഹ്ലി നായകസ്ഥാനം വിട്ടു എന്നിരിക്കെ ഇക്കാര്യത്തിലുള്ള റെക്കോഡ് നേടാന്‍ ജോറൂട്ടിന് വലിയ അവസരമാണ് മുന്നിലുള്ളത്. തൊട്ടുപിന്നില്‍ നായകനായിരിക്കെ എട്ട് 150 നേടിയിട്ടുള്ള ബ്രാഡ്മാനാണ് കോഹ്ലിയ്ക്ക്് പിന്നില്‍ രണ്ടാമത്.

ടെസ്റ്റ ടീം നായകന്റെ വേഷത്തില്‍ റൂട്ട് ഏഴാം തവണയാണ് 150 നേടുന്നത്. വെസ്റ്റിന്‍ഡീസിന്റെ ഇതിഹാസതാരവും മുന്‍ നായകനുമായ ബ്രയന്‍ലാറ, ഓസ്‌ട്രേലിയന്‍ മുന്‍നായകന്‍ മൈക്കല്‍ ക്ലാര്‍ക്ക്, ശ്രീലങ്കയുടെ മൂന്‍ ക്യാപ്റ്റന്‍ ജയവര്‍ദ്ധനെ, ദക്ഷിണാഫ്രിക്കന്‍ താരം ഗ്രെയിംസ്മിത്ത് എന്നിവരെല്ലാം റൂട്ടിനൊപ്പം ഏഴു തവണ 150 ടെസ്റ്റില്‍ സ്‌കോര്‍ ചെയ്തിട്ടുളളയാളാണ്.

റൂട്ടിന്റെ നായകനായുള്ള 150 ല്‍ അഞ്ചെണ്ണവും എതിരാളികളുടെ തട്ടകത്തില്‍ നേടിയതായിരുന്നു എന്ന പ്രത്യേകത കൂടിയുണ്ട്. ന്യൂസിലന്റിന്റെ നായകനായിരുന്ന സ്റ്റീഫന്‍ ഫ്‌ളെമിംഗ്, ഓസ്‌ട്രേലിയന്‍ മുന്‍ നായകന്‍ സ്റ്റീവ് വോ, സ്മിത്ത്, ബോബ് സിംപ്‌സണ്‍ എന്നിവര്‍ക്ക് ആറു 150 സ്‌കോറുണ്ട്. റൂട്ട് രണ്ടുതവണ ശ്രീലങ്കയ്ക്ക് എതിരേയും ഇന്ത്യ, വെസ്റ്റിന്‍ഡീസ്, ന്യൂസിലന്റ് എന്നിവര്‍ക്ക് എതിരേ ഓരോന്നുമാണ് എവേ മാച്ചില്‍ നേടിയിട്ടുള്ളത്. ഡാന്‍ ലോറന്‍സും 120 റണ്‍സ് എടുത്ത ബെന്‍ സ്‌റ്റോക്‌സുമായും കൂട്ടുകെട്ടുണ്ടാക്കിയ താരം 240 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഉയര്‍ത്തിയത്.