ഈ മാസം നടക്കാൻ പോകുന്ന ചാമ്പ്യൻസ് ട്രോഫിക്കായി ഇന്ത്യൻ ടീം തയ്യാറായി കഴിഞ്ഞു. കഴിഞ്ഞ വർഷം നേടിയെടുത്ത ടി-20 ലോകകപ്പ് പോലെ ഈ വർഷത്തെ ചാമ്പ്യൻസ് ട്രോഫിയും നേടിയെടുക്കും എന്ന പ്രതീക്ഷയിലാണ് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ. ഇപ്പോൾ കഴിഞ്ഞ ബോർഡർ ഗവാസ്കർ ട്രോഫിയിൽ ഇന്ത്യ പരാജയപ്പെട്ടതോടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ നിന്ന് ടീം പുറത്തായിരുന്നു. അതിന്റെ ക്ഷീണം മാറ്റാൻ ഇന്ത്യക്ക് ഈ ടൂർണമെന്റിൽ കപ്പ് ജേതാക്കളായെ തീരു.
2017 ഇൽ നടന്ന ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ ഇന്ത്യയെ പരാജയപ്പെടുത്തി ചാമ്പ്യന്മാരായത് പാകിസ്ഥാനായിരുന്നു. അത് കൊണ്ട് ഇത്തവണ ഇന്ത്യക്ക് ഈ ടൂർണമെന്റ് ഒരു പകരം വീട്ടൽ കൂടിയാണ്. ഇന്ത്യയെ തോല്പിക്കുന്നതിനേക്കാൾ പ്രധാനം സ്വന്തം മണ്ണിൽ കപ്പ് ജേതാക്കളാകുന്നതാണെന്ന് തുറന്ന് പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് പാകിസ്ഥാൻ ഉപനായകൻ സൽമാൻ അലി ആഗ.
സൽമാൻ അലി ആഗ പറയുന്നത് ഇങ്ങനെ:
” ചാംപ്യൻസ് ട്രോഫിക്ക് പാകിസ്താൻ വേദിയാകുന്നതിൽ ഏറെ ആവേശമുണ്ട്. സ്വന്തം മണ്ണിൽ ചാംപ്യൻസ് ട്രോഫി കിരീടം ഉയർത്താൻ സാധിക്കുകയെന്നത് ഏറെ സന്തോഷകരമായ കാര്യമാണ്. കിരീടം നേടാനുള്ള കരുത്ത് പാകിസ്താൻ ടീമിനുണ്ട്” സൽമാൻ അലി ആഗ പറഞ്ഞു.
ഫെബ്രുവരി 20 ന് ബംഗ്ലാദേശിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ഇന്ത്യൻ ടീമിൽ ജസ്പ്രീത് ബുംറ പുറത്തായതോടെ ഇത്തവണത്തെ കിരീടം നേടാൻ സാധിക്കില്ല എന്നാണ് ആരാധകരുടെ വിലയിരുത്തൽ. അത് കൊണ്ട് തന്നെ പരിശീലകനായ ഗൗതം ഗംഭീറിനും, ക്യാപ്റ്റൻ രോഹിത് ശർമയ്ക്കും ഈ ടൂർണമെന്റ് നിർണായകമാണ്.