ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചതോടെ ഇനി ഏകദിന ക്രിക്കറ്റില്‍ മാത്രമായിരിക്കും വിരാട് കോഹ്‌ലി-രോഹിത് ശര്‍മ്മ കൂട്ടുകെട്ടിനെ ആരാധകര്‍ക്ക് കാണാന്‍ കഴിയുക. ടി20 ലോകകപ്പ് നേട്ടത്തിന് പിന്നാലെ ആ ഫോര്‍മാറ്റും ഇരുവരും മതിയാക്കിയിരുന്നു. ഇനി അന്താരാഷ്ട്ര ക്രിക്കറ്റില്‍ കോഹ്‌ലിയും രോഹിതും കളിക്കുന്നത് കാണണമെങ്കില്‍ ക്രിക്കറ്റ് പ്രേമികള്‍ ഏറെനാള്‍ കാത്തിരിക്കേണ്ടി വരും. അതേസമയം വിരാട് കോഹ്‌ലി എന്തായാലും 2027 ഏകദിന ലോകകപ്പ് കളിക്കുമെന്ന് പറയുകയാണ് ബാല്യകാല കോച്ച് രാജ്കുമാര്‍ ശര്‍മ്മ. ഇന്ത്യക്ക് വേണ്ടി കോഹ്‌ലി ഏകദിന ലോകകപ്പ് കിരീടം നേടുമെന്നും അദ്ദേഹം പറയുന്നു.
ഇന്ത്യന്‍ ക്രിക്കറ്റിനായി കോഹ്ലി നല്‍കിയ സംഭാവനകളില്‍ ഞാന്‍ അദ്ദേഹത്തെ സല്യൂട്ട് ചെയ്യുന്നെന്നും കോച്ച് പറഞ്ഞു. യുവതാരങ്ങള്‍ക്കെല്ലാം ഒരു മാതൃകയായി മാറിയതിലും താന്‍ അഭിമാനിക്കുന്നെന്നും അദ്ദേഹം പറയുന്നു. ‘ഇന്ത്യന്‍ ക്രിക്കറ്റിന് അദ്ദേഹം നല്‍കിയ മഹത്തായ സംഭാവനകള്‍ക്ക് ഞാന്‍ അദ്ദേഹത്തെ അഭിവാദ്യം ചെയ്യുന്നു, ഒരു പരിശീലകനെന്ന നിലയില്‍, രാജ്യത്തിനായി അദ്ദേഹം ചെയ്ത കാര്യങ്ങളിലും യുവാക്കള്‍ക്ക് അദ്ദേഹം നല്‍കിയ മാതൃകയിലും ഞാന്‍ അദ്ദേഹത്തില്‍ അഭിമാനിക്കുന്നു”.
ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരാട് വിരമിച്ചത് തന്നെ അല്‍പം ഇമോഷണലാക്കിയെന്നും ഈ ഫോര്‍മാറ്റില്‍ ഇനി അവനെ കാണില്ലായെന്നത് വിഷമമുണ്ടാക്കിയെന്നും അദ്ദേഹം പറഞ്ഞു. ‘രാജ്യത്തിനു വേണ്ടി അദ്ദേഹത്തെ വീണ്ടും വെള്ള വസ്ത്രത്തില്‍ കാണാന്‍ കഴിയാത്തത് വേദനാജനകമാണ്. ഞാന്‍ അദ്ദേഹത്തിന്റെ തീരുമാനത്തെ അഭിനന്ദിക്കുന്നു, പിന്തുണയ്ക്കുന്നു… 2027 ലെ ഏകദിന ലോകകപ്പ് ഇന്ത്യയ്ക്കായി നേടാന്‍ അദ്ദേഹം ഒപ്പമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു, അദ്ദേഹം അതില്‍ 100 ശതമാനം പ്രതിജ്ഞാബദ്ധനായിരിക്കും, രാജ്കുമാര്‍ ശര്‍മ്മ പറഞ്ഞുനിര്‍ത്തി.