തീരുമാനം മാറ്റി കമ്മിന്‍സ്, 37 ലക്ഷം പി.എം കെയേഴ്‌സ് ഫണ്ടിലേക്ക് നല്‍കില്ല

ഇന്ത്യയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി പാറ്റ് കമ്മിന്‍സ് പ്രഖ്യാപിച്ച 37 ലക്ഷം രൂപ പി.എം കെയറിലേക്ക് നല്‍കില്ല. താന്‍ പറഞ്ഞ തുക യുനിസെഫ് ഓസ്ട്രേലിയയിലൂടെയാകും ഇന്ത്യയില്‍ ചെലവഴിക്കുകയെന്ന് കമ്മിന്‍സ് ട്വിറ്ററിലൂടെ അറിയിച്ചു.

ഇന്ത്യയെ സഹായിക്കാനായി യുനിസെഫ് ഓസ്ട്രേലിയക്ക് പണം നല്‍കണമെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പാറ്റ് കമ്മിന്‍സ് തന്റെ തീരുമാനം മാറ്റിയത്. ക്രിക്കറ്റ് ഓസ്ട്രേലിയ പാങ്കുവെച്ചത് വളരെ വലിയ ഒരു ആശയമാണെന്ന കമ്മിന്‍സ് ട്വീറ്റില്‍ പറഞ്ഞു.

പി.എം കെയേഴ്‌സ് ഫണ്ടിലേക്ക് ഓക്സിജന്‍ ഉപകരണങ്ങള്‍ വാങ്ങാന്‍ തുക നല്‍കുമെന്നായിരുന്നു കമ്മിന്‍സ് നേരത്തെ അറിയിച്ചത്. ഇന്ത്യയ്ക്ക് സഹായം പ്രഖ്യാപിച്ച ആദ്യ ക്രിക്കറ്റ് താരം കമ്മിന്‍സായിരുന്നു. പിന്നാലെ ബ്രെറ്റ് ലീയും ഇന്ത്യയ്ക്ക് സഹായം പ്രഖ്യാപിച്ചിരുന്നു.

കഴിഞ്ഞ സീസണിലെ താരലേലത്തില്‍ 15.5 കോടി രൂപയ്ക്ക് കൊല്‍ക്കത്ത വാങ്ങിയ താരമാണ് കമ്മിന്‍സ്. ബാറ്റിംഗിലും ബോളിംഗിലും സംഭാവന നല്‍കുന്ന താരത്തെ കൊല്‍ക്കത്ത ഇത്തവണയും നിലനിര്‍ത്തുകയായിരുന്നു.