ഇന്ത്യന്‍ ടീമില്‍ നിന്നും തഴഞ്ഞു, ഐപിഎല്ലില്‍ അണ്‍സോള്‍ഡുമായി ; പൂജാര ഇംഗ്‌ളണ്ടില്‍ അഭയം തേടി

ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ നിന്നും തഴയപ്പെടുകയും ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റില്‍ അണ്‍സോള്‍ഡ് ആകുകയും ചെയ്ത ഇന്ത്യയുടെ ടെസ്റ്റ് താരം തേജേശ്വര്‍ പൂജാര ഇംഗ്‌ളണ്ടിലെ കൗണ്ടി ക്രിക്കറ്റില്‍ അഭയം തേടി. കൗണ്ടിയില്‍ ഉടനീളവും റോയല്‍ ലണ്ടന്‍ ഏകദിനത്തിലും കളിക്കാനുള്ള കരാര്‍ താരം ഒപ്പുവെച്ചു. നേരത്തേ യോര്‍ക്ക്‌ഷെറിന വേണ്ടി കളിച്ചിട്ടുള്ള താരമാണ് പൂജാര.

ഇതിന് പിന്നാലെ ഗ്‌ളോസ്റ്റര്‍ഷെര്‍ താരത്തെ ആറു മത്സരത്തിന് വേണ്ടി കരാര്‍ ചെയ്തിരുന്നു. എന്നാല്‍ കോവിഡ് പ്രശ്‌നം മൂലം ഇത് ക്യാന്‍സല്‍ ചെയ്യപ്പെട്ടു. ഐപിഎല്ലില്‍ ഒരു ഫ്രാഞ്ചൈസിയും താരത്തിനായി രംഗത്ത് വരാത്ത സാഹചര്യത്തിലാണ് ഇംഗ്‌ളണ്ടില്‍ കളിക്കാന്‍ തീരുമാനം എടുത്തത്. ദക്ഷിണാഫ്രിക്കയിലെ ഇന്ത്യന്‍ ടീമിന്റെ പര്യടനത്തില്‍ കാര്യമായി സ്‌കോര്‍ ചെയ്യപ്പെടാതെ പോയത് പൂജാരയ്ക്ക് ദേശീയ ടീമിലെ സ്ഥാനം നഷ്ടമാക്കിയിരുന്നു. ശ്രീലങ്കയ്ക്ക് എതിരേയുള്ള രണ്ടു ടെസ്റ്റ് മത്സരങ്ങളില്‍ താരത്തെ ഇന്ത്യ ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല.

അതേസമയം സീനിയര്‍ താരങ്ങളായ പൂജാരയ്ക്കും രഹാനേയ്ക്കും ടീമിന്റെ വാതില്‍ അടച്ചിട്ടില്ലെന്നും ആഭ്യന്തര മത്സരങ്ങളില്‍ കളിച്ച് ഫോം വീണ്ടെടുത്ത ഇരുവര്‍ക്കും ടീമിലേക്ക് തിരി്ച്ചുവരാന്‍ അവസരം ഉണ്ടെന്ന് സെലക്ഷന്‍ കമ്മറ്റി ചെയര്‍മാന്‍ ചേതന്‍ ശര്‍മ്മ വ്യക്തമാക്കിയിരുന്നു. ഓസ്‌ട്രേലിയന്‍ താരം ട്രാവിസ് ഹെഡിന്റെ പകരക്കാരനായിട്ടാണ് പൂജാര ടീമില്‍ എത്തുന്നത്.