ഇന്ത്യ- ദക്ഷിണാഫ്രിക്ക പരമ്പര സംബന്ധിച്ച് നിര്‍ണായക പ്രഖ്യാപനം

ഇന്ത്യ- ദക്ഷിണാഫ്രിക്ക ക്രിക്കറ്റ് പരമ്പരയിലെ മുഴുവന്‍ മത്സരങ്ങളും അടച്ചിട്ട സ്റ്റേഡിയത്തില്‍ നടത്തും. ബിസിസിഐയും ക്രിക്കറ്റ് ദക്ഷിണാഫ്രിക്കയും ഐകകണ്‌ഠേനയാണ് തീരുമാനമെടുത്തത്. മൂന്ന് ടെസ്റ്റുകളും അത്ര തന്നെ ഏകദിനങ്ങളുമാണ് പരമ്പരയിലുള്ളത്.

കളിക്കാരുടെ സുരക്ഷക്കായും ബയോബബിള്‍ സംവിധാനം കാത്തു സൂക്ഷി ക്കുന്നതിനും വേണ്ടിയാണ് പരമ്പരയില്‍ പൂര്‍ണമായും കാണികളെ ഒഴിവാക്കാന്‍ തീരുമാനിച്ചത്. കോവിഡിന്റെ പുതിയ വകഭേദമായ ഒമൈക്രോണ്‍ പൊട്ടിപ്പുറപ്പെട്ടത് ദക്ഷിണാഫ്രിക്കയിലാണ്. ഈ സാഹചര്യത്തില്‍ പരമ്പര പ്രതിസന്ധിയിലാകുന്ന സ്ഥിതി വരെ സംജാതമായിരുന്നു.

തുടര്‍ച്ചയായ രണ്ടാം വേനല്‍ സീസണിലാണ് ദക്ഷിണാഫ്രിക്കയിലെ ക്രിക്കറ്റ് പ്രേമികള്‍ക്ക് ഗാലറി നഷ്ടമാകുന്നത്. 2020-21 സീസണില്‍ പാകിസ്ഥാനുമായും ശ്രീലങ്കയുമായുള്ള പരമ്പരകളിലും കാണികളെ ഒഴിവാക്കിയിരുന്നു. കഴിഞ്ഞ മാസം നെതര്‍ലന്‍ഡ്‌സിനെതിരായ പരമ്പരയില്‍ ആരാധകര്‍ക്ക് ഗാലറിയില്‍ പ്രവേശനം നല്‍കിയെങ്കിലും ഒരു മത്സരം മാത്രമേ കളിച്ചിരുന്നുള്ളൂ.