ഐപിഎല്‍ ചരിത്രത്തില്‍ ഏറ്റവും മികച്ച റെക്കോഡുള്ള ടീമാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ്. എം.എസ്. ധോണി നയിക്കുന്ന സൂപ്പര്‍ കിംഗ്‌സിന്റെ ഒമ്പതാം ഫൈനലാണ് നാളെത്തേത്. എന്നാല്‍ കലാശപ്പോരില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നേരിടുമ്പോള്‍ സൂപ്പര്‍ കിംഗ്‌സ് കരുതിക്കളിക്കേണ്ടിവരും. ഐപിഎല്‍ ഫൈനലില്‍ തോല്‍വി വഴങ്ങിയിട്ടില്ലാത്ത ടീമാണ് നൈറ്റ് റൈഡേഴ്‌സ്.
ഏഴ് വര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ടൂര്‍ണമെന്റിന്റെ ഫൈനലില്‍ കടക്കുന്നത്. ഇതിന് മുന്‍പ് 2012, 2014 വര്‍ഷങ്ങളില്‍ കൊല്‍ക്കത്ത ഫൈനല്‍ കളിച്ചു. രണ്ടുവട്ടവും അവര്‍ ജേതാക്കളായി. 2012ലെ ആദ്യ കിരീട നേട്ടത്തില്‍ കൊല്‍ക്കത്ത വീഴ്ത്തിയത് ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ. അതും ധോണിപ്പടയുടെ മനസിലുണ്ടാവും.
2012 ഐപിഎല്ലിന്റെ കലാശപ്പോരില്‍ സുരേഷ് റെയ്‌നയുടെയും (73) മൈക്ക് ഹസിയുടെയും (54) മുരളി വിജയ്‌യുടെയും (42) മികവില്‍ 190/3 എന്ന ഉശിരന്‍ സ്‌കോറാണ് സൂപ്പര്‍ കിംഗ്‌സ് പടുത്തുയര്‍ത്തിയത്. എതിര്‍ നിരയിലെ പ്രമുഖരായ ഗൗതം ഗംഭീര്‍, യൂസഫ് പഠാന്‍ എന്നിവരെ രണ്ടക്കം കാണിക്കാതിരിക്കാനും സൂപ്പര്‍ കിഗ്‌സിന് കഴിഞ്ഞു. പക്ഷേ, മന്‍വീന്ദര്‍ ബിസ്ലയുടെയും (89) ജാക്വസ് കാലിസിന്റെയും (69) ബലത്തില്‍ തിരിച്ചടിച്ച കൊല്‍ക്കത്ത രണ്ട് പന്തുകള്‍ ബാക്കിവച്ച് അഞ്ച് വിക്കറ്റ് വിജയവുമായി കന്നി ഐപിഎല്‍ ട്രോഫി ഷെല്‍ഫിലെത്തിച്ചു.
ഐപിഎല്‍ ഫൈനലില്‍ എട്ടു തവണ കളിച്ച സൂപ്പര്‍ കിംഗ്‌സിന് അഞ്ചു പ്രാവശ്യവും പരാജയം രുചിക്കാനായിരുന്നു വിധി. കൊല്‍ക്കത്തയ്ക്കു പുറമെ രാജസ്ഥന്‍ റോയല്‍സ് (2008), മുംബൈ ഇന്ത്യന്‍സ് (2013, 2015, 2019) എന്നീ ടീമുകളും ഫൈനലില്‍ സൂപ്പര്‍ കിംഗ്‌സിനെ മുട്ടുകുത്തിച്ചിരുന്നു. ഈ കണക്കുകളും കൊല്‍ക്കത്തയെ നേരിടുമ്പോള്‍ സൂപ്പര്‍ കിംഗ്‌സിനെ ആശങ്കപ്പെടുത്തുമെന്ന് കരുതപ്പെടുന്നു.