ജയം ഉറപ്പിച്ചു എന്ന് പറഞ്ഞ് അവസാന നിമിഷം വരെ ഇരിക്കരുത് ലിവർപൂൾ, ശത്രു കരുത്താനാണ്

“ഫുട്ബോൾ ജീവിതത്തിന്റെയും മരണത്തിന്റെയും കാര്യമാണെന്ന് ചിലർ വിചാരിക്കുന്നു, എന്നാൽ എനിക്ക് അതിനോട് യോജിപ്പില്ല, കാരണം ഫുട്ബോൾ അതിനേക്കാൾ മഹത്തരമാണെന്ന് ഞാൻ വിശ്വസിക്കുന്നു”. ലിവർപൂളിന്റെ ചെമ്പടയെ ലോകത്തിന്റെ നെറുകയിലേക്ക് കൈപിടിച്ച് കയറ്റിയ അവരുടെ എക്കാലത്തെയും മഹാനായ ആചാര്യൻ ബിൽ ഷാങ്ക്ലി തന്റെ ഫുട്ബോളിനോടുള്ള അഭിനിവേശം വാക്കുകളിലൂടെ ആവിഷ്ക്കരിച്ചത് ഇങ്ങനെയാണ്. ഇത്രയും കാല്പനിക വശ്യതയോടെ ഫുട്ബോളിനെ വർണിക്കുന്ന മറ്റൊരു വിശേഷണം ഇല്ലായിരിക്കാം. യഥാർത്ഥത്തിൽ ഫുട്ബാൾ ജീവിതം തന്നെയാണ്. കളിക്കളങ്ങൾ നമ്മുടെയൊക്കെ ജീവിതങ്ങളുടെ പ്രതിബിംബങ്ങളാണ്.

നാളെ നടക്കുന്ന ചാമ്പ്യൻസ് പോരാട്ടത്തിൽ ലോക ഫുട്ബാളിലെ രാജാക്കന്മാരായ റയൽ നേരിടാനിറങ്ങുന്ന ലിവർപൂൾ ആചാര്യൻ ഷാങ്ക്ലി പറഞ്ഞ വാക്കുകളുടെ ഊർജം ഉൾകൊണ്ട കൊണ്ട് ഇറങ്ങുന്നത് ഒരു ജീവന്മരണ പോരാട്ടത്തിനാണ്. 4 വർഷങ്ങൾ മുമ്പ് ലോകം വെട്ടിപ്പിടിക്കാൻ വന്ന തങ്ങളെ തുരത്തി ഓടിച്ച ശത്രുവിനെ മുന്നിൽ കിട്ടിയിരിക്കുകയാണ്‌. കാലം 4 വർഷങ്ങൾക്ക് ഇപ്പുറം കഴിഞ്ഞെങ്കിലും ആ പകയുടെ നീറ്റൽ ഇതുവരെ മാറിയിട്ടില്ല. ക്ലോപ്പും സംഘവും പക തീർക്കാൻ വരുമ്പോൾ ഇരയെ വേട്ടയാടാൻ കാത്തിരിക്കുന്ന സിംഹകുട്ടികളെ പോലെ കാർലോയും ശിഷ്യന്മാരും ശിഷ്യന്മാരും അവിടെ കാത്തിരിപ്പുണ്ട്

ഗലാറ്റിക്കോസ്’… സ്പാനിഷ് ഭാഷയില്‍ സൂപ്പര്‍ സ്റ്റാറുകളുടെ കൂട്ടം. കൈയിൽ നിറയെ പണവും അതിനെക്കാൾ ഏറെ തന്ത്രങ്ങളുമായി ഫ്‌ളോറന്റീനോ പെരസ് എന്ന മാന്ത്രികൻ റയല്‍ മാഡ്രിഡിന്റെ പ്രസിഡന്റ് പദവിയിലേക്ക് വന്ന സമയം അയാൾക്ക് ഒരു നിർമ്പഡമുണ്ടായിരുന്നു – ലോകത്തിലെ വിലപിടിപ്പുള്ളതെല്ലാം തനിക്ക് വേണം.

അയാളുടെ ആഗ്രഹം പോലെ കാര്യങ്ങൾ നടന്നു, ലോകോത്തര താരങ്ങൾ പലരും അയാൾ കിലുക്കിയ പണത്തിന്റെ തൂക്കത്തിൽ വീണു. റയൽ ആരാധകർ ആഗ്രഹിച്ചതിന്റെ അപ്പുറത്ത് പല നക്ഷത്രങ്ങളെയും അയാൾ ഭൂമിയിൽ ഇറക്കി. കാലം മാറി വന്നെങ്കിലും പെരെസ് മാറിയില്ല , അയാൾ താരങ്ങളെ മാഡ്രിഡ് മണ്ണിൽ എത്തിക്കുന്നത്. ഫലമോ 2016, 2017, 2018 വർഷങ്ങളിലെ ചാമ്പ്യൻസ് ലീഗ് കിരീടം മാഡ്രിഡ് ഷെൽഫിലെത്തി. അതെ, ചാമ്പ്യൻസ് ലീഗിൽ വരുമ്പോൾ മറ്റൊരു ടീമിനും റയലിനോളം കരുത്തില്ല.

നക്ഷത്രങ്ങൾ പലരും കൂടുമാറിയെങ്കിലും ഈ വർഷവും കാര്യങ്ങൾ റയലിന് അനുകൂലമായിരുന്നു. ലാ ലീഗ കിരീടം വലിയ വെല്ലുവിളികൾ ഒന്നുമില്ലാതെ തന്നെ നേടിയ ടീം ചാമ്പ്യൻസ് ലീഗിൽ പ്രതിസഡികളെ അതിജീവിച്ചാണ് എത്തിയത്. ചെൽസി , പി.എസ്.ജി, മാഞ്ചസ്റ്റർ സിറ്റി തുടങ്ങി ലോകോത്തര ടീമുകളെ അവസാന ശ്വാസം വരെ കൊടുത്ത പോരാട്ടത്തിലാണ് കീഴടക്കിയത്. അവസാന നിമിഷം വരെ റയലിന് എതിരെ ജയിച്ചു എന്ന് പറയാൻ സാധിക്കില്ല ഒരു ടീമിനും എന്ന് ലോകത്തിന് കാണിച്ച് കൊടുത്ത ചാമ്പ്യൻ സ് ലീഗായിരുന്നു ഇത്.

ഇതുവരെ 16 ചാമ്പ്യൻസ് ലീഗ് ഫൈനൽ കളിച്ച റയൽ 13 കിരീടങ്ങൾ നേടിക്കഴിഞ്ഞു. എതിരാളികൾ ലിവർപൂൾ ആകട്ടെ 6 തവണയൊണ്ട് കിരീടം ചൂടിയത്.

ഇന്നത്തെ ഫൈനൽ

സീസണിൽ ഇതിനോടകം രണ്ട് കിരീടങ്ങൾ നേടിയ ലിവർപൂൾ ഒരു പോയിന്റിനാണ് ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടം കൈവിട്ടത്. സീസണിലെ പ്രകടനം കൂടുതൽ മികച്ചത് ലിവർപൂളിന്റെ തന്നെയായിരുന്നു. റയലാകട്ടെ ഭാഗ്യത്തിന്റ കൂടി അകമ്പടിയോടെയാണ് ഫൈനലിൽ എത്തിയത്. എതിരാളികളുടെ മണ്ടത്തരമാണ് റയലിന് പലപ്പോഴും ഗുണമായത്. അതിനാൽ തന്നെ കൂടുതൽ സാധ്യത ലിവർപൂളിനാണ്. ഗ്രൂപ് ഡി ജേതാക്കളായിട്ടായിരുന്നു റയലിന്റെ നോക്കൗട്ട് പ്രവേശനം. പ്രീ ക്വാര്‍ട്ടറില്‍ പി.എസ്.ജിയേയും (3-2) ക്വാര്‍ട്ടറില്‍ ചെല്‍സിയേയും (5-4) മറികടന്ന ടീം സെമിയിൽ സിറ്റിയെ ( 6-5) ന് തകർത്തു. ഗ്രൂപ് ബി ജേതാക്കളായി നോക്കൗട്ട് ഉറപ്പിച്ച ലിവര്‍പൂള്‍ പ്രീക്വാര്‍ട്ടറില്‍ ഇന്റര്‍ മിലാനെയും (2-1) ക്വാര്‍ട്ടറില്‍ ബെന്‍ഫിക്കയേയും (6-4) സെമിയില്‍ വിയ്യാറയിനെ (5-2) ന് തകർത്ത് ഫൈനൽ ഉറപ്പിച്ചത്.

ഇവരെ ശ്രദ്ധിക്കാം

ലിവർപൂൾ നിരയിൽ കൂടുതൽ ശ്രദ്ധിക്കേണ്ടത് മുഹമ്മദ് സലാ, സാദിയോ മാനെ , വിർജിൽ വാൻഡൈക്ക് തുടങ്ങിയ താരങ്ങളിലാണ്. ലോകത്തിലെ ഏറ്റവും മികച്ച മുന്നേറ്റ നിരയിൽ ഒന്നാണ് സലാ – മാനേ സഖ്യം. ഇരുവരുടെയും വേഗം, ഡ്രിബ്ലിങ്ങ് തുടങ്ങിയവ എല്ലാം എതിരാളികൾക്ക് തലവേദനയാകും എന്ന് ഉറപ്പാണ്. ഇരുവരുടെയും അടുത്തേക്ക് പറന്നെത്തുന്ന ലോങ്ങ് ബോളുകൾ റയൽ പ്രതിരോധത്തിന് ഭീക്ഷണിയാകും. പാറ പോലെ ഉറച്ചുളള ലിവർപൂൾ പ്രതിരോധത്തിന്റെ ഏറ്റവും വലിയ ആയുധമാണ് വാൻഡൈക്ക് . താരത്തെ മറികടക്കുക റയലിന് ബുദ്ധിമുട്ടായിരിക്കും.

റയലിന്റെ കാര്യമെടുത്താൽ ബെൻസിമാ, വിനീഷ്യസ് , ലൂക്ക മോഡ്രിച്ച് തുടങ്ങിയവരാണ്. പ്രായം കൂടുന്തോറും വീര്യം കൂടുന്ന വിഞ്ഞാണ് ബെൻസിമയും മോഡ്രിച്ചും . ടീം പ്രതിസന്ധിയിലാണോ എന്നെ വിളിക്കുക എന്നാണ് ബെൻസിമ പറയുന്നത്. ഈ സീസണിൽ പല അപകട ഘട്ടത്തിലും റയലിനെ രക്ഷിച്ചത് ബെൻസി മയാണ് ഫൈനലിൽ താരത്തെ സൂക്ഷിച്ചില്ലെങ്കിൽ ലിവർപൂളിന് പണിയാകും. മോഡ്രിച്ച് എന്ന വാക്കിന് തന്ത്രശാലി എന്ന പര്യായം ചേരും. താരം തളികയിൽ വച്ച് കൊടുക്കുന്ന അവസരങ്ങൾ പുതിയ തലമുറിയിലെ ഫുട്ബോൾ താരങ്ങൾ പഠിക്കണം. ബോക്സിലേക്ക് പറന്നെത്തുന്ന വിനീഷ്യസിനെയും അവന്റെ വേഗതയെയും ലിവർപൂൾ പേടിക്കണം.

പഴയ ഒരു പ്രതികാരം വീട്ടാനുണ്ട്

ലിവർപൂൾ ചാമ്പ്യൻസ് ലീഗ് ഫൈനലിലെത്തി മിനിറ്റുകൾക്ക് ശേഷം ഏത് ടീമിനെയാണ് നേരിടേണ്ടത് എന്ന ചോദ്യം സലക്ക് നേരെ ഉയർന്നിരുന്നു. രണ്ടാമതൊന്നു ആലോചിക്കാതെ “എനിക്ക് മാഡ്രിഡ് കളിക്കണം.” എന്ന ഉത്തരമാണ് താരം നൽകിയത്. എന്തായിരിക്കും അങ്ങനെ ഒരു അഭിപ്രായം പറഞ്ഞതെന്ന് ഫുട്ബോൾ പ്രേമികൾക്ക് മനസിലായി കാണുമല്ലോ. പണ്ട് 2018 ചാമ്പ്യൻസ് ലീഗ് ഫൈനലിൽ തനിക്ക് ഏറ്റ മുറിവ് സലാ മറന്നിട്ടില്ല. ആദ്യ പകുതിയിൽ സെർജിയോ റാമോസിന്റെ ഫൗളിൽ ഇടത് തോളെല്ല് തകർന്ന് നിലത്ത് വീഴുകയും കളി തുടരാൻ സാധിക്കാതിരിക്കുകയും ചെയ്തു.സലാ കണ്ണീരോടെ ഗ്രൗണ്ട് വിട്ട മത്സരത്തിൽ റയൽ മാഡ്രിഡ് 3-1 ന് വിജയിച്ച് തങ്ങളുടെ 13 മത്തെ ചാമ്പ്യൻസ് ലീഗ് കിരീടം നേടി.നാല് വർഷത്തിന് ശേഷം വീണ്ടും ഫൈനലിൽ റയലിനെ ലിവർപൂൾ നേരിടുമ്പോൾ റാമോസ് ഇപ്പോൾ മാഡ്രിഡിൽ ഇല്ല. എങ്കിലും പക തീർക്കാൻ എനിക്ക് റാമോസ് വേണം എന്നില്ല എന്ന നിലപാടിലാണ് സലാ

Read more

എന്തായാലും ആവേശ പോരാട്ടമാണ് ഫുട്ബോൾ ആരാധകർ പ്രതീക്ഷിക്കുന്നത്.