മുംബൈയുടെ അതെ ബുദ്ധി പരീക്ഷിക്കാൻ ചെന്നൈയും, ആരാധകർ നിരാശയിൽ; സംഭവം ഇങ്ങനെ

ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്ന് വലിയ ആവേശം പ്രതീക്ഷിക്കുന്ന സതേൺ ഡെർബിയിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ (ആർ‌സി‌ബി) രോഹിത് ശർമ്മയെപ്പോലെ, ചെന്നൈ സൂപ്പർ കിംഗ്‌സ് ക്യാപ്റ്റൻ എം എസ് ധോണിയും ഇംപാക്ട് പ്ലെയറായി വന്നേക്കാം എന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. കാൽമുട്ടിന് പ്രശ്‌നങ്ങൾ നേരിടുന്ന ധോണിക്ക് ഇന്നിംഗ്‌സിന്റെ ഫിനിഷിംഗ് ഘട്ടങ്ങളിൽ മാത്രമേ ബാറ്റ് ചെയ്യാൻ കഴിയൂ എന്നതിനാലാണ് ഇത്തരത്തിൽ ഒരു തീരുമാനം ടീം എടുക്കുന്നത് . ബെൻ സ്റ്റോക്സ് ഇന്നും കളിക്കാൻ സാദ്ധ്യതയില്ലാത്തതിനാൽ തന്നെ ജഡേജ ആയിരിക്കും ടീമിനെ നയിക്കുക.

ധോണിയുടെ അഭാവത്തിൽ അമ്പാട്ടി റായിഡുവിനോ ഡെവോൺ കോൺവെയോ വിക്കറ്റ് കീപ്പർ ആയേക്കാം. എം ചിന്നസ്വാമി സ്‌റ്റേഡിയത്തിൽ ധോണി വെടിക്കെട്ട് പ്രകടനങ്ങൾ ധാരാളം പുറത്തെടുത്ത വേദിയാണ്. അതുകൊണ്ട് തന്നെ ഇഷ്ടവേദിയിൽ ബാറ്റ് ചെയ്യാൻ കിട്ടുന്ന ഒരുപക്ഷെ അവസാന അവസരം ധോണി നല്ല രീതിയിൽ ഉപയോഗിച്ചേക്കാം.

ആർസിബിക്കെതിരായ ടീമിനെ ധോണി നയിക്കുമെന്ന് സിഎസ്‌കെ സിഇഒ കാശി വിശ്വനാഥൻ ശുഭാപ്തി വിശ്വാസത്തിലാണ്. “അവൻ കളി നഷ്ടപ്പെടുത്തുമെന്ന് ഞാൻ കരുതുന്നില്ല, പക്ഷേ നമുക്ക് നാളെ വൈകുന്നേരം വരെ കാത്തിരുന്ന് കാണണം,” അദ്ദേഹം പിടിഐയോട് പറഞ്ഞു. ആർആർആറിനെതിരായ അവസാന മത്സരത്തിൽ സിഎസ്‌കെ തോറ്റതിന് പിന്നാലെ ധോണി കളിക്കളം വിട്ടത് മുടന്തി ആയിരുന്നു. എന്തായാലും താരം കളത്തിൽ ഇറങ്ങുമെന്ന് ആരാധകർ പ്രതീക്ഷിക്കുന്നു.