ജയിപ്പിച്ചു എന്നത് ശരിതന്നെ, പക്ഷേ ജുറേല്‍ ഇന്ത്യയുടെ സ്ഥിരം വിക്കറ്റ് കീപ്പറാകില്ല; കാരണം പറഞ്ഞ് ചോപ്ര

ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സര ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യന്‍ നിരയില്‍ അഞ്ച് അരങ്ങേറ്റങ്ങള്‍ നടന്നു. ഇതിലൊരാള്‍ യുവ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ധ്രുവ് ജുറേലായിരുന്നു. റിഷഭ് പന്തിന്റെ അഭാവത്തില്‍ മധ്യനിരയില്‍ കളിക്കാന്‍ കെല്‍പ്പുള്ള വിക്കറ്റ് കീപ്പറെ ഇന്ത്യക്ക് ആവശ്യമായിരുന്നു. ഇതിന് കിട്ടിയ ഉത്തരമാണ് ജുറേല്‍.

നാലാം ടെസ്റ്റില്‍ തോല്‍വിമുഖത്ത് നിന്ന് ഇന്ത്യയെ വിജയത്തിലേക്കെത്തിച്ചത് ജുറേലിന്റ പ്രകടനമായിരുന്നു. എന്നിരുന്നാലും ടെസ്റ്റില്‍ ഇന്ത്യയുടെ സ്ഥിരം വിക്കറ്റ് കീപ്പറാവുക എന്നത് ജുറേലിന് എളുപ്പമുള്ള കാര്യമല്ലെന്ന് ആകാശ് ചോപ്ര അഭിപ്രായപ്പെട്ടു.

ജുറേലിന് ടെസ്റ്റില്‍ സ്ഥിരം വിക്കറ്റ് കീപ്പറാവുകയെന്നത് വളരെ പ്രയാസമുള്ള കാര്യമാണ്. കാരണം റിഷഭ് പന്ത് തിരിച്ചുവരാനൊരുങ്ങുകയാണ്. അവനായി ടീമില്‍ തീര്‍ച്ചയായും സ്ഥാനമുണ്ടാവും. ജുറേല്‍ സവിശേഷ പ്രതിഭയുള്ളവനാണ്. കളിച്ച രണ്ടാം ടെസ്റ്റില്‍ത്തന്നെ കളിയിലെ താരമായവനാണ് ജുറേല്‍. ഒവെയ്സ് ഷാ ഇക്കാര്യം കൃത്യമായി വ്യക്തമാക്കിയതാണ്.

ജുറേലിന്റെ പ്രകടനമില്ലായിരുന്നെങ്കില്‍ നാലാം ടെസ്റ്റില്‍ ഇന്ത്യ തോല്‍ക്കുമായിരുന്നു. അങ്ങനെ വന്നാല്‍ 2-2 എന്ന നിലയില്‍ പരമ്പര അവസാനിക്കുമായിരുന്നു. 90 റണ്‍സ് ഒന്നാം ഇന്നിംഗ്സില്‍ നേടിയ അവന്‍ 46 റണ്‍സാണ് രണ്ടാം ഇന്നിംഗ്സില്‍ നേടിയത്- ആകാശ് ചോപ്ര പറഞ്ഞു.