ധവാന് നല്‍കിയ ഉറപ്പ് പന്ത് പാലിച്ചില്ല, ഇന്ന് വേദന തിന്ന് ആശുപത്രി കിടക്കയില്‍; ഞെട്ടലോടെ നോക്കി കണ്ട് ആരാധകര്‍

വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിനു കാറപകടത്തില്‍ പരിക്കേറ്റത് ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. വീട്ടിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു താരത്തിന്റെ കാര്‍ അപകടത്തില്‍പ്പെട്ടത്. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന താരം അപകടനില തരണം ചെയ്തിട്ടുണ്ട്. അതേസമയം, താരത്തിന്റെ ഡ്രൈവിംഗ് പണ്ട് മുതലേ പരിക്കനായിരുന്നു എന്ന് തെളിയിക്കുന്ന ഒരു കാര്യം ഇപ്പോള്‍ ചര്‍ച്ചയായിരിക്കുകയാണ്.

ഐപിഎല്ലില്‍ ഇപ്പോള്‍ പഞ്ചാബ് കിംഗ്‌സ് താരമായ ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന്‍ ഇതിനുമുന്‍പ് ഡല്‍ഹി ക്യാപിറ്റല്‍സ് ടീമില്‍ കളിക്കുമ്പോഴുള്ള സമയത്തെ (2019) ഒരു വീഡിയോ ആണ് ചര്‍ച്ചകള്‍ക്ക് ആധാരം.

അന്ന് ഒരു ഇന്റര്‍വ്യൂവില്‍വെച്ച് സീനിയര്‍ താരമായ ധവാനോട്, തനിക്ക് എന്ത് ഉപദേശമാണ് നല്‍കാനുള്ളത് എന്ന് പന്ത് ചോദിക്കുമ്പോള്‍ ശിഖര്‍ ധവാന്‍ പറയുന്ന മറുപടിയാണ് ഇപ്പോള്‍ വൈറലാകുന്നത്. ‘നീ വാഹനം ഓടിക്കുമ്പോള്‍ ശ്രദ്ധിച്ചും പതുക്കെയും ഓടിക്കുക’ എന്നായിരുന്നു ധവാന്‍രെ ഉപദേശം. ധവാന്‍ അത് പറഞ്ഞപ്പോള്‍ പന്ത്, ‘അത് ഞാന്‍ ചെയ്യാം’ എന്ന് ഉറപ്പുനല്‍കുകയും ചെയ്യുന്നുണ്ട്.

പണ്ടുതൊട്ടേ പന്ത് വളരെ പരുക്കനായ ഒരു ഡ്രൈവര്‍ ആയിരുന്നു എന്നാണ് ഇപ്പോള്‍ ഇത് കണ്ട ആരാധകരുടെ കമന്റുകള്‍ നിറയുന്നത്.  ഡല്‍ഹിയില്‍ നിന്ന് ഉത്തരാഖണ്ഡിലേക്ക് പോകവേയാണ് റിഷഭിന്റെ മേഴ്‌സിഡസ് കാര്‍ ഡിവൈഡറിലിടിച്ച് തീപിടിച്ചത്. റൂര്‍ക്കിക്ക് സമീപമാണ് അപകടമുണ്ടായത്. ഇന്നലെ രാവിലെ 5.30നാണ് സംഭവം. റിഷഭ് പന്താണ് കാര്‍ ഓടിച്ചിരുന്നത്. വേറെ ആരും കാറിലുണ്ടായിരുന്നില്ല.

ഡ്രൈവിംഗിനിടെ മയങ്ങിപ്പോയതിനാല്‍ കാറിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നുവെന്ന് റിഷഭ് പന്ത് പറഞ്ഞെന്ന് ഉത്തരാഖണ്ഡ് ഡി.ജി.പി അശോക് കുമാര്‍ പറഞ്ഞു. ഡിവൈഡറില്‍ ഇടിച്ച് തീപിടിച്ച കാറിന്റെ ചില്ല് തകര്‍ത്താണ് റിഷഭ് പന്ത് പുറത്തെത്തിയത്.