വിമര്‍ശകരുടെ വായടപ്പിച്ച് വീണ്ടും ധോണി; ഒറ്റ മത്സരത്തില്‍ നേടിയത് മൂന്ന് അപൂര്‍വ നേട്ടങ്ങള്‍

ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ധോണിക്കുള്ള സ്ഥാനം എന്താണെന്ന് മറ്റുള്ള താരങ്ങളും മാനേജ്‌മെന്റും നിരന്തരം പറയുന്നുണ്ടെങ്കിലും വിമര്‍ശകര്‍ക്കുള്ള മറുപടിയെല്ലാം ഗ്രൗണ്ടില്‍ കാണിക്കുന്ന പ്രകൃതമാണ് ഇന്ത്യന്‍ സൂപ്പര്‍ താരം മഹേന്ദ്ര സിങ് ധോണിക്കുള്ളത്. പരസ്യമായി പ്രസ്താവനകളോ ഒന്നും ധോണി നടത്താറില്ല. ബാറ്റു കൊണ്ടു വിക്കറ്റിന് പിന്നില്‍ നിന്നും മികവ് തെളിയിച്ചാണ് വിമര്‍ശകരുടെ വായ ധോണി അടപ്പിക്കാറുള്ളത്.

ഒരു മത്സരത്തില്‍ ഫോം കണ്ടെത്താനായില്ലെങ്കില്‍ വാളെടുത്ത് ധോണിക്കെതിരേ വരുന്നവര്‍ക്കുള്ള വ്യക്തമായ ഉത്തരമാണ് ഇക്കഴിഞ്ഞ ശ്രീലങ്കയുമായുള്ള ട്വന്റി20 മത്സരങ്ങളില്‍ ധോണി നല്‍കിയത്. കട്ടക്കില്‍ നടന്ന മത്സരത്തില്‍ 93 റണ്‍സിന് ജയിച്ച ഇന്ത്യന്‍ ടീമില്‍ നിര്‍ണായകമായ പ്രകടനമാണ് ധോണി നടത്തിയത്. അതിന് പുറമെ, 36ാം വയസില്‍ താന്‍ ഈ ടീമില്‍ തുടരുന്നതിന്റെ കാരണവും ധോണി വ്യക്തമാക്കി.

റെക്കോഡുകള്‍ ധോണിക്ക് പുത്തരിയല്ല. വിക്കറ്റിന് പിന്നിലും മുന്നിലും തകര്‍പ്പന്‍ പ്രകടനത്തിലൂടെ കട്ടക്ക് ടി-20യില്‍ ഇന്ത്യയ്ക്ക് വിജയം നേടിക്കൊടുത്ത ധോണിയ്ക്ക് ഇത്തവണയും സ്വന്തം പേരിലൊരു റെക്കോഡ് നേടാനായി. ടി-20യില്‍ ഏറ്റവും കൂടുതല്‍ പുറത്താക്കലുകള്‍ നടത്തിയ വിക്കറ്റ് കീപ്പര്‍ എന്ന നേട്ടമാണ് ധോണി സ്വന്തമാക്കിയത്.

ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തില്‍ രണ്ടും ക്യാച്ചും രണ്ടു സ്റ്റംപിങ്ങും ഉള്‍പ്പടെ നാലുപേരെ പുറത്താക്കിയാണ് ധോണി റെക്കോഡ് ബുക്കില്‍ ഇടംപിടിച്ചത്. രാജ്യാന്തര ടി-20യില്‍ 74 പേരെ പുറത്താക്കിയാണ് ധോണി പുതിയ റെക്കോഡ് സ്വന്തമാക്കിയത്. ഇതോടെ ദക്ഷിണാഫ്രിക്കയുടെ സൂപ്പര്‍ താരം എ.ബി.ഡിവില്ലിയേഴ്‌സിന്റെ റെക്കോഡ് തകര്‍ക്കാനും ധോണിക്കു കഴിഞ്ഞു.

ടി-20 ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ഏറ്റവുമധികം ക്യാച്ചുകളെടുത്ത റെക്കോര്‍ഡില്‍ കുമാര്‍ സംഗക്കാരയ്‌ക്കൊപ്പമെത്തുകയും ചെയ്തു ധോണി. 133 ക്യാച്ചുകളാണ് ഇരുവരുമെടുത്തിരിക്കുന്നത്. ടി-20 യിലെ മറ്റൊരു റെക്കോഡും ധോണി സ്വന്തമാക്കി. 200 ബാറ്റ്‌സമാന്‍മാരെ പുറത്താക്കുന്ന രണ്ടാമത്തെ താരമായിമാറി ധോണി. 207 ബാറ്റ്‌സമാന്‍മാരെ പുറത്താക്കിയ പാക്കിസ്ഥാന്റെ കമ്രാന്‍ അക്മലാണ് റെക്കോഡില്‍ മുന്നില്‍.

ഒരു ട്വന്റി20 മത്സരത്തില്‍ 35 റണ്‍സിന് മുകളില്‍ സ്‌കോര്‍ ചെയ്യുകയും നാല് പേരെ പുറത്താക്കുകയും ചെയ്യുന്ന ആദ്യ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ എന്ന റെക്കോര്‍ഡും ധോണി സ്വന്തം പേരിലാക്കി. ദക്ഷിണാഫ്രിക്കയുടെ ഡി കോക്ക്, പാക്കിസ്ഥാന്റെ കമ്രാന്‍ അക്മല്‍ എന്നിവര്‍ക്കൊപ്പമെത്താനും ധോണിക്കു ഇതിലൂടെ സാധിച്ചു.

അതേസമയം, ശ്രീലങ്കയുമായുള്ള ഇന്ത്യയുടെ മത്സരങ്ങളില്‍ നാല് ഔട്ടുകളൊരുക്കിയ ആദ്യ വിക്കറ്റ് കീപ്പറും ക്യാപ്റ്റന്‍ കൂളിന്റെ പേരിലായി.